ന്യൂഡൽഹി: വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ് രക്ഷപ്പെട്ടതിൽ സർക്കാരിനെ വിമർശിച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ഇന്റലിജൻസ് പരാജയമാണ് രക്ഷപ്പെടലിന് ഇടയാക്കിയത്. നിങ്ങൾക്ക് 80,000 പൊലീസുകാരുണ്ട്, അമൃത്പാലിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് അമൃത്പാൽ ഒഴികെയുള്ള എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി കോടതിയെ അറിയിച്ച പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ വിനോദ് ഘായിയോട് ബെഞ്ച് ചോദിച്ചു.
‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ് പഞ്ചാബിലെ അതിര്‍ത്തി കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്), ശാസ്ത്ര സീമ ബല് (എസ്എസ്ബി) മേധാവികളോട് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആവശ്യപ്പെട്ടു. പഞ്ചാബിലെ രാജ്യാന്തര അതിര്‍ത്തിയിലൂടെയോ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെയോ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ബിഎസ്എഫിന്റെയും എസ്എസ്ബിയുടെയും എല്ലാ യൂണിറ്റുകളിലേക്കും തലപ്പാവ് ധരിച്ചതും അല്ലാതെയുമുള്ള അമൃത്പാലിന്റെ രണ്ട് ചിത്രങ്ങള്‍ സഹിതം സന്ദേശം അയച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. പഞ്ചാബിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോ രാജ്യാന്തര അതിര്‍ത്തിയോ കടന്ന് പോകാന്‍ സാധ്യതയുണ്ട്. ജാഗ്രത പാലിക്കാനും അതിര്‍ത്തി പോസ്റ്റുകളില്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കാന് ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥന് പറഞ്ഞു.
ബതിന്ദയിലേക്കുള്ള യാത്രയ്ക്കിടെയാണ് അമൃത് പാലിനെ പൊലീസ് സംഘം പിന്തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. രാവിലെ 11.30 ഓടെ ജലന്ധർ-മോഗ റോഡിൽവച്ച് ഇയാളുടെ വാഹനം തടഞ്ഞു. പൊലീസ് തന്റെ വാഹനം പിന്തുടരുന്നത് മനസിലാക്കിയ അമൃത്പാൽ അവിടെനിന്നും രക്ഷപ്പെട്ടു. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ ഇയാളുടെ കൂട്ടാളികളായ 78 പേരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.