ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മതപരമായ അധിക്ഷേപവുമായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഡ്‌ഗെ. മുസ്‌ലിം പിതാവിന്റെയും ക്രിസ്ത്യന്‍ മാതാവിന്റേയും മകനായ ഒരാള്‍ എങ്ങനെ ‘ഗാന്ധി’ ആകുമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. അടുത്തിടെ ബാലാക്കോട്ട് വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് രാഹുല്‍ ഗാന്ധി തെളിവ് ചോദിച്ചത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.

‘പാക്കിസ്ഥാനില്‍ നമ്മുടെ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് രാഹുല്‍ ഗാന്ധി തെളിവ് ചോദിച്ചു. പക്ഷെ, ഞാന്‍ ചോദിക്കുന്നു, അദ്ദേഹം ഒരു ഹിന്ദു ആണെന്നതിന് എന്താണ് തെളിവ്? മുസ്‌ലിം പിതാവിനും ക്രിസ്ത്യന്‍ മാതാവിനും ജനിച്ച ഒരാള്‍ എങ്ങനെ ഗാന്ധി ആകും? ഒരു ബ്രാഹ്മണന്‍? അദ്ദേഹം അതിന് ഡിഎന്‍എ തെളിവായി നല്‍കുമോ?’

‘രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍, തിരിച്ചറിയാനായി അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഡിഎന്‍എ ആവശ്യമായിരുന്നു. രാഹുലിന്റെ ഡിഎന്‍എയുടെ സാമ്പിള്‍ ചോദിച്ചപ്പോള്‍ തരാന്‍ സോണിയ ഗാന്ധി വിസമ്മതിച്ചു. പകരം പ്രിയങ്കയുടെ ഡിഎന്‍എ സാമ്പിള്‍ എടുത്തുകൊള്ളാന്‍ അവര്‍ പറഞ്ഞു. ഇതൊരു തമാശയല്ല. റെക്കോര്‍ഡുകളില്‍ എനിക്കിത് കാണിക്കാന്‍ സാധിക്കും.’

ആദ്യമായല്ല അനന്ത് കുമാര്‍ ഹെഡ്‌ഗെ രാഹുല്‍ ഗാന്ധിക്കെതിരെ ഇത്തരം ആക്രമണം നടത്തുന്നത്. മുമ്പും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഒരു ‘സങ്കര ഇനം’ ആണെന്നും ലോകത്തെ ഒരു ലബോറട്ടറിയിലും അത്തരത്തില്‍ ഒന്ന് കാണാന്‍ സാധിക്കില്ലെന്നും അനന്ത് കുമാര്‍ ഹെഡ്‌ഗെ പറഞ്ഞിരുന്നു.

Read: രാഹുൽ ഗാന്ധി മുസ്‌ലിം പിതാവിനും ക്രിസ്ത്യൻ മാതാവിനുമുണ്ടായ ‘സങ്കരയിനം’: കേന്ദ്രമന്ത്രി

‘രാഹുല്‍ ഗാന്ധിക്ക് ഈ രാജ്യത്തെ കുറിച്ച് അറിയില്ല. തന്റെ മതത്തെ കുറിച്ചു പോലും അറിയില്ല. നോക്കൂ എങ്ങനെയാണ് അവര്‍ നുണ പറയുന്നത് എന്ന്. മുസ്‌ലിമായ ഒരു പിതാവ്, ക്രിസ്ത്യാനിയായ ഒരു മാതാവ്. അവരുടെ മകന്‍ ഒരു ബ്രാഹ്മണനും. എങ്ങെയാണ് അത് സാധ്യമാകുക?’ ഹെഡ്‌ഗെ ചോദിച്ചു.

മുസ്‌ലിങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും ഭരണഘടനയ്ക്കെതിരെയും പ്രസ്താവന നടത്താറുള്ള നേതാവാണ് ഹെഗ്ഡെ. ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈവെട്ടണമെന്ന് ഹെഡ്ഗെ നേരത്തെ പ്രസ്താവന നടത്തിയിട്ടുണ്ട്. താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ശിവ ക്ഷേത്രമായിരുന്നെന്നും അതിന്റെ പേര് ‘തേജോ മഹാല്യ’ എന്നായിരുന്നെന്നും അനന്ത് കുമാര്‍ പറഞ്ഞിരുന്നു. ‘മതേതരം’ എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഉടന്‍ തന്നെ ഭരണഘടന തിരുത്തുമെന്ന് 2017ല്‍ ആനന്ദ് ഹെഗ്‌ഡെ പറഞ്ഞത് വിവാദമായിരുന്നു.

തുടര്‍ച്ചയായി വര്‍ഗീയതയും സ്ത്രീവിരുദ്ധതയും പ്രസംഗിക്കുന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ഇന്ത്യയുടെ തോല്‍വിയാണെന്നും കേന്ദ്രമന്ത്രിയായി തുടരാന്‍ യോഗ്യതയില്ലാത്ത അയാളെ പുറത്താക്കണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. മന്ത്രിയുടെ ഭാഷ നിയന്ത്രിക്കണമെന്ന് ബിജെപി സഖ്യകക്ഷിയായ ജെഡിയുവും ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook