എന്താണ് നിങ്ങളുടെ (JEE) റാങ്ക്?
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച എഞ്ചിനീയറിങ് കോളജുകളായ ഐഐടികളിലെത്തിയാല്‍ ആദ്യത്തെ ക്ലാസിന് മുന്‍പ്, കന്റീനിലിരുന്ന് ആദ്യത്തെ കപ്പ് കാപ്പി കുടിക്കുന്നതിന് മുന്‍പ് കൈ നീട്ടി പരസ്പരം പരിചയപ്പെടുമ്പോള്‍ ആദ്യം നേരിടേണ്ടിവരുന്ന ചോദ്യമാണ് റാങ്കെത്രെയാണ് എന്നത്. സംവരണ വിഭാഗത്തില്‍പ്പെട്ട പല കുട്ടികള്‍ക്കും ആദ്യ പരിചയപ്പെടലില്‍ തന്നെ ‘നിന്റെ ജാതി ഏതാണെന്ന’ നിരുപദ്രവകരമെന്ന് തോന്നിപ്പിക്കുന്ന ചോദ്യമാകും നേരിടേണ്ടി വരിക.
ഐഐടി ബോംബെയെ പിടിച്ചുലച്ച ആത്മഹത്യയായിരുന്നു പതിനെട്ടുകാരനായ ദലിത് വിദ്യാര്‍ഥി ദര്‍ശന്‍ സോളങ്കിയുടേത്. ഇതേത്തുടര്‍ന്ന് മരണത്തിന് കാരണമായ സാഹചര്യങ്ങള്‍ കണ്ടെത്താന്‍ ഐഐടി പന്ത്രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ജാതീയമായ വിവേചനങ്ങളൊന്നും പ്രകടമായി കണ്ടെത്താനായില്ലെന്നും പഠനത്തില്‍ പിന്നാക്കം പോയതാണ് മരണകാരണമെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തല്‍.
ആത്മാഭിമാനം ഇടിച്ചുകളയുന്നതില്‍ തുടങ്ങി മോശം അക്കാദമിക് നിലവാരത്തിലേക്ക് എത്തിക്കുന്നതില്‍ വരെ, ക്യാംപസിലെ ആദ്യകാല ഇടപെടലുകളില്‍ ജാതി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഐഐടികളിലെ വിദ്യാര്‍ഥികളും ഫാക്കൽറ്റി അംഗങ്ങൾമായി ഇന്ത്യന്‍ എക്സ്‌പ്രസ് നടത്തിയ സംഭാഷണങ്ങളില്‍ വ്യക്തമായി.
സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് പിറ്റേന്ന്, ഫെബ്രുവരി 12 ഞായറാഴ്ചയാണ് താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് ദര്‍ശന്‍ ചാടിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ തള്ളി മാര്‍ച്ച് 24 ന് ദര്‍ശന്റെ അച്ഛന്‍ രമേശ്ബായ് സോളങ്കി ഐഐടി ഡയറക്ടര്‍ക്ക് ഇങ്ങനെ എഴുതി: “എന്റെ മകന്റെ മരണത്തിന് ഉത്തരവാദി അവന്‍ തന്നെയാണെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. എസ് സി/എസ് ടി വിഭാഗങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് സുരക്ഷിതവും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്ന സ്ഥാപനം അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും അവരെ തന്നെ കുറ്റപ്പെടുത്തുന്നത് എന്ത് തരം സ്ഥാപനമായിട്ടാണ്?
“ജെ ഇ ഇ (JEE) യ്ക്ക് തയ്യാറെടുക്കുമ്പോള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ് ‘അഡ്മിഷന്‍ കിട്ടിയാല്‍ ജീവിതം രക്ഷപെട്ടു,’ അതുകൊണ്ട് ഇവിടെ എത്തിയാല്‍ പിന്നെ എന്‍ട്രന്‍സിന് തയ്യാറെടുത്തിരുന്ന കാലത്ത് (JEE) മാറ്റിവച്ചിരുന്ന പഠനേതര പ്രവര്‍ത്തനങ്ങളെല്ലാം നമ്മള്‍ പൊടിതട്ടിയെടുക്കും, എല്ലാം ചെയ്യും. പഠനത്തിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങിയെത്താന്‍, ആ സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ കുറച്ച് സമയമെടുക്കുമെന്ന്,” സംവരണ വിഭാഗത്തില്‍ ഐഐടിയില്‍ പ്രവേശനം ലഭിച്ച രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി പറയുന്നു. ഒന്നാം വര്‍ഷം കടന്നു കിട്ടാന്‍, മികച്ച മാര്‍ക്ക് നേടാനൊക്കെ മിക്ക കുട്ടികള്‍ക്കും പ്രയാസമായിരിക്കും. പ്രത്യേകിച്ച് ഇംഗ്ലീഷില്‍ അത്ര മികവില്ലാത്തവരും മറ്റ് പഠനസൗകര്യങ്ങള്‍ ലഭ്യമല്ലാത്തവരുമായതിനാല്‍ തന്നെ സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ നിന്നെത്തിയ, സംവരണ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മറ്റുള്ളവരെക്കാള്‍ പ്രയാസമേറും.
സംവരണ വിഭാഗത്തില്‍ പ്രവേശനം നേടിയ അവസാന വര്‍ഷ വിദ്യാര്‍ഥികളിലൊരാള്‍ പറയുന്നത് ഇങ്ങനെയാണ്: “ഞാന്‍ ഗ്രാമപ്രദേശത്തിലെ ഒരു ഹിന്ദി മീഡിയം സ്കൂളിൽ പഠിച്ച് വന്നയാളാണ്. JEE (എന്‍ട്രന്‍സ്) പരീക്ഷ വരെ ഞാന്‍ ഹിന്ദിയിലാണ് എഴുതിയത്. പക്ഷേ ഇവിടെ പഠന മാധ്യമം ഇംഗ്ലീഷാണ്. ഇംഗ്ലീഷില്‍ പ്രത്യേക പരിശീലനം ലഭിക്കുന്നുണ്ടെങ്കിലും പലപ്പോഴും പഠനം അസാധ്യമെന്ന് വരെ തോന്നിപ്പിക്കുന്നത്രയും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍ ‘ പൊട്ടന്‍ഷ്യല്‍ എനര്‍ജിയെ’ (സ്ഥിതികോര്‍ജം) കുറിച്ച് അധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ അത് ‘സ്ഥിതി ഊര്‍ജ’ ആണെന്ന് തിരിച്ചറിയുന്നത് വരെ ഒന്നും മനസിലാകാത്ത അവസ്ഥയിലാണ് ഞാനിരുന്നത്. ഇംഗ്ലീഷില്‍ ഉത്തരം പറയാനാവില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ഒരു വിഷയത്തിന്റെ വൈവ ഞാന്‍ പൂര്‍ണമായും ഒഴിവാക്കി. പ്രൊഫസര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ നിര്‍ബന്ധിക്കും. എന്റെ സഹപാഠികള്‍ക്ക് മുന്നില്‍ വച്ച് അപമാനിതനാകാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.”
തുടക്കത്തില്‍ തന്നെയുണ്ടാകുന്ന ഈ തിരിച്ചടി അവരില്‍ ഏറ്റവും മികച്ചവരെപ്പോലും പിന്നോട്ട് വലിക്കുകയും ആ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാന്‍ പിന്നീട് കഠിന പ്രയ്തനം തന്നെ ആവശ്യമായി വരികയും ചെയ്യുന്നുവെന്ന് അവന്റെ സഹപാഠികളിലൊരാള്‍ പറഞ്ഞു. “സ്കൂള്‍ കാലഘട്ടത്തില്‍ മുഴുവന്‍ ഞാനായിരുന്നു ക്ലാസിലെ ഒന്നാമന്‍. പക്ഷേ ഐഐടിയിലെത്തിയപ്പോള്‍ ഏറ്റവും പിന്നിലുള്ളവരുടെ കൂട്ടത്തിലായി. അത് എന്നെ കടുത്ത സമ്മര്‍ദത്തിലാക്കി, പ്രത്യേകിച്ചും വീട്ടുകാര്‍ക്ക് എന്നെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്, അവരെ നിരാശരാക്കുവാന്‍ ഞാനാഗ്രഹിച്ചിരുന്നില്ല,” മാത്രമല്ല, ‘പൊതു വിഭാഗത്തിലെ’ കുട്ടികളുമായി സൗഹൃദം സ്ഥാപിക്കാന്‍ താന്‍ “ബോധപൂര്‍വമായ ശ്രമം” നടത്തിയിരുന്നു വെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു.
ഐഐടിയിലെത്തുന്ന ആദ്യവര്‍ഷമാണ് ഏറ്റവും കഠനിമെന്ന് ഭൂരിപക്ഷം വിദ്യാര്‍ഥികളും സമ്മതിക്കുന്നു. “സംവരണം എന്തിനാണെന്ന് ചോദിക്കുന്നവരോട് , എന്തുകൊണ്ട് സംവരണം നല്‍കണമെന്നും എന്തുകൊണ്ട് സംവരണം ആവശ്യമാണെന്നും സംസാരിക്കാനുള്ള പ്രാപ്തി ഇന്നെനിക്കുണ്ടെ”ന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളിലൊരാൾ പറഞ്ഞു. “സംവരണത്തെ എതിര്‍ക്കുന്ന നിലപാട് നിരവധിപ്പേര്‍ക്ക് ഉണ്ടായേക്കാം. പക്ഷേ ക്യാംപസില്‍ നിങ്ങള്‍ പുതിയതായി എത്തുമ്പോള്‍, നിങ്ങള്‍ മിക്കവാറും പ്രതിരോധത്തിലായിരിക്കുമെന്നതിനാല്‍ തന്നെ ചിന്തകളെ കൂട്ടിയിണക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. പാഠ്യവിഷയങ്ങളുമായുള്ള മല്‍പ്പിടുത്തത്തിന് പുറമേയാണിത്. സ്കൂളിലും കോളജിലും ഒന്നാമതായിരുന്ന ഒരു ഒന്നാം വര്‍ഷക്കാരനായ സംവരണ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയെ സംബന്ധിച്ച്, ഫെയില്‍ ആന്‍ഡ് റിപീറ്റ് അഥവാ തോറ്റു വീണ്ടും പരീക്ഷ (എഫ് ആർ ഗ്രേഡ്) എഴുതേണ്ടി വരുന്ന നിലവാരത്തിലേക്ക് എത്തുന്നത് തകര്‍ത്ത് കളയുന്ന അനുഭവമാണ്.”
അടിക്കടിയുണ്ടായ തോല്‍വിയും വീണ്ടും പരീക്ഷ എഴുതലും (FR) അക്കാദമിക് നിലവാരത്തിലെ തകര്‍ച്ചയും ദര്‍ശനെ വളരെ മോശമായി ബാധിച്ചിരുന്നുവെന്നാണ് ഐഐടിയുടെ ആഭ്യന്തര സമിതി റിപ്പോര്‍ട്ട് പറയുന്നത്. ദര്‍ശന്‍ കെമിക്കല്‍ എഞ്ചിനീയറിങാണ് പഠിച്ചിരുന്നതെന്ന് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളിലൊരാള്‍ പറഞ്ഞു. “കെമിക്കല്‍ എഞ്ചിനീയറിങ് വിഭാഗം വിദ്യാര്‍ഥികള്‍ കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ മറ്റ് വിഭാഗങ്ങളിലുള്ളവര്‍ക്കൊപ്പമാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. JEE (എന്‍ട്രന്‍സ്)യില്‍ മിക്കവാറും ആദ്യ റാങ്ക് നേടിയവരാകും അവരില്‍ പലരും. അങ്ങനെയുള്ളവര്‍ക്കൊപ്പം താമസിക്കുന്നത് കുറഞ്ഞ മാര്‍ക്ക് കിട്ടുന്ന, അതേക്കുറിച്ച് ഉത്കണ്ഠാകുലനായ ഒരാള്‍ക്ക് അല്ലെങ്കില്‍, ദര്‍ശനെ പോലെ തോല്‍ക്കുകയും പരീക്ഷ വീണ്ടും എഴുതേണ്ടിയും കൂടി വന്നിട്ടുള്ള ഒരാള്‍ക്ക് അല്‍പം കഠിനമാണ്. കടുത്ത സമ്മദര്‍ത്തിലാകുമെന്നത് തീര്‍ച്ചയാണ്.”
റാങ്കിന്റെ അടിസ്ഥാനത്തില്‍ മുറികള്‍ നിശ്ചയിക്കുന്നത് പല വിദ്യാര്‍ഥികളും ചോദ്യം ചെയ്തതോടെ ഹോസ്റ്റല്‍ പ്രവേശന രീതി ഐഐടി ബോംബെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാറ്റി. ഇപ്പോള്‍ പൊതു വിഭാഗത്തിലെ ഒരാള്‍ക്കും സംവരണ വിഭാഗത്തിലെ ഒരാള്‍ക്കും ഒന്നിച്ചാണ് റൂം നല്‍കുന്നതെന്ന് ഒരു വിദ്യാര്‍ഥി വെളിപ്പെടുത്തി.
‘ ഹോസ്റ്റല്‍ അംഗങ്ങളുടെ കാര്യത്തിലെത്തുമ്പോള്‍ ആകെ വൈവിധ്യം പ്രകടമാണ്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് റൂംമേറ്റുകള്‍. ഒരു വിങിലെ മൂന്ന് മുറികള്‍ ഒരു ബ്രാഞ്ചുകാര്‍ക്കും മൂന്ന് മറ്റൊരു ബ്രാഞ്ചിനുമായാണ് നല്‍കുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ എല്ലാ വിഭാഗങ്ങളിലും ബ്രാഞ്ചുകളിലുള്ളവരുമായി സൗഹൃദം ഉണ്ടാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നതെ’ന്ന് രാജസ്ഥാനില്‍ നിന്നുള്ള സംവരണ വിഭാഗക്കാരനായ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി പറയുന്നു.
എന്നിരുന്നാലും JEE റാങ്ക് ഒരു വിദ്യാര്‍ഥി പൊതുവിഭാഗക്കാരനാണോ അതോ സംവരണ വിഭാഗക്കാരനാണോ എന്നതിന്റ സൂചകമാണെന്ന് അവന്‍ സമ്മതിക്കുന്നു. “ഭാഗ്യവശാല്‍ എനിക്ക് ഒരുപറ്റം നല്ല സുഹൃത്തുക്കളെയാണ് കിട്ടിയത്. പക്ഷേ, ചിലര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല, പ്രത്യേകിച്ചും മാര്‍ക്ക് കുറഞ്ഞ് പോകുമ്പോള്‍. കൂട്ടുകാരെല്ലാം എല്ലാം പേപ്പറും അനായാസം വിജയിക്കുകയും നിങ്ങള്‍ മാത്രം കടന്നുകൂടാന്‍ കഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ അത് നിങ്ങളെ വല്ലാതെ ബാധിക്കും.”
“റാങ്ക് ചോദിക്കുന്നത് സാധാരണ സംഭാഷണം മാത്രമാണ്. ക്ലാസുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പലരും JEE റാങ്ക് ഓര്‍ക്കാറുപോലുമില്ലെന്നും സംസാരിച്ച് തുടങ്ങാനുള്ള ഒരു കാര്യം മാത്രമാണെന്നും,” അവന്റെ റൂംമേറ്റും ക്ലാസ്‌മേറ്റും പറയുന്നു.
ശരിയായ മാർഗനിർദേശമോ മെന്റർഷിപ്പോ ഇല്ലാതെ ക്ലാസ് മുറിക്കകത്തും പുറത്തും പിടിച്ചുനിൽക്കാൻ പാടുപെടുന്ന പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികളെ,റാങ്കിലും മെറിറ്റിലും ശ്രദ്ധയൂന്നുന്ന മേന്മാവാദം അകറ്റിനിർത്തുന്നുവെന്ന് ഗാന്ധിനഗർ ഐഐടിയിൽ സൊസൈറ്റി ആൻഡ് കൾച്ചറിൽ ബിരുദാനന്തര ബിരുദം നേടുന്ന മിതേഷ് സോളങ്കി പറയുന്നു.
“ഉദാഹരണത്തിന്, പി ഒ ആർ (POR) കൾ (വിവിധ പാഠ്യേതര പ്രവർത്തനങ്ങൾക്കും ക്ലബ്ബുകൾക്കുമുള്ള ഉത്തരവാദിത്തങ്ങളുടെ സ്ഥാനങ്ങൾ അല്ലെങ്കിൽ നേതൃത്വപരമായ റോളുകൾ) ഒരു നിശ്ചിത ക്രെഡിറ്റ് പോയിന്റ് ഇൻഡക്സ് (സി പി ഐ) ഉള്ളവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഇത് പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്ന് വരുന്ന പലരെയും അനൈച്ഛികമായി തന്നെ അകറ്റി നിർത്തുന്നു. ഇത് അവർക്ക് കഴിവില്ലാത്തതുകൊണ്ടല്ല. എല്ലാത്തിനുമുപരി, അവർ ജെഇഇ പ്രവേശന പരീക്ഷ പാസായി ഐഐടിയിൽ പ്രവേശനം ലഭിച്ചവരാണ് എന്നോർക്കണം. എന്നാൽ, ഇവിടെ എത്തിക്കഴിഞ്ഞാൽ, വിവിധ ഘടകങ്ങൾ ഒത്തുചേർന്ന് അവരെ വലിച്ചുതാഴ്ത്താന്‍ പ്രവർത്തിക്കുന്നു – ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ അഭാവം ആത്മവിശ്വാസക്കുറവ്, വിഭവങ്ങളുടെ അഭാവം എന്നിവയുൾപ്പടെ വിവിധകാരണങ്ങളിതിലുൾപ്പെടുന്നുവെന്ന്” മിതേഷ് പറയുന്നു. വിദ്യാർത്ഥികൾ അവരുടെ പ്രൊഫസർമാരുമായുള്ള അസുഖകരമായ ഇടപെടലുകളെക്കുറിച്ചും സംസാരിക്കുന്നു
പലപ്പോഴും, ഞങ്ങൾ അധിക അക്കാദമിക് പിന്തുണ തേടുമ്പോൾ, സംവരണത്തിൽ പ്രവേശനം നേടിയവർക്ക് അവരുടെ നിർദ്ദിഷ്ട ആവശ്യങ്ങളെ അടിസ്ഥാനമാക്കിയ അധ്യാപനം (റെമഡിയൽ ടീച്ചിങ്) ആവശ്യമാണെന്ന് പ്രൊഫസർമാർ ചൂണ്ടിക്കാട്ടുന്നത് വളരെ സാധാരണമാണ്. അല്ലെങ്കിൽ എങ്ങനെ സംവരണം ഐഐടികളിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ നിലവാരത്തകർച്ചയിലേക്ക് നയിച്ചു. അല്ലെങ്കിൽ സംവരണം മൂലം ഇന്ത്യ എങ്ങനെയാണ് ബുദ്ധിമുട്ടുന്നത്. അതിലൂടെ കടന്നുപോകുന്നത് വേദനാജനകമാണ്… തീർച്ചയായും, എല്ലാ അധ്യാപകരും അങ്ങനെ ചെയ്യുന്നില്ല, പക്ഷേ അത്തരത്തിലുയരുന്നൊരു അഭിപ്രായം പോലും ദോഷകരമാണ്, ” ഒരു വിദ്യാർത്ഥി പറഞ്ഞു.
ഐഐടി ബോംബെയിലെ ഹ്യുമാനിറ്റീസ് വിഭാഗത്തിലെ പ്രൊഫസറായ ഡി പാർത്ഥസാരഥി ‘ആഫ്റ്റർ റിസർവേഷൻ- കാസ്റ്റ്, ഇൻസ്റ്റിറ്റ്യൂഷണൽ ഐസോഫോർമിസം, ആൻഡ് അഫർമേറ്റീവ് ആക്ഷൻ ഇൻ ദ് ഐ ഐ ടിസ്’ എന്ന തലക്കെട്ടിൽ 2012ൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിൽ ഇങ്ങനെ പറയുന്നു: സംവരണം നടപ്പിലാക്കാൻ ഈ സ്ഥാപനങ്ങൾ നിർബന്ധിതരായതിനാൽ, സ്വാധീനിക്കപ്പെടുന്ന പ്രവചനത്തിന്റെ വിശിഷ്യ, വിപരീതവും വികൃതവുമായ ഒരു രൂപം ഐഐടികളിൽ വ്യാപിക്കുന്നു. എന്നാൽ ആത്മപരിശോധന നടത്താനോ ചോദ്യം ചെയ്യാനോ അവരുടെ പെഡഗോജിക് ടെക്നിക്കുകൾ, മൂല്യനിർണ്ണയ സംവിധാനങ്ങൾ, ‘മെറിറ്റ്,’ ‘എക്സലൻസ്’ എന്നിവ ഉറപ്പുനൽകുന്ന ഭരണസംവിധാനങ്ങളെ പരിഷ്കരിക്കാനും കഴിയാതെ വരികയോ ചെയ്യുമ്പോൾ സംവരണവിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മെറിറ്റ് കുറവാണ് എന്ന് സംവരണ വിരുദ്ധരുടെ നിലപാടിനെ പിൻപറ്റുകയോ ചെയ്യുന്നു.”
ഐഐടികൾ വർഷങ്ങളായി കാമ്പസുകളെ കൂടുതൽ ഇൻക്ലൂസിവ് ആക്കാനുള്ള നടപടികൾ അവരുടെ ഭാഗത്ത് നിന്നാരംഭിച്ചു – വിദ്യാർത്ഥികളുടെ JEE റാങ്ക് ഏതെങ്കിലും ഔദ്യോഗിക രേഖയിലോ ആശയവിനിമയത്തിലോ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുന്നത് മുതൽ ഓറിയന്റേഷൻ സെഷനുകളിൽ സെൻസിറ്റൈസേഷൻ, പരാതി പരിഹാരത്തിനായി ലഭ്യമായ പ്ലാറ്റ്‌ഫോമുകളിൽ സംവരണം ചെയ്ത സീറ്റുകളിലെ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുക, സർക്കാരിന് നിർബന്ധിതമായ പട്ടികജാതി/പട്ടികവർഗ ഉപദേഷ്ടാക്കൾ ഉണ്ടായിരിക്കുക.
കഴിഞ്ഞ മാസം ബോംബെ ഐ ഐ ടിയിലെ ഭരണവിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ, “കാമ്പസ് കഴിയുന്നത്ര ഇൻക്ലൂസീവ് ആകാൻ ഇൻസ്റ്റിറ്റ്യൂട്ട് പരമാവധി ശ്രദ്ധ ചെലുത്തുന്നു. ഫാക്കൽറ്റിയുടെ ഭാഗത്ത് നിന്നുള്ള ഒരു തരത്തിലുള്ള വിവേചനവും ബോംബെ ഐ ഐ ടി വച്ചുപൊറുപ്പിക്കില്ല. പ്രവേശനം കഴിഞ്ഞാൽ ജാതിസ്വത്വം ആരോടും വെളിപ്പെടുത്തേണ്ടതില്ല. വിദ്യാർത്ഥികൾ ഐഐടിയിൽ പ്രവേശിക്കുന്നത് മുതൽ വിവേചനത്തിനെതിരെ ഞങ്ങൾ ശക്തമായ മുന്നറിയിപ്പ് നൽകുന്നു. ഒരു നടപടിയും 100% ഫലപ്രദമാകില്ലെങ്കിലും, വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടാകുന് വിവേചനം, സംഭവിക്കുന്നണ്ടെങ്കില്‍ ഒരു അപവാദമാണ്.
വിവേചനം ഉൾപ്പെടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ വിദ്യാർത്ഥികൾക്ക് ബന്ധപെടാന്‍ കഴിയുന്ന എസ്‌സി / എസ്ടി സ്റ്റുഡന്റ് സെൽ കാമ്പസിൽ നിലവിലുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേഷൻ വിശദീകരിച്ചു.
“ഫാക്കൽറ്റിക്കെതിരെയോ മറ്റ് വിദ്യാർത്ഥികൾക്കെതിരെയോ,” സെല്ലിന് വളരെ കുറച്ച് പരാതികൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് അഡ്മിനിസ്ട്രേഷൻ വാദിക്കുന്നു. “എസ്‌സി / എസ്ടി സെല്ലിലൂടെ കൂടുതൽ നടപടികൾ കൈക്കൊള്ളാനാണ് ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയിടുന്നത്. കൂടുതൽ എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് വ്യക്തമാക്കി.
അനികേത് അംബോർ എന്ന നാലാം വർഷം ബി ടെക് വിദ്യാർത്ഥി 2014 ൽ ആത്മഹത്യ ചെയ്തതിനെ തുടർന്ന് രൂപീകരിച്ച എ കെ സുരേഷ് കമ്മിറ്റിയുടെ ശിപാർശയെ തുടർന്നാണ് ഐഐടി ബോംബെയിലെ എസ്‌സി/എസ്ടി സെൽ രൂപീകരിച്ചത്. എന്നിരുന്നാലും, മിക്ക നടപടികളും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.
“എസ്‌സി/എസ്ടി സെൽ ഒടുവിൽ 2017 ൽ നിലവിൽ വന്നെങ്കിലും 2022 വരെ നിയുക്ത ഓഫീസ് ഇല്ലാതെ തുടർന്നു.ഐഐടി ബോംബെയുടെ അംബേദ്കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിളിലെ (എപിപിഎസ്‌സി) അംഗമായ പിഎച്ച്‌ഡി വിദ്യാർത്ഥി പറഞ്ഞു, എസ്‌സി/എസ്‌ടി വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഇടപെടാൻ ആവശ്യമായ അധികാരം ഇല്ലാത്ത അതിന്റെ ഉത്തരവിനായുള്ള അംഗീകാരത്തിനായി അത് കാത്തിരിക്കുകയാണ്. ദർശന്റെ മരണത്തിൽ സെൽ മൗനം പാലിച്ചതെങ്ങനെയെന്ന് വിദ്യാർത്ഥി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂണിൽ, ആദ്യമായി സംവരണം, ജാതി തുടങ്ങിയ വിഷയങ്ങളിൽ ഇത്തരമൊരു ചർച്ച എങ്ങനെയെന്ന് സെൽ വളരെയധികം പ്രചാരണത്തോടെ ഓപ്പൺ ഹൗസ് നടത്തി. സംവരണത്തിലൂടെ കടന്നുവരുന്ന വിദ്യാർത്ഥികൾ എങ്ങനെ “മെറിറ്റിന്റെ കൊലയാളികളാണ്” എന്നതിനെക്കുറിച്ചുള്ള ലളിതവൽക്കരിച്ച പരിഹാസങ്ങൾ മുതൽ അവർ എങ്ങനെ സൗജന്യമായി പഠിക്കുന്നു എന്നതിനെക്കുറിച്ചുള്ള സാധാരണ രീതിയിലുള്ള പരാമർശങ്ങൾ വരെ – ഈ പരിപാടിയിൽ, ആളുകളുടെ ജാതി അനുഭവങ്ങൾ സമാനമല്ലെന്നതിനെ കുറിച്ച് വരെ വിദ്യാർത്ഥികൾ തുറന്നു സംസാരിച്ചു.
കഴിഞ്ഞവർഷം ബോംബെ ഐ ഐ ടിയിലെ എസ് സി / എസ് ടി സെൽ രണ്ട് സർവേ നടത്തി. ഒന്ന് ഫെബ്രുവരിയിലും മറ്റൊന്ന് ജൂണിലുമായിരുന്നു. കാമ്പസിലെ എസ്‌സി/എസ്ടി വിദ്യാർത്ഥികളുടെ ജീവിതവും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും മനസ്സിലാക്കുന്നതിനുള്ള ഡാറ്റ സമാഹരിക്കുന്നതായിരുന്നു ആദ്യ സർവേ, രണ്ടാമത്തെ സർവേ സംവരണ വിഭാഗ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ കേന്ദ്രീകരിച്ചായിരുന്നു.
കാമ്പസിൽ സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ജാതി വിവേചനമാണ് “മൂലകാരണം” എന്ന് ജൂൺ മാസത്തെ സർവേയിലെ കണ്ടെത്തലുകൾ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. സർവേയിൽ പങ്കെടുത്ത പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികളിൽ ഏകദേശം നാലിലൊന്ന് പേരും മാനസികാരോഗ്യ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണെന്നും അവരിൽ 7.5 ശതമാനം പേർ “തീവ്രമായ മാനസികാരോഗ്യ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയും സ്വയം ഉപദ്രവിക്കാനുള്ള പ്രവണത പ്രകടിപ്പിക്കുകയും ചെയ്യുന്നു” എന്നും സർവേയിൽ കണ്ടെത്തി.
“എസ്‌സി/എസ്ടി സെൽ പോലും നടത്തുന്നത് ആ വിഭാഗങ്ങളിൽ നിന്നുള്ളവരല്ലാത്ത ഫാക്കൽറ്റി അംഗങ്ങളാണ്, ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാനസികാരോഗ്യ സേവനത്തിൽ എസ്‌സി/എസ്‌ടി കമ്മ്യൂണിറ്റിയിൽ നിന്നുള്ള കൗൺസിലർമാരില്ല” എന്നും ഐഐടി ബോംബെയുടെ എപിപിഎസ്‌സിയിലെ ഒരു അംഗം ആരോപിച്ചു.
ഈ സർവേയെക്കുറിച്ചും ഈ ആരോപണങ്ങളിൽ ചിലതിനെക്കുറിച്ചും നിർദ്ദിഷ്ട സെല്ലുമായി ഇൻസ്റ്റിറ്റ്യൂട്ടിലെ പിആർഒ മുഖേന ഇന്ത്യൻ എക്സ്‌പ്രസ് ബന്ധപ്പെട്ടു, എന്നാൽ സെല്ലിൽ നിന്നും പ്രതികരണമൊന്നും ലഭിച്ചില്ല.
ഐഐടി ബോംബെയിലെ അംബേദ്കറൈറ്റ് സ്റ്റുഡന്റ്സ് കളക്ടീവിലെ ഒരു വിദ്യാർത്ഥി “കാതലായ മാറ്റ”മാണ് ഉണ്ടാകേണ്ടത് എന്ന് അഭിപ്രായപ്പെട്ടു. ഘടനാപരമായ മാറ്റത്തിന്റെ ആവശ്യകതയുണ്ട്.- റാഗിംഗ് നിരോധിക്കുകയോ ഈവ് ടീസിംഗ് ക്രിമിനൽ പ്രവൃത്തിയായി പ്രഖ്യാപിക്കുകയോ ചെയ്യുന്നതുപോലെ – റാങ്ക് ചോദിക്കുന്നത് ഐഐടി കാമ്പസുകളിൽ നിരോധിക്കണം. റെമഡിയിൽ അക്കാദമിക് ആവശ്യങ്ങൾക്ക്, പാർശ്വവൽക്കൃത പശ്ചാത്തലത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികളോട് സംവേദനക്ഷമതയുള്ള പ്രൊഫസർമാരുണ്ടാകണം. മാത്രമല്ല, പരസ്യമായി മെരിറ്റോക്രസിയെ പിന്തുണയ്ക്കുന്നവരാകാനും പാടില്ലെന്ന് ബോംബെ ഐ ഐടിയിലെ അംബേക്ദർ പെരിയാർ സ്റ്റഡി സർക്കിളിലെ അംഗമായൊരു വിദ്യാർത്ഥി അഭിപ്രായപ്പെട്ടു.
ഐഐടി ബോംബെയിൽ നവാഗതരെ കാമ്പസിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സ്ഥിരമായ സ്റ്റുഡന്റ് മെന്റർഷിപ്പ് പ്രോഗ്രാം ഉണ്ട്, എന്നാൽ,ഭൂരിഭാഗം മെന്റർമാരും പ്രിവിലേജ്ഡ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നും പാർശ്വവത്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്ന് വരുന്നവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ അവർക്ക് കഴിയുന്നില്ലെന്നും എസ്‌സി/എസ്ടി വിദ്യാർത്ഥികൾ പറയുന്നു.
“പലപ്പോഴും, മെന്ററും മെന്റീയും (വിദ്യാർത്ഥിയും) തമ്മിലുള്ള ആശയവിനിമയം അനുചിതമായി ആരംഭിക്കുന്നു, സംവരണത്തെക്കുറിച്ചുള്ള തമാശ. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടുതൽ പോയിന്റുകൾ ലഭിക്കുന്നതിനാൽ മെന്ററാകുന്ന വിദ്യാർത്ഥികൾ വേഷം കെട്ടുന്നു, അതിനാൽ തന്നെ, വിദ്യാർത്ഥികളുടെ ഇൻക്ലൂസിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തിൽ അവർ എത്രത്തോളം പ്രതിജ്ഞാബദ്ധരാണെന്ന് എനിക്ക് ഉറപ്പില്ല, ”ഐഐടി ബോംബെയിലെ ഒരു വിദ്യാർത്ഥി അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും – ജാതി ബോധവൽക്കരണത്തെക്കുറിച്ചുള്ള ഒരു കോഴ്‌സ് നിർബന്ധമാണെന്ന് കഴിഞ്ഞ വർഷം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോഴ്‌സ് ഇപ്പോഴും അതിന്റെ തയ്യാറാക്കലിലാണ്.
അത്തരമൊരു സംഭാഷണത്തിന്റെ അടിയന്തിര ആവശ്യം എടുത്തുകാണിച്ചുകൊണ്ട്, രണ്ടാം വർഷ സംവരണ വിഭാഗ വിദ്യാർത്ഥികളിലൊരാൾ ഇങ്ങനെ പറഞ്ഞു, “പെട്ടെന്ന് മുഴുവൻ ശ്രദ്ധയും പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്ന് വരുന്നവരെ പ്രാപ്തരാക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിലാണ്.എന്നാൽ എന്തുകൊണ്ട് സംവരണം പ്രധാനമാണ് എന്നതിനെക്കുറിച്ച് ജനറൽ കാറ്റഗറിയിൽ വരുന്ന വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നില്ല. അവർക്കായി ബോധവത്കരണ സെഷനുകൾ ഉണ്ടാകണം. പട്ടികജാതി/പട്ടികവർഗ സെല്ലിന്റെ പ്രവർത്തനങ്ങൾ പാർശ്വവത്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്ന് വരുന്നവരുമായി ബന്ധപ്പെടുന്നതിന് അപ്പുറം പോകണം. ഒരു കൂട്ടായ പരിശ്രമം മാത്രമേ എല്ലാവരെയും ഉൾക്കൊള്ളുന്ന (ഇൻക്ലൂസീവ്) ഒരു ക്യാമ്പസ് ഉറപ്പാക്കൂ.
ഐഐടികളിലെ ഫാക്കൽറ്റിയും സ്റ്റാഫും അഡ്മിനിസ്‌ട്രേഷനും കൂടുതൽ ഇൻക്ലൂസീവ് ആയ ഘടനയെ പ്രതിനിധീകരിക്കുകയാണെങ്കിൽ മാത്രമേ മുന്നോട്ടുള്ള പോംവഴിയുള്ളൂവെന്ന് വിദ്യാർത്ഥികൾ പറയുന്നു.
സംവരണം തസ്തികകളിൽ ഫാക്കൽറ്റികളെ നിയമിക്കുന്നതിനായി 2021 സെപ്റ്റംബർ അഞ്ചിനും നും 2022 സെപ്റ്റംബർ അഞ്ചിനും ഇടയിൽ കേന്ദ്ര സർക്കാർ നടത്തിയ ഒരു വർഷം നീണ്ട ‘മിഷൻ മോഡ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്’ നടത്തി,എന്നാൽ, ലോക്‌സഭയുടെ സമീപകാല ശീതകാല സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് വെളിപ്പെടുത്തിയ ഡാറ്റ പ്രകാരം കാറ്റഗറി തസ്തികകൾ – 30 ശതമാനത്തേക്കാൾ നേരിയ കൂടുതൽ ഒഴിവുകൾ മാത്രമാണ് നികത്തിയത്.
സംവരണ വിഭാഗങ്ങളിലെ ഒഴിവുള്ള ഫാക്കൽറ്റി തസ്തികകളെക്കുറിച്ച് സർക്കാരിന് ഡാറ്റ സമർപ്പിച്ച ഐഐടികളിൽ, 62 തസ്തികകളുള്ള റൂർക്കി ഐഐടിയിലാണ് ഏറ്റവും കൂടുതൽ ബാക്ക്‌ലോഗ് ഉള്ളത്, തൊട്ടുപിന്നാലെ ഐഐടി ബോംബെ (53), പിന്നീട് ഐഐടി ഗാന്ധിനഗർ (34) എന്നിങ്ങനെയാണ്. 44 തസ്തികകളുടെ ബാക്ക്‌ലോഗ് ഒഴിവുണ്ടായിരിക്കെ ഐഐടി മദ്രാസിൽ 29 തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് പൂർത്തിയാക്കിയപ്പോൾ പോലും 26 തസ്തികകൾ നികത്താതെ അവശേഷിക്കുന്നു.
ഐഐടിയുടെ കാമ്പസുകൾ ഇന്ത്യൻ സമൂഹത്തെ പ്രതിഫലിപ്പിക്കാൻ ബാധ്യസ്ഥരാണെന്നും കാമ്പസുകളിൽ ജാതിയുടെ അസ്തിത്വം ഭരണകൂടം നിഷേധിക്കുന്നത് നിരർത്ഥകമാണെന്നും റൂർക്കി ഐ ഐ ടിയയിലെ ഒരു പ്രൊഫസർ പറഞ്ഞു. സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫലപ്രദമായി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വിദ്യാർത്ഥി പ്രവേശനത്തിന്റെ കാര്യത്തിൽ ഐഐടികളിലുടനീളം സംവരണം നടപ്പിലാക്കുന്നു.എന്നാൽ മിഷൻ മോഡ് റിക്രൂട്ട്‌മെന്റ് ഡ്രൈവിന് ശേഷവും ഫാക്കൽറ്റി നിയമനങ്ങളുടെ കാര്യത്തിൽ ഇത് കാണുന്നില്ല.