2010ൽ, അതായത് ഇന്ത്യ, തങ്ങളുടെ കമ്പനിയുടെ ‘ബിഗസ്റ്റ് ഹോൾ” ആണെന്ന് കമ്പനി സി ഇ ഒ പറയുന്നതിനും ഒരു വർഷം മുൻപാണ് മെഡ്‌ട്രോണിക് “ഹെൽത്തി ഹാർട്ട് ഫോർ ഓൾ”                (ആരോഗ്യമുള്ള ഹൃദയം, എല്ലാവർക്കും) എന്ന പദ്ധതിക്ക് ആരംഭിച്ചത്. നന്മ ചെയ്യുവാനും നന്നായി പ്രവർത്തനം നടത്തുകയുമായിരുന്നു അതിന്റെ ലക്ഷ്യം: ദാരിദ്ര്യരേഖയിൽ താഴെയുള്ളവർക്ക് കാർഡിയാക് സ്റ്റെന്റ്‌സും പെയ്സ് മേക്കേഴ്സും വിൽക്കുക, വാങ്ങാൻ പണമില്ലാത്തവർക്ക് ലോൺ നൽകുക, അങ്ങനെ, കനത്ത ലാഭമുണ്ടാക്കുക (റെഗുലേറ്റർ അങ്ങനെയാണ് പരാമർശിക്കുന്നത്.)

ഏകദേശം 25 നഗരങ്ങളിൽ നടന്നു വന്ന ഈ പദ്ധതി പോയ വർഷം പെട്ടെന്ന് നിർത്തിവയ്ക്കപ്പെട്ടു. പത്ത് പ്രധാന ഉൽപ്പന്നങ്ങളായിരുന്നു അവിടങ്ങളിൽവിറ്റഴിച്ചിരുന്നത്. “ആരോഗ്യരംഗത്തുണ്ടായ മാറ്റങ്ങൾ​കൊണ്ട് കാലഹരണപ്പെട്ടുവെന്നതാണ് ഇവയുടെ വിൽപ്പന നിർത്തിവയ്ക്കുന്നതിന് കാരണമായി മെഡ്‌ട്രോണിക്സ് അവകാശപ്പെട്ടത്.

പക്ഷേ, ഇന്ത്യൻ എക്സ്പ്രസ്സ് നടത്തിയ അന്വേഷണം വെളിപ്പെടുത്തിയത് ക്രമക്കേടുകളെപ്പറ്റിയുള്ള ആരോപണങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ്: ഡോക്ടർമാരുടെമേലുളള അഴിമതി ആരോപണങ്ങൾ, അതായത് വിൽപ്പന വർദ്ധനവിനായി, ഉപകരണങ്ങൾ ആവശ്യമില്ലാത്ത രോഗികളെ നിർബന്ധിച്ച് കെണിയിലാക്കുവാൻ ആനുകൂല്യങ്ങളും നൽകി സ്വാധീനിക്കുക, ഉൽപ്പന്ന വില്‍പ്പനയ്ക്കായി കോടികൾ മുടക്കി കോൻഫറൻസുകളും സെമിനാറുകളും സംഘടിപ്പിക്കുക, രോഗനിർണ്ണ യവും ഉൽപ്പന നിർദ്ദേശവും ഒരേ കൂരയ്ക്കു കീഴിൽ നടത്തുക എന്നിങ്ങനെയുള്ള നിയമവിരുദ്ധനടപടികൾ. ഉത്കർഷേച്ഛ മാത്രമായിരുന്നു കമ്പനിയുടെ മാനദണ്ഡം.

ഇന്ത്യൻ എക്സ്പ്രസ്സിന് ലഭിച്ച കമ്പനിയുടെ 2013 ലെ ഒരു രേഖയനുസരിച്ച്, 88 ആശുപത്രികളുമായാണ് മെഡ്‌ട്രോണിക്സിന് പങ്കാളിത്തമുണ്ടായിരുന്നത്. ഡൽഹിയിലും പഞ്ചാബിലുമായി 11 ആശുപത്രികൾ, ഗുജറാത്ത്, മുംബൈ -9, കോയമ്പത്തുർ- കേരളം 4, ഹൈദരാബാദ്- ബെംഗളുരു- ചെന്നൈ -6, കൊൽക്കത്ത -ദുർഗാപ്പൂർ-7 എന്നിവിടങ്ങളായിരുന്നു അത്. “പ്രതിമാസം 20-50 വരെ ഉപകരണമുപയോഗിച്ചുള്ള ശസ്ത്രക്രിയകൾ നടത്തണം” എന്ന ലക്ഷ്യം രേഖാമൂലം നൽകിക്കൊണ്ടായിരുന്നു ഈ ആശുപത്രികൾ തിരഞ്ഞെടുക്കപ്പെട്ടത്.

കാര്യങ്ങൾ കൂടുതൽ സുഖകരമാക്കുവാൻ, ഡോക്ടർമാരുടെ വരുമാനത്തിൽ 7.5 ശതമാനം വർദ്ധനവുണ്ടാകുമെന്നും മെഡ്‌ട്രോണിക്സ് വിലയിരുത്തി: അതായത് രോഗികളുടെ എണ്ണം കൂടുന്നതുകൊണ്ട് ഏഴ് ശതമാനവും രോഗനിർണ്ണയ പരിശോധനകളിൽ നിന്ന് 0.5 ശതമാനവും എന്നായിരുന്നു ആ കണക്ക്. ആശുപത്രികൾക്ക് ലഭ്യമാകാവുന്ന വർദ്ധന 17 ശതമാനമെന്നായിരുന്നു കണക്ക്, അതിൽ ഏഴ് ശതമാനം രോഗികളുടെ എണ്ണം വർദ്ധിക്കുന്നതു കൊണ്ടും 10 ശതമാനം സാമ്പത്തികവും മറ്റുള്ളതുമായ സേവനങ്ങളിൽ നിന്നും എന്നവർ കണക്ക് നൽകി.

ഡോക്ടർമാരുടെ വരുമാനവർദ്ധനവിനോടൊപ്പം കോൺഫറൻസുകൾക്കും സെമിനാറുകൾക്കും ചെലവഴിക്കുന്ന കോടികളും വർദ്ധിച്ചു: 2013 ൽ 36 കോടിയായിരുന്നത് 2014ൽ 43 കോടിയായും 2015 ൽ 48 കോടിയായും 2016ൽ 49 കോടിയായും വർദ്ധിച്ചു. 2017ൽ ഇത് 26 കോടിയായിരുന്നു.

മുംബൈ അന്ധേരിയിലെ മെഡിട്രോണിക്സിന്റെ ഓഫീസ്

വൈദ്യോപകരണങ്ങളുടെ വിവേചനമില്ലാത്ത ഉപയോഗവും നിർമ്മാണക്കമ്പനികളും ഡോക്ടർമാരും ആശുപത്രികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും ഈ അന്വേഷണം പുറത്തു കൊണ്ടുവന്ന ‘ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻ‌വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐ സി ഐ ജെ), 250 ജേണലിസ്റ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് 36 രാജ്യങ്ങളിയായി നടത്തിയ “ഇം‌പ്ലാന്റ് ഫയൽ‌സ്” എന്ന അന്വേഷണ പദ്ധതിയുടെ ഭാഗമായിരുന്നു ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഈ അന്വേഷണം.

സെപ്റ്റംബർ 2010 ൽ, ദുർഗാപ്പൂരിലെ 360 കിടക്കകളുള്ള സ്വകാര്യ ആശുപത്രിയായ മിഷൻ ഹോസ്പിറ്റലിലാണ് ‘ഹെൽത്തി ഹാർട്ട്’ തുടക്കം കുറിച്ചത്. ഉരുക്കുവ്യവാസാ‍യ നഗരമായ ദുർഗാപ്പൂർ പശ്ചിമബംഗാളിലെ ഒരു ചെറുപട്ടണമാണ്. “എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്നതായിരുന്നു ഞങ്ങളുടെ ആദ്യ മുദ്രാവാക്യം,” ആശുപത്രി ചെയർമാനായ സത്യജിത് ബോസ് പറയുന്നു. “പക്ഷേ ഒന്നും തീർത്തും സൗജന്യമായി കിട്ടുകയില്ലല്ലോ.”

പുതിയ രോഗികളെ ആകർഷിക്കുന്നതിനായി ആശുപത്രിയ്ക്ക് മെഡ്‌ട്രോണിക്സ് സഹായങ്ങൾ വാഗ്ദാനം ചെയ്തു. സാമ്പത്തിക പദ്ധതിയുടെ രൂപത്തിലുള്ള ഈ സഹായത്തിനു പുറമെ പരസ്യ പ്രചാരണങ്ങളും നടത്തിക്കൊടുത്തു. മെഡ്‌ട്രോണിക്സ് കരാറാക്കിയ ഒരു കൺ‌സൽട്ടിങ് കമ്പനിയുമായി ചേർന്ന്, ആശുപത്രി, പത്രങ്ങളിൽ പരസ്യങ്ങൾ നൽകുകയും ദുർഗാപ്പൂരിലങ്ങോളമിങ്ങോളം പ്രചരണ പരിപാടികൾ നടത്തുകയും ചെയ്തു.

ആദ്യത്തെ രോഗി, 45 കാരിയായ വിധവയായ അമ്മയായിരുന്നു. അവരുടെ പുഞ്ചിരിക്കുന്ന മുഖം നഗരത്തിലെ പലയിടങ്ങളിലും പരസ്യബോർഡുകളിൽ പ്രത്യക്ഷപ്പെട്ടു. “ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക്, താങ്ങാവുന്ന ചെലവിൽ പേസ് മേക്കർ സർജറി,” ഒരു പരസ്യം അവകാശപ്പെടുന്നു.

700 കിലോമീറ്റർ ചുറ്റുവട്ടത്ത്, ആശുപത്രി, സൗജ്യന്യ ഹൃദയരോഗനിർണ്ണയ പരിശോധനകൾ സംഘടിപ്പിച്ചു. നൂറുകണക്കിനാളുകൾ പരിശോധനയ്ക്കെത്തി. ഇവരിൽ പത്തിലൊന്ന് ഭാഗം ആളുകൾ കൂടുതൽ പരിശോധനകൾക്കോ മെഡ്‌ട്രോണിക്സ് പേസ് മേക്കർ, കൊറോണറി സ്റ്റെന്റ്, ഡീഫൈബ്രിലേറ്റർ എന്നീ ഉപകരണങ്ങൾക്കായോ ആശുപത്രിയിലേയ്ക്ക് അയയ്ക്കപ്പെട്ടുവെന്ന് ഡോക്ടർ ബോസിന്റെയും കമ്പനിയുടെയും രേഖകൾ പറയുന്നു.

ആശുപത്രിയിൽ രോഗികൾക്ക് സാമ്പത്തികവായ്പയ്ക്ക് അപേക്ഷിക്കുവാനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. മുംബൈയിലെ ഒരു അപ്പാർട്ട്മെന്റില്‍ പ്രവർത്തിക്കുന്ന മാതൃകാ ഫൗണ്ടേഷൻ എന്ന എൻ ജി ഒ ആയിരുന്നു വായ്പ നൽകുന്നത്. വായ്പകൾക്കുളള പണം മെഡ്‌ട്രോണിക്സ് നൽകിയിരുന്നതായി ഫൗണ്ടേഷന്റെ ഒരു ട്രസ്റ്റിയായ കിരൺ മോർ പറഞ്ഞു.

ഈ പദ്ധതി മുന്നേറുകയും മെഡ്‌ട്രോണിക്സ്, ഒരു നോൺ ബാങ്കിങ് ഫൈനാൻഷ്യൽ കമ്പനിയായ (എൻ ബി എഫ് സി) ആരോഗ്യ ഫൈനാൻസുമായി കരാറുണ്ടാക്കുകയും ചെയ്തു. ഇതിനായി 3.61 കോടിയുടെ ഈടില്ലാത്ത വായ്പ  നൽകിയത് മെഡ്‌ട്രോണിക്സ് കമ്പനി തന്നെയാണെന്ന് ആരോഗ്യ ഫൈനാൻസ് കമ്പനിയുടെ സഹസ്ഥാപകനായ ജോസ് പീറ്റർ വെളിപ്പെടുത്തുന്നു. മെഡ്‌ട്രോണിക്സ് ന്റെ സംരഭമായ ‘ഹെൽത്തി ഹാർട്ട് ഫോർ ഓൾ” (HHFA) വായ്പ നൽകുന്നതിൽ നിന്നും പിന്മാറി. ബോധവൽക്കരണ പരിപാടികളിൽ മാത്രം ഒതുങ്ങി.

ഒരു വർഷം കഴിഞ്ഞ്, മഹാരാഷ്ട്ര എഫ് ഡി എ, വൈദ്യോപകരണങ്ങളുടെ വിലയെപ്പറ്റി അന്വേഷിക്കുന്നതിനിടയിൽ, മെഡ്‌ട്രോണിക്സിനെതിരെ കുറ്റം ചുമത്തി. HHFA യിലും ഉപയോഗിക്കപ്പെട്ടിരുന്ന മെഡ്‌ട്രോണിക്സ് പേസ് മേക്കേഴ്സ്, വിതരണക്കാർക്ക് സൗജ്യന്യമായി നൽകിയിരുന്നതാണെന്നും അവരത് അമിതമായ വിലയ്ക്ക് രോഗികൾക്ക് വിറ്റതായും സംസ്ഥാന എഫ് ഡി എ റിപ്പോർട്ട് നൽകി. ഉദാഹരണത്തിന്, മെഡ്‌ട്രോണിക്സ് കമ്പയുടെ പ്രമുഖ ഉത്പന്നമായ റെലിയ റെഡ് ( Relia RED)എന്ന പേസ് മേക്കർ അതിന്റെ ഇറക്കുമതി വിലയെക്കാളും 200 ശതമാനം അധികവിലയാണ് രോഗികളിൽ നിന്നു വാങ്ങിയത്.

Read More: #ImplantFiles: മെഡിക്കൽ ഉപകരണ മേഖലകളിലെ തട്ടിപ്പുകൾ

14,600 ആളുകളിൽ രോഗനിർണ്ണയ പരിശോധന നടത്തിയതായും 9186 രോഗികൾക്ക് ചികിത്സ നൽകിയതായും 2014 ലെ മെഡ്‌ട്രോണിക്സിന്റെ ഔദ്യോഗിക രേഖകളിൽ​ ഒരെണ്ണത്തിൽ പറയുന്നു. ആ നാലുവർഷം കൊണ്ട് പദ്ധതി നടത്തുന്ന ആശുപത്രികളുടെ എണ്ണം 100 ആയി വർദ്ധിച്ചിരുന്നു. 25 നഗരങ്ങളിലായിട്ടായിരുന്നു ഈ ആശുപത്രികൾ. ഈ സമയത്ത്, പദ്ധതിയുടെ മുംബൈയിലെ പങ്കാളിയായ ശുശ്രുത ഹോസ്പിറ്റൽ ഹാർട്ട് കെയർ സെന്റർ ഡയറക്ടറായ ഡോക്ടർ സഞ്‌ജയ് തർലേക്കർ ഈ ചികിത്സാ പരിപാടിയെ “ആശുപത്രികൾക്കും രോഗികൾക്കും ഒരുപോലെ ആശ്വാസകരമായ ഒന്ന്” എന്നു വിശേഷിപ്പിച്ചിരുന്നു.

പദ്ധതി പരാജയത്തിലേയ്ക്ക്

എന്നാൽ, വിലയെക്കുറിച്ചുള്ള ആരോപണങ്ങൾ വന്നതിനുശേഷം, ശുശ്രുത ഹാർട്ട് കെയറും ദുർഗാപ്പൂരിലെ മിഷൻ ഹോസ്പിറ്റലും പദ്ധതിയുമായുള്ള ബന്ധം വിച്ഛേദിച്ചു എന്നാണവയുടെ ഡയറക്ടർമാർ പറയുന്നത്. വില കുറഞ്ഞ ഉപകരണങ്ങൾ നൽകി പാവപ്പെട്ട രോഗികളെ സഹായിക്കാമെന്ന് ഡോക്ടർമാർക്ക് നൽകിയിരുന്ന വാഗ്ദാനം മെഡ്ട്രോണിക്സ് പാലിച്ചില്ലെന്ന് തർലേക്കർ പറയുന്നു. “അവർ ഞങ്ങളെ വഞ്ചിച്ചു,” അദ്ദേഹം പറഞ്ഞു.

“മെഡ്‌ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങിയവർക്ക് മാത്രമാണവർ സാമ്പത്തിക സഹായം നൽകിയിരുന്നത്. ആശുപത്രിയുടെ നടത്തിപ്പു രീതികളുമായി യോജിക്കുന്നതായിരുന്നില്ല ഇത്, ഞങ്ങൾക്കത് സ്വീകാര്യമായിരുന്നില്ല. അതിനാൽ 2013-14 കാലത്ത് ഞങ്ങൾ ആ പങ്കാളിത്തം ഉപേക്ഷിച്ചു,” മിഷൻ ആശുപത്രിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

“മെഡ്ട്രോണിക്സിന്റെ ഉപകരണങ്ങൾ അമിതവിലയിലാണ് ലഭിക്കുന്നതെന്ന്, ഞങ്ങളുടെ പർച്ചേസ് വിഭാഗം അറിയിച്ചു. കമ്പോളത്തിൽ 30,000 രൂപ മാത്രം വിലയുള്ള ഒരു സ്റ്റെന്റ്, 1.2 -1.5 ലക്ഷം രൂപയ്ക്കാണ് ലഭിച്ചിരുന്നത്. രോഗികൾക്ക് നഷ്ടമുണ്ടാകണമെന്ന് ഞങ്ങളാഗ്രഹിച്ചില്ല. അതേ ഉൽപ്പന്നങ്ങൾ മിതമായ വിലയ്ക്ക് നൽകുന്ന മറ്റു കമ്പനികൾ ഉണ്ടായിരുന്നു,” ആശുപത്രിയിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പേരു വെളിപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് ഈ രണ്ട് ഉദ്യോഗസ്ഥരും ഇന്ത്യൻ എക്സപ്രസ്സിനോട് സംസാരിച്ചത്. എന്നാൽ ദുർഗാപ്പൂരിലെ 65 കാരനായ ഒരു രോഗി താൻ 2011 ൽ HFFA പദ്ധതിയിൽ പേരു ചേർത്തത് കുറഞ്ഞ ചെലവിൽ ആൻ‌ജിയോഗ്രാം നടത്തുന്നതിന് വേണ്ടിയായിരുന്നു എന്നു പറയുന്നു. മിഷൻ ആശുപത്രിയിലെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ താൻ എന്തുകൊണ്ടാണ് ആ ചികിത്സ വേണ്ടെന്നു വച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആൻ‌ജിയോഗ്രാം എന്നത് ഹൃദയധമനികളിലെ ബ്ലോക്കുകൾ മനസ്സിലാക്കുന്നതിനുള്ള ഒരു പരിശോധനയാണ്. “ 14,000 രൂപയാണിതിന് ആശുപത്രികൾ ഈടാക്കുന്നത്, എന്നാൽ HFFA പദ്ധതിയിൽ എനിക്ക് 7000 രൂപയേ കൊടുക്കേണ്ടിവന്നുള്ളു. പക്ഷേ, 1.5 -2.5 ലക്ഷം വരെ ചെലവുള്ള ഒരു ശസ്ത്രക്രിയ വേണമെന്നാണു പിന്നീട് എന്നെ അറിയിച്ചത്. ഇതിനായി വായ്പാ രൂപത്തിൽ ധനസഹായവും വാഗ്ദാനം ചെയ്തിരുന്നു. എങ്കിലും ആ തുക എനിക്കു താങ്ങാനാവുന്നതായിരുന്നില്ല, അതുകൊണ്ട് ഞാൻ ചികിത്സ വേണ്ടെന്നു വച്ചു,” മൈനിംഗ് ആൻഡ് അലൈഡ് മെഷീനറി കോർപ്പറേഷനിലെ മുൻ കാന്റീൻ ജോലിക്കാരനായ സമീർ റോയ് പറഞ്ഞു.

ഹൃദയത്തിലെ ബ്ലോക്കുകൾ മാറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ തങ്ങളുടെ ബന്ധു മാസങ്ങൾക്ക് ശേഷം 2011 ഡിസംബറിൽ മരണമടഞ്ഞതായി മറ്റൊരു രോഗിയുടെ ബന്ധുക്കൾ പറയുന്നു. “ഈ പദ്ധതിയുടെ കീഴിലാണ് ഞങ്ങളെ ഉൾപ്പെടുത്തിയത്, ഡോക്ടർ പറഞ്ഞതെല്ലാം ഞങ്ങൾ ചെയ്യുകയും ചെയ്തു. 1.2 ലക്ഷമാണ് സ്റ്റെന്റിനായി ഞങ്ങളോട് വാങ്ങിയത്. രോഗി മരിച്ചതുകൊണ്ട് ഞങ്ങളുടെ പക്കൽ ശസ്ത്രക്രിയാ രേഖകളില്ല,” അൻപത്തിയാറാം വയസ്സിൽ മരണമടഞ്ഞ മിന്റു ചന്ദ്രയുടെ മരുമകൾ ശിബിർ ദാസ് പറയുന്നു.

മിഷൻ ആശുപത്രിയിൽ, മെഡ്‌ട്രോണിക്സുമായുള്ള കൂട്ടുകെട്ടിനു തിക്തമായ അന്ത്യമുണ്ടായി. “ടാർഗറ്റുകൾ നേടുന്നതിനായി കമ്പനിയുടെ പ്രതിനിധികൾ ഡോക്ടർമാർക്ക് ആനുകൂല്യങ്ങളും സൗകര്യങ്ങളും സമ്മാനങ്ങളും നൽകിത്തുടങ്ങി. ഒടുവിൽ ഇതവസാനിപ്പിക്കുന്നതിന് ഞങ്ങൾ ഇടപെട്ടു. ഏതാനും മാസങ്ങൾ കഴിഞ്ഞ് ആ ഡോക്ടർമാർ ഞങ്ങളുടെ ആശുപത്രി വിട്ടുപോകുകയും ചെയ്തു,” ആ‍ശുപത്രി ഉദ്യോഗസ്ഥൻ പറയുന്നു.

ഡോക്ടർമാർക്ക് സമ്മാനങ്ങളും സൗകര്യങ്ങളും

മെഡ്‌‌ട്രോണിക്സ് ഡോക്ടർമാർക്ക് സമ്മാനങ്ങൾ നൽകിയപ്പോൾ- നാലുവർഷം കൊണ്ട് കൊടുത്തത് 50 കോടിയുടെ സമ്മാനങ്ങൾ- കമ്പനിയുടെ സ്വന്തം സംവിധാനങ്ങൾ അതിൽ അഴിമതി കണ്ടെത്തി. ഉൽപ്പന്ന പ്രചാരണങ്ങളുടെയും കോൺഫറൻസുകളുടെയും വ്യാജരേഖകളുണ്ടാക്കി, എങ്ങനെയാണ് വിതരണക്കാർ കമ്പനിയൂടെ ഉപകരണങ്ങൾ കച്ചവടം ചെയ്തതെന്ന് ഓഡിറ്റ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

പ്രതിഛായയെപ്പറ്റി ശ്രദ്ധ പുലർത്തുന്ന പ്രമുഖ ഡോക്ടർമാർ നേരിട്ട് ഇടപെടില്ല. പക്ഷേ കമ്പനിയും ഡോക്ടർമാരും തമ്മിലുള്ള സുഖകരമായ ബന്ധം കോൺഫറൻസുകളിൽ തെളിഞ്ഞു കണ്ടിരുന്നു,” പേരു വെളിപ്പെടുത്തുകയില്ലെന്ന ഉറപ്പിൽ ഉൽപ്പന്ന കമ്പനിയുടെ ഒരു പ്രധാന ഉദ്യോഗസ്ഥൻ പറഞ്ഞു.

അവരുടെ പ്രവർത്തന രീതി: ഒരു പ്രത്യേക സംഘടനയുടെ പ്രധാന സ്പോൺസർക്ക് കമ്പനി കോടികൾ കൊടുക്കുന്നു, അതിനു പകരമായി, ഈ കോൺഫറൻസുകളിൽ ഡോക്ടർമാർ, ഈ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി മാറുന്നു.

ഉദാഹരണം: ഏഷ്യയിലെ ഏറ്റവും പ്രാമുഖ്യമുള്ള വാർഷിക ഇന്റർവെൻഷണൽ കാർഡിയോളജി കോൺഫറൻസ്, ഇന്ത്യ ലൈവിന്റെ പ്ലാറ്റിനം സ്പോൺസറായിരുന്നു മെഡ്ട്രോണിക്സ്, അവരത് തുടർച്ചയായി നടത്തുകയും ചെയ്തു.

“ഇന്ത്യാ ലൈവിന്റെ ഒരു പ്ലാറ്റിനം സ്പോൺസറെന്ന നിലയിൽ, ലൈവ് ശസ്ത്രക്രിയകൾ നടത്തുന്ന രാജ്യത്തെ പ്രമുഖ കാർഡിയോളജിസ്റ്റുകൾ നിങ്ങൾക്കൊപ്പമുണ്ട്. രജിസ്ട്രേഷനും സ്പോൺസർഷിപ്പും മുഖേന അസ്സോസിയേഷനുകൾ പണമുണ്ടാക്കുന്നു. കമ്പനിക്ക് അതിന്റെ ഉൽപ്പന്നങ്ങളുപയോഗിക്കുവാനുള്ള ഡോക്ടർമാരെയും ലഭിക്കുന്നു,” ഈ വ്യവസായത്തിനുള്ളിലുള്ള ഒരാൾ പറഞ്ഞു.

എങ്ങനെയാണ് ഇന്ത്യാ ലൈവ് 2016, എല്ലാ മേഖലകളിലും ഒരു വൻ വിജയമായി മാറിയതെന്ന് കമ്പനിയുടെ ഉള്ളിൽ മാത്രം പ്രചാരമുള്ള ഒരു കുറിപ്പ് പറയുന്നു, “ മെഡ്‌ട്രോണിക്സ് ഉൽപ്പന്നങ്ങളായ ഓനിക്സ് , യൂഫോറ (Onyx and Euphora) കത്തീറ്ററുകൾ രോഗികളിൽ വച്ചുപിടിപ്പിക്കപ്പെടുകയും പ്രദർശിപ്പിക്കപ്പെടുകയും 150-200 ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളുള്ള സദസ്സിൽ അവയെക്കുറിച്ചുള്ള ചർച്ചകൾ നടത്തപ്പെടുകയും ചെയ്തു. ഇത് അവയ്ക്ക് വളരെ ശക്തമായ ബ്രാൻഡ് സാന്നിധ്യം അടയാളപ്പെടുത്തുവാൻ സഹായകമായി.

 

ഹെൽത്തി ഹാർട്ട് ഫോർ ഓൾ പ്രോഗ്രാമിനെക്കുറിച്ചുള്ള ഇന്ത്യൻ എക്സ്പ്രസ്സിന്റെ ചോദ്യാവലിയോടുള്ള മെഡ്‌ട്രോണിക്സ് കമ്പനിയുടെ പ്രതികരണം:

മെഡ്‌ട്രോണിക്സിന്റെ പ്രതികരണം: 1,75,000 ൽ അധികം പേർക്ക് സൗജന്യ രോഗനിർണ്ണയ പരിശോധനകൾ നടത്തി.

രോഗനിർണ്ണയ പരിശോധനകൾ, രോഗനിർണ്ണയം, ചികിത്സ എന്നിവ മുതൽ, സാധാരണ ജീവിതത്തിലേയ്ക്കുള്ള മടക്കവും രോഗപ്രതിരോധങ്ങൾക്കായുള്ള ക്രമാനുഗത നിരീക്ഷണങ്ങളും വരെയുള്ള ഓരോ ഘട്ടത്തിലും വൈദ്യോപകരണങ്ങൾ ഒരു നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്. വൈദ്യോപകരണങ്ങളെപ്പറ്റിയുള്ള നിരന്തരമായ ബോധവൽക്കരണത്തിനുശേഷവും ഇന്ത്യയിലെ ഇവയുടെ ഉപയോഗം രണ്ട് ശതമാനത്തിൽ ഒതുങ്ങി നിൽക്കുന്നു.

ഏകദേശം 70 വർഷമായി, മെഡ്ട്രോണിക്സ് കമ്പനി, രോഗികളുടെ ചികിത്സാനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രയത്നിക്കുന്നു. ഈ പ്രവർത്തനങ്ങളിൽ ലോകത്തിലെ ഏറ്റവും പ്രധാന കമ്പനികളിലൊന്നായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. ഞങ്ങളുടെ ഉപകരണങ്ങൾ എങ്ങനെ അത്ഭുതകരമായി രോഗികളുടെ ജീവൻ രക്ഷിക്കുന്നുവെന്നും മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്യുന്നുവെന്നതിനെക്കുറിച്ചുമുള്ള കഥകൾ ദിവസേന ഞങ്ങൾ ഡോക്ടർമാരിൽ നിന്നും രോഗികളിൽ നിന്നും കേൾക്കുന്നു. രോഗികളുടെ സുരക്ഷിതത്വം, പ്രവർത്തനത്തിലെ അർപ്പണബോധം, സുതാര്യത, നൈതികത എന്നിവയിലധിഷ്ഠിതമാണ് ഞങ്ങൾക്ക് കിട്ടുന്ന അംഗീകാരം. അതിനാൽ, ഞങ്ങളുടെ ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ നൽകുന്ന അത്യന്തം ഗംഭീരമായ ഫലങ്ങളും ശ്രദ്ധയും ആത്മാർത്ഥതയും ഒത്തൊരുമയുമുള്ള ഞങ്ങളുടെ ജോലിക്കാരുടെ സേവനങ്ങളും അവഗണിക്കുന്നത് ക്ഷന്തവ്യമല്ല.

രോഗികളുടെ പ്രവേശനം സുഗമമാക്കുന്നതിനുള്ള പരിപാടികൾ

കാർഡിയോ വാസ്കുലാർ രോഗങ്ങൾ ഇന്ത്യയുടെ ആരോഗ്യരംഗത്ത് ഒരു ഭീഷണിയായി വളർന്നിരിക്കുന്നു. മുഴുവൻ രോഗങ്ങളുമെടുത്താൽ, 1990ൽ അതിന്റെ 31 ശതമാനമായിരുന്നു പകരാത്ത രോഗങ്ങൾ. ഇത് 2010 ൽ 45 ശതമാനമായി ആയി മാറി. ഇന്ത്യയിൽ 10.5 ദശലക്ഷം മരണങ്ങൾ വർഷത്തിൽ സംഭവിക്കുന്നു, ഇവയിൽ പുരുഷന്മാരിൽ 20.3 ശതമാനവും സ്ത്രീകളിൽ 16.9 ശതമാനവും മരണം സംഭവിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലമാണ്.

രോഗങ്ങൾ ഇത്ര വർദ്ധിച്ചുവെങ്കിലും ചികിത്സാലഭ്യത ഇവിടെ വളരെ കുറവാണ്. ഇത് പ്രധാനമായും മൂന്നു കാരണങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്, അവബോധം, അവസരലഭ്യത, ചെലവ് താങ്ങാനുള്ള കഴിവ് – ഇവയുടെ അഭാവം. ആവശ്യമുള്ള സമയത്ത് ചികിത്സ ലഭിക്കുക എന്നതാണ് പ്രധാനം, ഈ മൂന്നു പ്രധാന പ്രശ്നങ്ങൾക്കും പരിഹാരമെന്ന നിലയ്ക്കാണു 2008 ൽ ഹെൽത്തി ഹാർട്ട് ഫോർ ഓൾ എന്ന പദ്ധതി തയാറാക്കുകയും ഇന്ത്യയിലത് 2010 ൽ നടപ്പാക്കുകയും ചെയ്തത്.

സൗജന്യ രോഗനിർണ്ണയ പരിശോധനകളും, അറിവുപകരലും ഒപ്പം സാമ്പത്തിക സഹായവുമാണ് പദ്ധതി ലക്ഷ്യമിട്ടത്. വലിയ പലിശനിരക്കിൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തുന്നവരിൽ നിന്നും കടം വാങ്ങേണ്ടിവരുന്ന പാവപ്പെട്ട രോഗികൾക്കായിരുന്നു വായ്പാ രൂപത്തിൽ സാമ്പത്തിക സഹായം നൽകുവാൻ പദ്ധതിയിട്ടത്.

ഞങ്ങളുടെ വെബ് സൈറ്റ് അനുസരിച്ച്, രോഗസാധ്യതയുണ്ടായിരുന്ന 1,75,000 പേർ സൗജ്യന്യ പരിശോധനകൾക്ക് വിധേയരായി. അവരിൽ 15,200 പേർക്ക് നിർദ്ദിഷ്ട ചികിത്സകൾ ലഭിച്ചു. അതുപോലെ പദ്ധതി ആകെ 700 രോഗികൾക്ക് സാമ്പത്തിക സഹായവും ലഭ്യമാക്കി.

ആരോഗ്യരംഗത്തെ മാറുന്ന ചലനങ്ങളും, പദ്ധതിയുടെ കുറയുന്ന സാന്നിധ്യവും മൂലം 2017ൽ ഞങ്ങൾ 2010 ൽ ആരംഭിച്ച HHFA പദ്ധതി നിർത്തലാക്കുന്നു.

 

ഉത്തരവാദപ്പെട്ട പരസ്യപ്രചാരണങ്ങളും പൂർത്തീകരണവും അനുസരണവും

150 ലേറെ രാജ്യങ്ങൾ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു ആഗോള ആരോഗ്യ സംരംഭമാണ് മെഡ്‌ട്രോണിക്സ്. ഈ രാജ്യങ്ങളിൽ ജീവിക്കുന്ന രോഗികൾക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി, മെഡ്-ട്രോണിക്സ് കമ്പനിയുടെ ഉദ്യോഗസ്ഥർക്ക്, ഇതിന്റെ അതാതു രാജ്യങ്ങളിലെ നിയമങ്ങളും നിയന്ത്രണങ്ങളും അറിയാവുന്ന വിതരണക്കാരും ഏജന്റുമാരും, മറ്റ് ഇടപാടുകാരുമായി ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.

മെഡ്‌ട്രോണിക്സ് കോഡ് ഓഫ് കണ്ടക്ട് (ദ കോമ്പസ്സ്) ആൻഡ് ഗ്ലോബൽ ആന്റി കറപ്ഷൻ പോളിസി, കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജോലിക്കാരും ഏജന്റുമാരും മറ്റു ഇടപാടുകാരുമെല്ലാം പൂർണ്ണമായും നിയമാനുസൃതമായി പെരുമാറനമെന്ന് നിർബന്ധം പാലിക്കുന്നു. കൈക്കൂലിയും സമ്മാനങ്ങളും ഉൾപ്പടെയുള്ള വിൽപ്പന സംബന്ധമായ അഴിമതികളും തടയുന്നതിനായി കമ്പനി ഉദ്യോഗസ്ഥർക്ക് പരിശീലനപരിപാടികൾ നടത്തുന്നുണ്ട്.

വ്യക്തികളോ ഇടപാടുകാരോ കമ്പനിയുടെ നിയമങ്ങൾക്ക് വിരുദ്ധമായി പെരുമാറുന്നുവെന്ന് കണ്ടെത്തിയ ഏതാനും അവസരങ്ങളിൽ ഉടനടി തന്നെ ഞങ്ങൾ നടപടികളെടുത്തിരുന്നു.

അത്തരം അപവാദങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ കമ്പനിയുടെ നിയന്ത്രണസംവിധാനങ്ങളോടും നിയമങ്ങളോടും ഒപ്പം നിൽക്കുന്നു. ഞങ്ങളുടെ Global Ethics & Compliance program and Quality Organization പ്രതിഫലിപ്പിക്കുന്ന നൈതികതയോട് ഞങ്ങൾ അചഞ്ചലമായ പ്രതിബദ്ധതയും പാലിക്കുന്നു.

കഴിഞ്ഞ വർഷമാണ് ഞങ്ങളുടെ Global Chief Ethics and Compliance Officer, വൈദ്യോപകരണങ്ങളുടെ നിർമ്മാണത്തിലെ പുരോഗമനപരമായ പ്രവർത്തനങ്ങൾക്കുള്ള (Advancement of Ethics in the Medical Device Industry) ഉന്നത ബഹുമതിയായ PricewaterhouseCoopers (PwC) അവാർഡിനർഹനായത്. ഈ മേഖലയിലെ ഞങ്ങളുടെ തുടർച്ചയായ നായകത്വത്തെയും ലോകമാകെയുള്ള നിയമപരമായ പ്രവർത്തനങ്ങളെയും ഈ അവാർഡ് വെളിപ്പെടുത്തുന്നു.

മെച്ചപ്പെട്ട ചികിത്സാഫലങ്ങൾക്കായി രോഗികൾക്ക് നൂതന സാങ്കേതികതകൾ തെരഞ്ഞെടുക്കുവാനും നവീനാശയങ്ങൾ അംഗീകരിക്കപ്പെടുവാനും തക്ക വിധത്തിലൂള്ള ഒരു പരിതസ്ഥിതി സംജാതമാക്കുന്നതിനു സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയാണു കമ്പനി ചെയ്യുന്നത്. AdvaMed IQVIA നടത്തിയ ഒരു പഠനമനുസരിച്ച്, ഉപകരണത്തിന്റെ വൈദ്യസഹായകത, സുരക്ഷ, സാങ്കേതികത, കാര്യക്ഷമത എന്നിവയിൽ അധിഷ്ഠിതമായ ഒരു വിലനിർണ്ണയ പരിപാടിയിൽ ഞങ്ങൾ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അതുപോലെ, വില്‍പ്പനയുടെ ശ്രേണികളിലെ വിലവ്യത്യാസങ്ങൾ നീതിപൂർവ്വകമായി നിശ്ചയിക്കുന്നത് രോഗികൾക്ക് താങ്ങാനാവുന്ന വിലയിൽ ഉപകരണങ്ങൾ ലഭ്യമാകുന്നതിന് സഹായിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

Read in English Logo Indian Expressമൊഴിമാറ്റം : സ്മിത മീനാക്ഷി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook