ന്യൂഡല്‍ഹി: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്ന വെബ് സീരീസ്, സിനിമകൾ അല്ലെങ്കിൽ മറ്റ് പ്രോഗ്രാമുകൾക്കായി ഒരു പ്രീ-സ്‌ക്രീനിങ് കമ്മിറ്റി ഉണ്ടാകുന്നത് എങ്ങനെയെന്നതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് സൂപ്രീം കോടതി.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്ന വെബ് സീരീസ്, സിനിമകൾ അല്ലെങ്കിൽ മറ്റ് പ്രോഗ്രാമുകൾക്കായി ഒരു പ്രീ സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മിർസാപൂർ സ്വദേശി സുജീത് കുമാർ സിങ് സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് യു യയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ചാണ് പരിഗണിച്ചത്,
“വെബ് സീരീസിനായി ഒരു പ്രീ സ്‌ക്രീനിങ് കമ്മിറ്റി എങ്ങനെ ഉണ്ടാകും?, ഇതിനായി പ്രത്യേക നിയമ സംവിധാനം ഉണ്ട്. ഒടിടി (ഓവര്‍ ദി ടോപ്) അതിന്റെ ഭാഗമാണെന്ന് നിങ്ങൾ പറയുന്നില്ലെങ്കിൽ, നിലവിലുള്ള നിയമം ഒടിടിക്ക് ബാധകമാണെന്ന് നിങ്ങൾ പറയണം. മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രക്ഷേപണം നടക്കുന്നതിനാൽ വിവിധ ചോദ്യങ്ങൾ ഉയർന്നുവരും,”
“ഒടിടി സാറ്റലൈറ്റ് സംപ്രേഷണം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളതാണ്, കാഴ്ചക്കാർ ഇവിടെയുണ്ടാകാമെങ്കിലും ഇത് അങ്ങനെയല്ല. പോസ്റ്റ് എക്സിബിഷൻ റിഡ്രസൽ സംവിധാനം വ്യത്യസ്തമാണ്. നിങ്ങളുടെ ഹർജി കൂടുതൽ വിശദമാക്കേണ്ടതുണ്ട്,” ഹർജിക്കാരനോട് ഹര്‍ജി പിൻവലിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കോടതി പറഞ്ഞു.
ഇൻറർനെറ്റ് സേവനമുള്ള ഏതൊരു ഉപകരണത്തിലേക്കും വീഡിയോയും ലൈവ് സ്ട്രീം ഫീഡുകളും ലഭ്യമാക്കുന്ന ഒന്നാണ് ഒടിടി.
നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ജനപ്രിയ വെബ് സീരിസായ ‘മിർസാപൂർ’ ന്റെ മൂന്നാം സീസൺ സ്റ്റേ ചെയ്യാനും സുപ്രീം കോടതി വിസമ്മതിച്ചു. ഗുണ്ടകളുടെ നഗരമായി കാണിച്ച് ‘മിർസാപൂർ’ സ്ഥലത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നാരോപിച്ചുള്ള ഹർജിയിൽ കോടതി നേരത്തെ കേന്ദ്രം, ആമസോൺ പ്രൈം വീഡിയോ, എക്സൽ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയിൽ നിന്ന് പ്രതികരണം തേടിയിരുന്നു.