ന്യൂഡൽഹി: റഫാൽ ഇടപാട്​ സംബന്ധിച്ചുള്ള സി.എ.ജി റിപ്പോർട്ട് സർക്കാരിനെ രക്ഷിക്കാനുള്ള ശ്രമമെന്ന്​ സംശയിക്കുന്നതായി കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ. റഫാല്‍ ഇടപാട് എഴുതുമ്പോള്‍ ഫിനാന്‍സ് സെക്രട്ടറി ആയിരുന്ന സിഎജി രാജീവ് മെഹ്‍റിഷി സ്വയ രക്ഷയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിനെ രക്ഷിക്കാന്‍ ശ്രമിക്കുമെന്ന് കപില്‍ സിബല്‍ പറഞ്ഞു.

‘സിഎജി സര്‍ക്കാരിനെ രക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക. രാജീവ് മെഹ്‍റിഷിയുടെ മേല്‍നോട്ടത്തിലാണ് അന്ന് കരാര്‍ മുഴുവനായും നടന്നത്. അന്ന് ഫിനാന്‍സ് സെക്രട്ടറി ആയിരുന്ന മെഹ്‍റിഷി എങ്ങനെയാണ് അദ്ദേഹത്തിന് എതിരെ തന്നെ അന്വേഷണം നടത്തുക?,’ കപില്‍ സിബല്‍ ചോദിച്ചു.

‘തിങ്കളാഴ്ച്ച വെക്കാന്‍ പോകുന്ന സിഎജി റിപ്പോര്‍ട്ടില്‍ എന്താണ് പറയുന്നതെന്ന് സര്‍ക്കാരിന് ഇപ്പോഴെ അറിയാം. മോദിയോട് ആത്മാര്‍ത്ഥത കാണിക്കാന്‍ ശ്രമിക്കുകയും അനാവശ്യ ആവേശം കാണിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. സര്‍ക്കാരുകള്‍ മാറി മാറി വരും. ഭരണഘടനയാണ് എല്ലാത്തിനേക്കാളും വലുതെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം,’ കപില്‍ സിബല്‍ പറഞ്ഞു.

സി.എ.ജി റിപ്പോർട്ടിനെ വിശ്വാസമില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്,​തെറ്റ് ചെയ്ത ശേഷം അത് വിചാരണ ചെയ്യാൻ സ്വയം ജഡ്ജി ആകുന്ന സാഹചര്യമാണിവിടെയെന്നും ആ ജഡ്ജിയെ എങ്ങനെ വിശ്വസിക്കുമെന്നുമായിരുന്നു അദ്ദേഹത്തി​​ന്റെ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook