അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങളെച്ചൊല്ലി പ്രതിപക്ഷ ബഞ്ചുകളിൽ നിന്നും ഇടതടവില്ലാതെ ഉയർന്ന മുദ്രാവാക്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പറഞ്ഞു, ‘Desh dekh raha hai, ek akela kitnon pe bhari padh raha hai.’കാര്യങ്ങളെല്ലാം ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്നത് എങ്ങനെ എന്ന് രാജ്യം ഉറ്റു നോക്കുകയാണ് എന്ന് അര്‍ത്ഥം. ആ പ്രസ്താവന പ്രധാനമന്ത്രിയുടെ പൊട്ടിത്തെറി പോലെ തോന്നിയെങ്കിലും, ബോധപൂർവ്വമല്ലാതെ തന്‍റെ പാർട്ടിക്ക് അദ്ദേഹം ഒരു പഞ്ച് ലൈൻ കൊടുത്ത പോലെയായി.
കാരണം, 2024 ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ, ബി ജെ പിക്ക് മുന്നിലുള്ള പ്രശ്നങ്ങള്‍ – പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയവ – മറികടക്കാൻ അവര്‍ ആശ്രയിക്കുന്ന ഒരു തുറുപ്പ് ചീട്ടുണ്ട്. ‘മോദിയും മറ്റുള്ളവരും തമ്മിൽ’ (മോദി വേഴ്സസ് ദി അദേഴ്സ്) എന്നതാണ് അത്.
കൂടുതൽ വിശദമാക്കുകയാണെങ്കില്‍, ബി ജെ പിയുടെ ശ്രദ്ധ കേന്ദ്ര സർക്കാരിന്‍റെ അല്ലെങ്കിൽ മോദി സർക്കാരിന്‍റെ പദ്ധതികളായിരിക്കും. ഈ പദ്ധതികളെ അവരുടെ വിജയവഴിയായി ബി ജെ പി തിരിച്ചറിഞ്ഞിട്ടു കുറച്ച് കാലമായി. മോദി സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ നേട്ടം അതിനർഹരായ അവസാനത്തെ വ്യക്തിക്കും ലഭ്യമാക്കിയെന്നും ഏതെങ്കിലും മതമോ വിഭാഗമോ നിർവ്വചിക്കുന്നതിനു വിരുദ്ധമായി ഈ നേട്ടങ്ങളെല്ലാം തന്നെ ‘യഥാർത്ഥ മതേതരത്വത്തെ’ സൂചിപ്പിക്കുന്നവയാണ് എന്ന് വിശേഷിപ്പിക്കുന്ന ബി ജെ പി യുടെ ‘പൊളിറ്റിക്സ് ഓഫ് സാച്ചുറേഷൻ’ എന്നതായിരിക്കും തെരഞ്ഞെടുപ്പിലെ അവരുടെ മുഖ്യമുദ്രാവാക്യം.
ഉത്തർപ്രദേശ് പോലുള്ള സമീപകാല തെരഞ്ഞെടുപ്പുകളിൽ ഈ ‘ഗാമ്പിള്‍’ ഫലം കണ്ടതോടെ, ഈ പദ്ധതികളുടെ ഗുണഭോക്താക്കളെ പാർട്ടിയുടെ പ്രതിജ്ഞാബദ്ധതയുള്ള വോട്ടർമാരായാണ് ബിജെപി കാണുന്നത്. ബി ജെ പിയുടെ എല്ലാ മോർച്ചകളോടും, ശിൽപ്പശാലകൾ, ക്യാമ്പുകൾ, തെരുവ് യോഗങ്ങൾ (കോർണർ മീറ്റിങ്) എന്നിവ സംഘടിപ്പിക്കാനും പദ്ധതികൾ സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്യാനും ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കാനും പ്രചരിപ്പിക്കാനും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ കേന്ദ്രം ആരംഭിച്ച പദ്ധതികളുടെ ക്രെഡിറ്റ് എടുക്കുന്നതിനെതിരെ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ആന്ധ്രാപ്രദേശിലെയും ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിലെയും ഡൽഹിയിലെയും ഇത്തരം നീക്കങ്ങളെ പരാമർശിച്ച്, പദ്ധതികളുടെ പേര് സംസ്ഥാനങ്ങൾ പുനർനാമകരണം ചെയ്താൽ കേന്ദ്രം നിർത്തലാക്കാൻ നിർബന്ധിതരാകുമെന്ന് മാണ്ഡവ്യ പറഞ്ഞു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് 303 ആയി വർദ്ധിച്ചുവെങ്കിലും, ഇപ്പോഴും പച്ച പിടിക്കാന്‍ പറ്റാത്ത പ്രദേശങ്ങളിൽ ബിജെപിക്ക് കയറിപ്പറ്റാനും നിലയുറപ്പിക്കാനുമുള്ള എളുപ്പവഴിയായി ഈ പദ്ധതികളെ അവർ കാണുന്നു.
കഴിഞ്ഞ മാസം നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ, ഈ വർഷത്തെ ഒമ്പത് നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും പാർട്ടി നേതാക്കൾക്ക് മോദി നൽകിയ പ്രധാന ഉപദേശം പരമ്പരാഗതമായി അവരെ പിന്തുണയ്ക്കുന്ന വിഭാഗങ്ങൾക്ക് അപ്പുറം പ്രവർത്തിക്കുക എന്നതായിരുന്നു. ഇത് ‘വോട്ടിന് വേണ്ടി മാത്രമല്ല’ എന്ന് വ്യക്തമാക്കുകയും അതേ സമയം, സമുദായങ്ങളെയും വിഭാഗങ്ങളെയും വിരോധികളാക്കുന്ന നിലയിലുള്ള നിലപാടുകളൊന്നും പാടില്ലെന്നും ‘വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്നവരോട്’ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബി ജെ പി ന്യൂനപക്ഷ മോർച്ച (BJP Minority Morcha)നാല് മാസത്തെ ജനസമ്പർക്ക പരിപാടിക്കായി ജനസംഖ്യയുടെ 30 ശതമാനത്തിലധികം ന്യൂനപക്ഷങ്ങളുള്ള 60 ലോക്‌സഭാ മണ്ഡലങ്ങൾ കണ്ടെത്തി.
ഇതിന് പുറമെ, വർഷം മുഴുവനുമുള്ള G20 പ്രസിഡൻസി ആഘോഷങ്ങളുടെ ഭാഗമായി, ഒരു രാഷ്ട്രതന്ത്രജ്ഞനെന്ന നിലയിൽ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ആഗോളതലത്തിൽ പുതുക്കിപ്പണിയാനും ബിജെപി ശ്രമിക്കുന്നു. ‘ബിജെപിയെ അറിയുക’ ( The Know BJP) എന്ന പരിപാടി ഇതിന്‍റെ ഭാഗമാണ്.
ചുരുക്കി പറഞ്ഞാൽ ഇതിന്‍റെയൊക്കെ അർത്ഥം, തിരക്കേറിയതും നിരന്തരവുമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പരിപാടികളും ഉണ്ടായിരുന്നിട്ടും, ബി ജെപിയുടെ അവസാന അഭയം മോദി തന്നെയാകുന്നു എന്നതാണ്.