ഓഗസ്റ്റ് 5 ബുധനാഴ്ച അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജാ ചടങ്ങ് നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ അയോധ്യയിൽ ഹനുമാൻ പ്രതിഷ്ഠയിലെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ഞായറാഴ്ച നടത്താനിരുന്ന ചടങ്ങായിരുന്നു ഇത്. കോവിഡിനെത്തുടർന്ന് നഗരത്തിൽ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക്ഡൗൺ കാരണം ചടങ്ങ് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
എല്ലാ പ്രാദേശിക ക്ഷേത്രങ്ങളിലും തുടർച്ചയായ അഖണ്ഡ രാമായണ പാരായണം ചങ്ങുകളുടെ ഭാഗമായി നടത്തുന്നുണ്ട്. ഓഗസ്റ്റ് 4, 5 തീയതികളിൽ വീടുകളിലും ക്ഷേത്രങ്ങളിലും സരയു നദിയിലും എണ്ണ വിളക്കുകൾ കത്തിച്ച് ദീപാഞ്ജലി നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിലെ പ്രധാനഭാഗങ്ങളിൽ മഞ്ഞ നിറത്തിൽ പെയിന്റ് അടിച്ചിട്ടുണ്ട്. സമൃദ്ധിയുടെയും വിജ്ഞാനത്തിന്റെയും നിറമെന്ന തരത്തിലാണ് ഇത്.
Read More: നാൽപ്പത് കിലോയുടെ വെള്ളിക്കല്ല്, കൂറ്റൻ സ്ക്രീനുകൾ; രാമക്ഷേത്ര തറക്കല്ലിടലിനു വിപുലമായ ഒരുക്കങ്ങൾ
ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഇതിനകം അതിഥികൾക്ക് മെയിൽ അയച്ചിട്ടുണ്ട്. ഭൂമി പൂജയ്ക്കായി ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ അയോധ്യയിലെ കർസേവക്പുരത്ത് ഹാജരാകാനാണ് അതിഥികളോട് ആവശ്യപ്പെട്ടത്. ബുധനാഴ്ച നടക്കുന്ന ഭൂമി പുജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനായി 260 ത്തിലധികം ക്ഷണിതാക്കളുടെ പട്ടിക 175 ആയി ചുരുക്കിയിട്ടുണ്ടെന്ന് പരിപാടിയുടെ സംഘാടകരായ ശ്രീരാം ജനംഭൂമി തീർത്ഥ ക്ഷത്ര ട്രസ്റ്റിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തൊട്ടാകെയുള്ള 36 ആത്മീയ ശ്രേണികളിൽ നിന്നുള്ള 133 സന്യാസികൾ ചടങ്ങിനെത്തും. ബിജെപി നേതാക്കൾ, ആർഎസ്എസ് ഭാരവാഹികൾ, വിശ്വ ഹിന്ദു പരിഷത്തുമായി ബന്ധമുള്ള അതിഥികൾ എന്നിവരും ചടങ്ങിലെത്തും.
പ്രധാനമന്ത്രി മോദിയെ കൂടാതെ യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ട്രസ്റ്റ് പ്രസിഡന്റ് മഹാന്ത് നൃത്ത ഗോപാൽ ദാസ് എന്നിവരും ചടങ്ങിനെത്തും.
ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിദ്ധമായ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ ഏഴ് മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി ചിലവഴിക്കുക. മരവും ഗ്ലാസും കൊണ്ട് നിർമ്മിച്ച താൽക്കാലിക രാം ലല്ലാ ക്ഷേത്രവും അദ്ദേഹം സന്ദർശിക്കുമെന്നാണ് കരുതുന്നത്.
Read More: പുറത്ത് നിന്ന് ആർക്കും നഗരത്തിൽ പ്രവേശനമില്ല; അയോധ്യയിൽ ഭൂമിപൂജ കർശന സുരക്ഷയിൽ
ബുധനാഴ്ചത്തെ ചടങ്ങിന്റെ ഭാഗമായി മന്ത്രങ്ങൾ ചൊല്ലുകയും ക്ഷേത്രനിർമാണത്തിനായി ഭൂമിയിൽ നിലമൊരുക്കുകയും ചെയ്യും. 22.60 കിലോഗ്രാം വരുന്ന വെള്ളിക്കട്ടി ഭൂമി പൂജ ചടങ്ങിനായി ഉപയോഗിക്കുമെന്ന് അയോദ്ധ്യയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത്, പങ്കെടുക്കുന്നവർ തമ്മിൽ പരസ്പരം ആറടി ദൂരം അകലം ക്രമീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആനന്ദി ബെൻ പട്ടേൽ, ആദിത്യനാഥ്, മോഹൻ ഭഗവത്, മഹാന്ദ് ദാസ് എന്നിവരടക്കം അഞ്ച് പേർ മാത്രമാണ് പ്രധാന വേദിയിൽ ഇരിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ചത്തെ ചടങ്ങോടെ ക്ഷേത്ര നിർമാണം ആരംഭിക്കും. ആറ് മാസത്തിനും ഒരു വർഷത്തിനും ഇടയിൽ സമയമെടുത്താവും നിർമ്മാണം പൂർത്തിയാക്കുകയെന്ന് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.
Read More: How Ayodhya is preparing for Ram temple bhoomi poojan amid Covid protocols