അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വച്ച് പാപ്പരാസികള്‍ പിന്തുടര്‍ന്ന ബ്രീട്ടീഷ് രാജകുമാരന്‍ ഹാരിക്കും പത്നി മേഗനും സഹായമായത് ഇന്ത്യന്‍ വംശജനായ ടാക്സി ഡ്രൈവര്‍ സുഖ്ചരണ്‍ സിംഗ്. അര ഡസണോളം കാറുകളിലായിരുന്നു പാപ്പരാസികള്‍ ഹാരി-മേഗന്‍ ദമ്പതികളെ പിന്തുടര്‍ന്നത്.
ന്യൂയോര്‍ക്ക് നഗരത്തില്‍ വച്ച് നടന്ന ഒരു പുരസ്കാര ചടങ്ങിന് ശേഷം മടങ്ങവെയാണ് ദുരനുഭവം നേരിടേണ്ടി വന്നതെന്നാണ് ദമ്പതികളുടെ വക്താവില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.
ഇരുവരേയും പാപ്പരാസികള്‍ പിന്തുടര്‍ന്നത് 1997-ല്‍ ഹാരിയുടെ മാതാവ് ഡയാന രാജകുമാരിയുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു. ഇവിടെ ആര്‍ക്കും പരുക്കുകള്‍ പറ്റിയില്ല എന്നത് മാത്രമാണ് വ്യത്യാസമെന്നും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവര പ്രകാരം സുരക്ഷ ഉദ്യോഗസ്ഥാനാണ് ഇരുവര്‍ക്കും വേണ്ടി ടാക്സി വിളിച്ചത്. ഇരുവരും താമസിച്ചിരുന്നത് സുഹൃത്തിന്റെ വസതിയിലായിരുന്നു. എന്നാല്‍ പാപ്പരാസികള്‍ പിന്തുടര്‍ന്നതോടെ മന്‍ഹട്ടന്‍ പൊലീസ് സ്റ്റേഷനിലേക്കാണ് ദമ്പതികള്‍ സുഖ്ചരണിന്റെ ടാക്സിയില്‍ പോയത്.
ആഡംബര കാര്‍ ഉപേക്ഷിച്ചായിരുന്നു ഹാരിയും മേഗനും ടാക്സിയില്‍ യാത്ര തുടര്‍ന്നത്.
തന്റെ കാറിനുള്ളില്‍ പ്രവേശിച്ച നിമിഷം തന്നെ ഹാരിയേയും മേഗനേയും തിരിച്ചറിയാനായിരുന്നതായി സുഖ്ചരണ്‍ പറയുന്നു.
ഒരു സുരക്ഷ ഉദ്യോഗസ്ഥാനാണ് എന്നെ വിളിച്ചത്, പിന്നീട് ഞാന്‍ നോക്കുമ്പോള്‍ ഹാരി രാജകുമാരനും അദ്ദേഹത്തിന്റെ പത്നിയുമാണ് കാറിലേക്ക് കയറിയത്, സുഖ്ചരണ്‍ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോട് പറഞ്ഞു.
യാത്ര തുടരവെയാണ് ഗതാഗത തടസം നേരിട്ടത്. ഒരു ട്രക്ക് കാരണമാണ് റോഡില്‍ കുടുങ്ങിയത്. പെട്ടെന്നാണ് പാപ്പരാസികളുടെ വരവുണ്ടായത്. അവര്‍ ചിത്രങ്ങള്‍ എടുക്കാനും ആരംഭിച്ചു. എങ്ങോട്ടാണ് പോകേണ്ടതെന്നതിന്റെ ലൊക്കേഷന്‍ എനിക്ക് തരാന്‍ അവര്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ പാപ്പരാസികള്‍ എത്തിയതോടെ സമീപ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുവാനായിരുന്നു നിര്‍ദേശിച്ചത്, സുഖ്ചരണ്‍ കൂട്ടിച്ചേര്‍ത്തു.
പപ്പാരാസികള്‍ വിടാതെ പിന്തുടര്‍ന്നതോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് പോകാമെന്ന തീരുമാനത്തില്‍ ദമ്പതികള്‍ എത്തിയത്.
പാപ്പരാസികള്‍ തങ്ങളുടെ പിന്നിലായാണ് എത്തിയതെന്നും കൃത്യമായ അകലം പാലിച്ചിരുന്നെന്നുമാണ് സുഖ്ചരണ്‍ പറയുന്നത്. മുഴുവന്‍ സമയവും പാപ്പരാസികള്‍ പിന്നിലുണ്ടായിരുന്നതായും സുഖ്ചരണ്‍ ഓര്‍ത്തെടുത്തു.
ഹാരിയും മേഗനും പരിഭ്രാന്തരായിരുന്നെന്നും സുഖ്ചരണ്‍ കൂട്ടിച്ചേര്‍ത്തു.
ചെറിയ ദൂരം മാത്രമുണ്ടായിരുന്ന യാത്രയില്‍ 50 അമേരിക്കന്‍ ഡോളറാണ് ഹാരിയും മേഗനും സുഖ്ചരണ് നല്‍കിയത്.