ചെന്നൈ: മദ്രാസ് ഹൈക്കോടതി ജഡ്ജിയെ സോഷ്യല്‍മീഡിയയില്‍ പരിഹസിച്ച 40കാരിയായ വീട്ടമ്മയെ വെല്ലൂരില്‍ അറസ്റ്റ് ചെയ്തു. മഹാലക്ഷ്മി എന്ന യുവതിയെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി. സെപ്തംബറില്‍ സര്‍ക്കാര്‍ അധ്യാപകര്‍ നടത്തിയ സമരത്തിനെതിരെ ഹൈക്കോടതി ജഡ്ജി എന്‍ കിരുബകരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ നിരവധി ട്രോളുകള്‍ നിറഞ്ഞിരുന്നു. മഹാലക്ഷ്മിയും ജഡ്ജിയെ ട്രോളി രംഗത്തെത്തിയിരുന്നു.

തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നിറയുന്ന ട്രോളുകള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജഡ്ജി പൊലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ശമ്പളത്തിനും ആനുകൂല്യങ്ങലിലും കാണിക്കുന്ന അവഗണന ഇ്ലലാതാക്കണമെന്ന് കാട്ടിയായിരുന്നു സെപ്തംബറില്‍ സര്‍ക്കാര്‍ അധ്യാപകര്‍ സമരം നടത്തിയത്. ക്ലാസുകള്‍ ബഹിഷ്കരിച്ച് സമരം നടത്തിയ അധ്യാപകര്‍ക്കെതിരെ ഹൈക്കോടതി രംഗത്തെത്തുകയും ചെയ്തു.

അന്ന് ഹൈക്കോടതി ജഡ്ജി കിരുബകരന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് വെറും അഞ്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് മെഡിക്കല്‍ സീറ്റ് നേടുന്നത്. ഈ വസ്തുത മനസ്സിലാക്കി സമരം നടത്തുന്ന സര്‍ക്കാര്‍ അധ്യാപകര്‍ ലജ്ജിച്ച് തല താഴ്ത്തണം. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയണം. ഇത്തരം ആള്‍ക്കാര്‍ സമരം നടത്തുന്നതില്‍ അര്‍ത്ഥമില്ല’, ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ പരിഹസിച്ചത്.

സെപ്തംബര്‍ 14നാണ് മഹാലക്ഷ്മിയും ജഡ്ജിയെ പരിഹസിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. അധ്യാപകര്‍ക്കെതിരെ ജഡ്ജിക്ക് ദേഷ്യം ഉളളതിന്റെ സ്വകാര്യമായ കാരണങ്ങള്‍ വിശദീകരിച്ചായിരുന്നു വീട്ടമ്മയുടെ പോസ്റ്റ്. ഇനിയും നിരവധി പേര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ