ബിജെപിയുമായി ബന്ധമുള്ള വ്യക്തികളുടേയും സംഘങ്ങളുടേയും വെറുപ്പ് നിറഞ്ഞ പ്രസ്താവനകള്‍ക്കെതിരെ ഫേസ് ബുക്ക് നടപടി എടുക്കാതിരുന്നത് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധിക്കും. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മിറ്റിയാണ് അന്വേഷിക്കുന്നത്.
ബിജെപിയുമായി ബന്ധമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ഫേസ് ബുക്കിന്റെ ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് കമ്പനിയുടെ രാജ്യത്തെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെന്ന് അമേരിക്കന്‍ മാധ്യമമായ ദി വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത നല്‍കിയിരുന്നു.
ഇവരുടെ സന്ദേശങ്ങള്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഫേസ്ബുക്കിന്റെ തന്നെ സംവിധാനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും വിദ്വേഷ പോസ്റ്റുകള്‍ക്ക് എതിരെയുള്ള ചട്ടങ്ങള്‍ പ്രകാരം നടപടി സ്വീകരിച്ചില്ല.
പാര്‍ലമെന്ററി കമ്മിറ്റി ഈ വിഷയത്തില്‍ ഫേസ്ബുക്കിന്റെ കാഴ്ചപ്പാട് എന്താണെന്ന് ആരായുമെന്ന് ശശി തരൂര്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
തിങ്കളാഴ്ച തന്നെ ഫേസ്ബുക്കിനോട് വിശദീകരണം ആരായുമെന്ന് കമ്മിറ്റി സെക്രട്ടറിയേറ്റിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഉദ്യോഗസ്ഥന് പറഞ്ഞു. കൂടാതെ, സോഷ്യല്‍ മീഡിയ കമ്പനിയുടെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്നും പറഞ്ഞു.
ലംഘനങ്ങള്‍ക്ക് ബിജെപിക്കാരെ ശിക്ഷിക്കുന്നത് ഫേസ് ബുക്കിന് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യത്തിലെ ബിസിനസ് സാധ്യതകള്‍ക്ക് ഹാനികരമാകുമെന്നതിനാല്‍ നടപടി എടുക്കുന്നതില്‍ നിന്നും ജീവനക്കാരെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് പറഞ്ഞുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read Also: ഫെയ്സ്ബുക്കിനെ നിയന്ത്രിക്കുന്നത് ബിജെപിയെന്ന് രാഹുൽ; പരാമർശം വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിന് പിറകേ
സംഭവത്തില്‍ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
എബിവിപിയുടെ ജെഎന്‍യു യൂണിറ്റ് പ്രസിഡന്റായിരുന്ന രശ്മി ദാസും അന്‍ഖി ദാസും തമ്മിലെ ബന്ധം എന്താണെന്ന് ബിജെപിയോട് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന് ചോദിച്ചു.
ഫേസ്ബുക്കിന്റേയും വാട്സ്ആപ്പിന്റേയും എന്ത് ബിസിനസ് താല്പര്യങ്ങളാണ് നടപടി എടുക്കുന്നതില്‍ നിന്നും തടഞ്ഞതെന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടേയും ആര് എസ് എസിന്റേയും അജണ്ടയായ ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ സമൂഹത്തെ ധ്രൂവീകരിച്ച് ഇന്ത്യയിലെ അന്തരീക്ഷം മലിനപ്പെടുത്താനും പകരം ഇന്ത്യയിലെ വിപണിയില്‍ നിങ്ങള്‍ക്ക് സഹായം ലഭിക്കാനും എന്തെങ്കിലും കരാര്‍ ഉണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു.
“വാട്സ്ആപ്പ് പേയുടെ ലൈസന്‍സിനുവേണ്ടി വാട്സ്ആപ്പ് അപേക്ഷിച്ചിരുന്നു. ആ ലൈസന്‍സിനുള്ള കരാര്‍ എന്താണ്. എന്താണ് നിബന്ധനകള്‍,” മാക്കന് ചോദിച്ചു. കോണ്‍ഗ്രസിന്റെ ഡാറ്റാ സെല്‍ തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തിയും സോഷ്യല്‍ മീഡിയ തലവന്‍ രോഹന് ഗുപ്തയും മാക്കനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായിരുന്നു.
ഇന്ത്യയില്‍ ഫേസ്ബുക്കിനേയും വാട്സ്ആപ്പിനേയും നിയന്ത്രിക്കുന്നത് ബിജെപിയും ആര് എസ് എസും ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെപിസി അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
സ്വന്തം പാര്‍ട്ടിയെ ആളുകളെ പോലും സ്വാധീനിക്കാന്‍ കഴിയാത്ത പരാജിതര്‍ ലോകം മുഴുവന്‍ ബിജെപിയും ആര് എസ് എസും നിയന്ത്രിക്കുകയാണെന്ന് പറയുന്നുവെന്ന് പ്രസാദ് ട്വീറ്റ് ചെയ്തു. കേംബ്രിഡ്ജ് അനലിറ്റിക്കയും ഫേസ്ബുക്കുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം കൈയോടെ പിടിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 700-ല്‍ അധികം പേജുകളും ഗ്രൂപ്പുകളും അക്കൗണ്ടുകളും ഫേസ് ബുക്ക് എടുത്തുകളഞ്ഞുവെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
ഒരു രാഷ്ട്രീയ നിലപാടുകളും സ്വീകരിക്കാതെ വിദ്വേഷ പ്രസംഗങ്ങള്‍ക്കും അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ക്കും എതിരെ നടപടി സ്വീകരിക്കാറുണ്ടെന്ന് ഫേസ് ബുക്കിന്റെ ഒരു വക്താവ് ദി ഇന്ത്യന്‍ എക്്സ്പ്രസിനോട് പറഞ്ഞു.
അതേസമയം, ജെപിസി അന്വേഷണം എന്ന ആവശ്യം കോണ്‍ഗ്രസിലും തര്‍ക്കത്തിന് കാരണമായി. ജെപിസിയുടെ ചെയര്‍മാനെ നിശ്ചയിക്കുക ഭരണകക്ഷിയെന്ന നിലയില്‍ ബിജെപിയാണ്. ഐടി കമ്മിറ്റിയുള്ളപ്പോള്‍ ജെപിസിയുടെ ആവശ്യമെന്തിനാണ് എന്നാണ് ജെപിസിയെ എതിര്‍ക്കുന്ന നേതാക്കന്മാരുടെ ചോദ്യം. തരൂര്‍ ആണ് ഐടി കമ്മിറ്റിയുടെ തലവന്‍ എന്നത് നേതാക്കന്മാര് ചൂണ്ടിക്കാണിക്കുന്നു.
Read in English: House panel to ask Facebook to explain ‘inaction’ on hate posts linked to BJP