ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ദേശസ്നേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യം ചെയ്തിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ”പ്രധാനമന്ത്രി പറയാനുദ്ദേശിക്കുന്നതല്ല ചെയ്യുന്നത്, ചെയ്യാനുദ്ദേശിക്കുന്നതല്ല പറയുന്നത്, ഇന്ത്യയിലെ ജനങ്ങളെ ഇത് ഓർമിപ്പിച്ചതിന് അരുണ്‍ ജെയ്റ്റ്‌ലിക്ക് നന്ദി” എന്നായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്. ജെയ്‌റ്റിലെ ‘ജെയ്റ്റ്‌ലൈ’ എന്ന് പരിഹസിച്ചാണ് രാഹുൽ ട്വീറ്റിൽ എഴുതിയത്.

‘ബിജെപി കളളം പറയുന്നു’ എന്ന ഹാഷ് ടാഗും രാഹുലിന്റെ ട്വീറ്റിലുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെയും രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ വിഡിയോയും ഇന്നലെ രാജ്യസഭയിൽ ഇതിനു നൽകിയ വിശദീകരണത്തിന്റെ വിഡിയോയും രാഹുൽ ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്രെയും മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെയും ദേശസ്നേഹം പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യം ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വിശദീകരണം. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് കേന്ദ്ര സർക്കാരിന് വേണ്ടി വിശദീകരണം രാജ്യസഭയിൽ അറിയിച്ചത്. ഈ നേതാക്കളോട് തങ്ങൾക്ക് അങ്ങേയറ്റം ആദരവാണുളളതെന്നും രാജ്യത്തോടുള്ള അവരുടെ പ്രതിജ്ഞാബദ്ധതയെയും ഞങ്ങൾ ബഹുമാനിക്കുന്നുവെന്നും ജെയ്‌റ്റി പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൻമോഹൻ സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഇതേ തുടർന്ന് പാർലമെന്രിന്രെ ഇരുസഭകളിലും ശീതകാല സമ്മേളന വേള തുടങ്ങിയത് മുതൽ കോൺഗ്രസ്സ് ഈ വിഷയം നിരന്തരം ഉന്നയിക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽ മാപ്പ് പറയണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. ഈ വിവാദത്തെ തുടർന്ന് സഭാ നടപടികൾ പലപ്പോഴും തടസ്സപ്പെട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ