ചെന്നൈ: പെരിയാറിന്റെ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ പ്രതിഷേധം കത്തുന്നു. ഇന്ന് രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ പത്ത് ബ്രാഹ്മണരുടെ പൂണൂൽ ബലമായി അറുത്ത് മാറ്റിയ എട്ടംഗ സംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ചെന്നൈയ്ക്ക് സമീപം ട്രിപ്ലികെയ്നിലാണ് സംഭവം നടന്നത്. ഐസ് ഹൗസ് പൊലീസ് സ്റ്റേഷന് അടുത്ത് വച്ചാണ് എട്ടംഗ സംഘം ആക്രമണം നടത്തിയത്. ഇവർ പെരിയാർ അനുകൂല മുദ്രാവാക്യം മുഴക്കിയിരുന്നു.
“പത്ത് പേരും മേൽവസ്ത്രം ധരിച്ചിരുന്നില്ല. ഇവർ ക്ഷേത്രത്തിൽ നിന്ന് മടങ്ങിവരികയായിരുന്നു. അക്രമികൾ പെരിയാറിനെ വാഴ്ത്തി മുദ്രാവാക്യം വിളിച്ചു. പൊലീസ് അവർക്കായി തിരച്ചിൽ നടത്തുകയാണ്,” ഒരു പൊലീസുദ്യോഗസ്ഥൻ പറഞ്ഞു.

പൊലീസ് തിരയുന്ന പ്രതികളിൽ രണ്ടുപേർ
ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ പ്രകോപനപരമായ പ്രസ്താവനയെ തുടർന്നാണ് പെരിയാറിന്റെ പ്രതിമ ഇന്നലെ ആക്രമിക്കപ്പെട്ടത്. തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിലെ പ്രതിമയുടെ മൂക്കും കണ്ണടയും നെറ്റിയും ആക്രമണത്തിൽ തകർന്നു. അക്രമി പൊലീസ് പിടിയിലായിരുന്നു.
സംഭവം നടന്ന് മണിക്കൂറുകൾക്കകം കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേർക്ക് പെട്രോൾ ബോംബെറിഞ്ഞു. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ലെങ്കിലും സംഭവം തമിഴ്നാട്ടിൽ പ്രതിഷേധം ഇളക്കിവിട്ടിട്ടുണ്ട്.
കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേർക്ക് ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി 9 മണിക്കായിരുന്നു തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സ്ഥാപിച്ച പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമ ആക്രമിക്കപ്പെട്ടത്. ഈ സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
#WATCH Coimbatore: A petrol bomb was hurled at BJP office earlier today #TamilNadu pic.twitter.com/hl3WRO0aB7
— ANI (@ANI) March 7, 2018
സംഭവത്തിൽ ബിജെപി പ്രവർത്തകനായ മുത്തുരാമനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബൈക്ക് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ബൈക്കിന് മുൻവശത്ത് പേരും പാർട്ടി ചിഹ്നവും പതിച്ചിരുന്നു. ഇതാണ് മുത്തുരാമനിലേക്ക് വിരൽചൂണ്ടിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook