ജമ്മു/ന്യൂഡൽഹി: ജമ്മു വ്യോമസേനാ താവളത്തിൽ ഇരട്ട സ്ഫോടനം നടന്നതിന് പിറകെ ജമ്മുവിലെ രത്നചൗക്ക്- കലാചൗക്ക് സൈനിക മേഖലയിൽ സംശയാസ്പദമായ തരത്തിൽ രണ്ട് ഡ്രോണുകൾ കൂടി കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ ജമ്മുവിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിലുണ്ടായ സ്ഫോടനം രണ്ട് ഡ്രോണുകളുപയോഗിച്ചാണ് നടത്തിയതെന്നാണ് കരുതുന്നത്. ഈ ഡ്രോണുകൾക്ക് സമാനമായി മറ്റ് രണ്ട് ഡ്രോണുകൾ ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം രത്നചൗക്ക്- കലാചൗക്ക് മേഖലയിൽ കണ്ടെത്തിയതായി പ്രതിരോധ വകുപ്പ് അറിയിച്ചു.
“2021 ജൂൺ 27 രാത്രിക്കും 28ന് പുലർച്ചയ്ക്കും ഇടയിൽ രണ്ട് വ്യത്യസ്ത ഡ്രോൺ പ്രവർത്തനങ്ങൾ രത്നചൗക്ക്- കലാചൗക്ക് മിലിട്ടറി ഏരിയയിൽ സൈനികർ കണ്ടെത്തി. ഉടൻ തന്നെ ഒരു ഉന്നത ജാഗ്രതാ നിർദേശം മുഴക്കി. ദ്രുത പ്രതികരണ സംഘങ്ങൾ വെടിവയ്പ് നടത്തി, ”ജമ്മുവിലെ പ്രതിരോധ പിആർഒ ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.
“രണ്ട് ഡ്രോണുകളും പറന്നുപോയി. സൈനികരുടെ ജാഗ്രതയും സക്രിയമായ സമീപനവും ഉപയോഗിച്ച് തടഞ്ഞ ഒരു പ്രധാന ഭീഷണിയാണത്. സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്, തിരച്ചിൽ തുടരുകയാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ജമ്മു സ്ഫോടനം: ഡ്രോണുകൾ വർഷിച്ചത് രണ്ടു കിലോ വീതമുള്ള സ്ഫോടക വസ്തുക്കൾ
ഞായറാഴ്ച പുലർച്ചെ 1.37 നും ഇടയിലാണ് വ്യോമസേനാ താവളങ്ങളിൽ സ്പോടനമുണ്ടായത്. ഡ്രോണുകളിൽ നിന്ന് സ്ഫോടകവസ്തുക്കൾ വർഷിക്കുകയായിരുന്നെന്നാണ് വിവരം. സ്ഫോടനങ്ങളിൽ രണ്ട് വ്യോമസേനാംഗങ്ങൾക്ക് പരുക്കേറ്റിരുന്നു.
ഒരു കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് സ്ഫോടനത്തിൽ നാശനഷ്ടമുണ്ടായിരുന്നു. എന്നാൽ സമീപത്തുള്ള വിമാന ഹാംഗറിനെ സ്ഫോടനം ബാധിച്ചില്ല. ആക്രമണത്തിൽ വിലയേറിയ ഉപകരണങ്ങളൊന്നും കേടായിട്ടില്ല.
പാക്കിസ്ഥാനുമായുളള രാജ്യാന്തര അതിർത്തിയിലെ (ഐബി) ഏറ്റവും അടുത്തുള്ള സ്ഥലത്ത് നിന്ന് 14-15 കിലോമീറ്റർ അകലെയാണ് വ്യോമസേന സ്റ്റേഷൻ. ജമ്മു മേഖലയിലെ ഐബിയുടെയും നിയന്ത്രണ രേഖയുടെയും (എൽഒസി) ഇന്ത്യൻ ഭാഗത്തേക്ക് പാക്കിസ്ഥാനിൽ നിന്ന് ഒരു ഡ്രോൺ ഇതുവരെ സഞ്ചരിച്ച പരമാവധി ദൂരം 12 കിലോമീറ്ററാണ്.
Read More: ഭീകരാക്രമണം: പുൽവാമയിൽ സ്പെഷൽ പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവച്ചു കൊന്നു
സ്ഫോടനത്തിൽ ഒരു എയർമാനും വാറന്റ് ഉദ്യോഗസ്ഥനുമാണ് പരുക്കേറ്റത്. ഇവർ സ്ഫോടനത്തിന്റെ കാരണമോ സ്ഫോടനത്തിന് മുമ്പ് ഡ്രോണിന്റെ ശബ്ദം കേട്ടിട്ടുണ്ടോ എന്നതോ സ്ഥിരീകരിച്ചിട്ടില്ലെന്ന് സൈനിക രഹസ്യാന്വേഷണ വിഭാഗം വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ പ്രദേശത്ത് നിന്ന് ഡ്രോൺ നിയന്ത്രിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അധികൃതർ പറഞ്ഞു.
തീവ്രവാദി ആക്രമണം നടത്താൻ ഡ്രോൺ ഉപയോഗിക്കുന്നത് രാജ്യത്തിന് ഒരു പുതിയ സുരക്ഷാ ഭീഷണിയുടെ തുടക്കമായി വിലയിരുത്തപ്പെടുന്നു. സായുധ ഡ്രോണുകളിൽ നിന്നുള്ള ഭീഷണി ഇന്ത്യൻ സുരക്ഷാ സംവിധാനങ്ങൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. ജമ്മു കശ്മീർ പോലീസ് ജമ്മുവിൽ 5 കിലോഗ്രാം ഭാരമുള്ള ഒരു സ്ഫോടകവസ്തു (ഐഇഡി) സഹിതം ലഷ്കറെ തയിബ പ്രവർത്തകനെ അറസ്റ്റ് ചെയ്തതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് വ്യോമസേനാ സ്റ്റേഷന് നേരെ ആക്രമണം നടന്നത്.
Read More: ജമ്മു വ്യോമതാവളത്തിൽ ഇരട്ട സ്ഫോടനം; രണ്ടു പേർക്ക് പരുക്ക്
എൻഐഎ, എൻഎസ്ജി ടീമുകൾ ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ആക്രമണത്തിനുശേഷം, സൈന്യവും വ്യോമസേനയും മേഖലയിലെ പ്രധാന സൈനിക സ്റ്റേഷനുകളിലും വ്യോമസേനാ സ്റ്റേഷനുകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുത്ത സൈനിക സ്റ്റേഷനുകളിൽ ബോംബ് നിർമാർജന സ്ക്വാഡുകൾ നിലയുറപ്പിച്ചിട്ടുണ്ട്.