ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി സംഭവത്തെ അപലപിച്ച് മണിക്കൂറുകള്‍ പിന്നിടുന്നതിനു മുന്‍പ് വരുണ്‍ ഗാന്ധി എംപിയെയും അമ്മ മേനക ഗാന്ധിയെയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കി. പുതിയ അംഗങ്ങളടങ്ങിയ സമിതി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണു പ്രഖ്യാപിച്ചത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ പേരിലുള്ള എസ് യുവി ഉള്‍പ്പെടെയുള്ള വാഹനവ്യൂഹം ലഖിംപുര്‍ ഖേരിയില്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് നാല് കര്‍ഷകര്‍കൊല്ലപ്പെട്ട സംഭവത്തില്‍ ട്വിറ്ററിലൂടെയായിരുന്നു വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം. സംഭവം വ്യക്തമാക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത വരുണ്‍ ഗാന്ധി ‘കര്‍ഷകരുടെ രക്തത്തിന് ഉത്തരവാദിത്തം’ ആവശ്യപ്പെട്ടിരുന്നു.
”വീഡിയോ വളരെ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാനാവില്ല. ഓരോ കര്‍ഷകന്റെയും മനസ്സില്‍ അഹങ്കാരത്തിന്റെയും ക്രൂരതയുടെയും സന്ദേശമെത്തുന്നതിനുമുമ്പ്, കര്‍ഷകരുടെ രക്തത്തിന് ഉത്തരവാദിത്തമുണ്ടായിരിക്കണം, നീതി നല്‍കണം, ”എന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ ട്വീറ്റ്.
Also Read: ‘നിങ്ങൾ എത്ര പേരെ അറസ്റ്റ് ചെയ്തു?’; ലംഖിപുർ ഖേരിയിൽ തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി
80 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബിജെപിയുടെ പുതിയ ദേശീയ നിര്‍വാഹക സമിതി. മുന്‍ കേന്ദ്ര മന്ത്രി ചൗധരി ബീരേന്ദര്‍ സിങ്ങും ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹവും വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചയാളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടങ്ങുന്ന ഉന്നത നേതാക്കളെക്കൂടാതെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും ദേശീയ നിര്‍വാഹക സമിതിയില്‍ അംഗങ്ങളാണ്.
80 സ്ഥിരം അംഗങ്ങള്‍ക്കു പുറമെ, 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും നിര്‍വാഹക സമിതിയിലുണ്ടാകും. 80 സ്ഥിരം അംഗങ്ങളില്‍ 37 പേര്‍ കേന്ദ്ര മന്ത്രിമാരാണ്. നിരവധി സംസ്ഥാന മന്ത്രിമാരും സമിതിയുടെ ഭാഗമാണ്.
രാജ്യസഭാ എംപി സുബ്രഹ്‌മണ്യന്‍ സ്വാമിയെയും പുതിയ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കി. അതേസമയം, പുതുതായി കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെട്ട അശ്വിനി വൈഷ്‌ണോ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ ഉള്‍പ്പെടുത്തി.
കേരളത്തില്‍നിന്നു കേന്ദ്രമന്ത്രി വി മുരളീധരനും കുമ്മനം രാജശേഖരനും നിര്‍വാഹക സമിതിയില്‍ തുടരും. അതേസമയം, ഒ രാജഗോപാലിനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും ഒഴിവാക്കി. മെട്രോമാന്‍ ഇ ശ്രീധരനെയും പികെ കൃഷ്ണദാസിനെയും പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി.
എപി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായും ടോം വടക്കന്‍ വക്താവായും തുടരും. ഉത്തര്‍പ്രദേശ് എംഎല്‍എ രാജേഷ് അഗര്‍വാള്‍ ട്രഷററും മധ്യപ്രദേശില്‍ നിന്നുള്ള എംപി സുധീര്‍ ഗുപ്ത ജോയിന്റ് ട്രഷററുമാണ്. പുതിയ ദേശീയ നിർവാഹക സമിതിയുടെ ആദ്യ യോഗം നവംബർ ഏഴിനു ന്യൂഡൽഹിയിൽ ചേരും.