വെല്ലൂർ: ഭരണം ലഭിച്ചാൽ തമിഴ്‌നാട്ടിൽ പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമ തകർക്കുമെന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിമ തകർക്കപ്പെട്ടു. തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സ്ഥാപിച്ച പെരിയാറിന്റെ പ്രതിമയുടെ മൂക്കും നെറ്റിയും അടങ്ങിയ ഭാഗം തകർത്തു.
തമിഴ്നാട്ടിൽ ബിജെപിക്ക് ഭരണം ലഭിച്ചാൽ ആദ്യം ഇല്ലാതാക്കുക പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്.രാജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് ആക്രമണം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ബിജെപി പ്രവർത്തകനും മറ്റൊരാൾ സിപിഐ പ്രവർത്തകനുമാണ്. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ത്രിപുരയിൽ ലെനിൻ പ്രതിമ തകർക്കപ്പെട്ടതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി രാജ ഇന്നലെ രംഗത്തെത്തിയത്. “ആരാണീ ലെനിൻ? ഇന്ത്യയിൽ അയാൾക്ക് എന്ത് കാര്യം? കമ്യൂണിസവും ഇന്ത്യയും തമ്മിൽ എന്ത് ബന്ധം? ഇന്ന് ത്രിപുരയിൽ ലെനിന്‍റെ പ്രതിമ തകർത്തു, നാളെ ജാതിവാദി പെരിയാറിന്‍റെ പ്രതിമകൾ തകർക്കും,” രാജ ഫെയ്സ്ബുക്കിൽ കുറിച്ചു. പിന്നീടിത് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.