ബെംഗളൂരു: മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞതിന് സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് കര്‍ണാടകയിൽ 20-കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. അനില്‍ രാജ് എന്നയാളെ ആണ് പൊലീസ് അറസ്റ്റ് ചെ്തത്. കര്‍ണാടകത്തിലെ ചിക്മംഗ്ലൂരില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി ധന്യശ്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ യുവമോര്‍ച്ച, ബജ്‌രംഗദൾ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഒരു വാട്സ്ആപ്പ് സന്ദേശത്തില്‍ തനിക്ക് മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് ധന്യശ്രീ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ധന്യശ്രീക്കെതിരെ നിരന്തരം ഭീഷണിയും അവഹേളനവും ആരംഭിച്ചു. ഇതിനു പിന്നാലെ സന്തോഷ് എന്ന ബജ്‌രംഗദൾ പ്രവര്‍ത്തകന്‍ വീട്ടിലേക്ക് വിളിച്ച് ധന്യശ്രീ എന്തിനാണ് തലയില്‍ തട്ടമിട്ടിരിക്കുന്ന ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ ഇട്ടിരിക്കുന്നതെന്ന് ഭീഷണിപ്പെടുത്തിയെന്ന് അമ്മ സരസ്വതി സുവര്‍ണ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് നിരന്തരം ഭീഷണികളായിരുന്നുവെന്നും മകളെ ‘നിയന്ത്രിക്കാ’നും ഇല്ലെങ്കില്‍ അനന്തരഫലം നേരിടാന്‍ തയാറായിക്കൊള്ളാനും യുവമോര്‍ച്ച, ബജ്‌രംഗദൾ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. അതിനടുത്ത ദിവസം ഒരുസംഘം ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുമെന്ന് പറയുകയും ചെയ്തു.

ജനുവരി ആറിനാണ് ധന്യശ്രീയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തനിക്ക് ഈ അപമാനം താങ്ങാന്‍ സാധിക്കുന്നില്ലെന്നും താനൊരു മുസ്ലീം യുവാവുമായി പ്രണയത്തിലാണെന്ന തരത്തില്‍ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അതിനാല്‍ ജീവനൊടുക്കുന്നു എന്നുമുള്ള ആത്മഹത്യാ കുറിപ്പും ധന്യശ്രീ എഴുതിവച്ചിരുന്നു. പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ അറസ്റ്റിലാവുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ