/indian-express-malayalam/media/media_files/uploads/2017/08/cctv.jpg)
ന്യൂഡൽഹി: ഫൈവ് സ്റ്റാർ ഹോട്ടലിലെ ജീവനക്കാരിയെ മാനേജർ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എൻഡിടിവിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. 33 കാരിയായ യുവതിയെ ഹോട്ടലിലെ സെക്യൂരിറ്റി മാനേജറാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയെ മാനേജർ വലിച്ചിഴയ്ക്കുന്നതും സാരി അഴിക്കാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലൈ 29 നാണ് സംഭവം നടന്നത്. പൊലീസിൽ യുവതി പരാതി നൽകിയെങ്കിലും ഇന്നാണ് മാനേജറെ അറസ്റ്റ് ചെയ്തത്. മാനേജറുടെ പിറന്നാൾ ദിവസമാണ് സംഭവം നടന്നതെന്ന് യുവതി എൻഡിടിവിയോട് പറഞ്ഞു. മാനേജർ അയാളുടെ ക്യാബിനിലേക്ക് വിളിപ്പിക്കുകയും ഇന്ന് എന്റെ പിറന്നാളാണെന്നും ക്രെഡിറ്റ് കാര്‍ഡ് നല്‍കി എന്ത് വേണമെങ്കിലും പിറന്നാള്‍ സമ്മാനമായി വാങ്ങാമെന്ന് പറയുകയും ചെയ്തു. എന്നോട് ഇരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ വിസമ്മതിച്ചപ്പോൾ എന്റെ സാരിയിൽ പിടിച്ചു വലിക്കുകയും അഴിക്കാൻ ശ്രമിക്കുകയും ചെയ്തു. ആ സമയത്ത് മറ്റൊരു ജീവനക്കാരൻ അവിടെ ഉണ്ടായിരുന്നെങ്കിലും അയാളോട് പുറത്തു പോകാൻ മാനേജർ ആവശ്യപ്പെട്ടു. അപ്പോൾതന്നെ അയാൾ പുറത്തുപോവുകയും ചെയ്തതായി യുവതി പറഞ്ഞു. പീഡിപ്പിക്കാൻ ശ്രമിച്ചതിനു പുറമേ അയാൾക്കൊപ്പം ആ രാത്രി മുഴുവൻ ഹോട്ടലിൽ താമസിക്കാനും ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു.
അന്നു തന്നെ എച്ച് ആർ വിഭാഗത്തിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഭർത്താവിന്റെ നിർദേശ പ്രകാരമാണ് ഓഗസ്റ്റ് ഒന്നിന് പൊലീസിൽ പരാതിപ്പെട്ടത്. ഇന്നലെ ഓഫീസിലെത്തിയ യുവതിയെ എച്ച്ആര്‍ മാനേജര്‍ വിളിപ്പിക്കുകയും പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് നല്‍കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പുറത്തായതിൽ മറ്റൊരു ജീവനക്കാരനെയും പിരിച്ചുവിട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.