സ്ഥിരമായി മദ്യപിക്കുകയുംപുകവലിക്കുകയും ചെയ്യുന്നവര്‍ ചൂടുളള ചായ കുടിക്കുന്നത് അന്നനാളത്തിലുളള അര്‍ബുദരോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. എന്നാല്‍ ഈ രണ്ട് ശീലങ്ങളും ഇല്ലാത്തവര്‍ ചൂടുളള ചായ കുടിക്കുന്നത് രോഗസാധ്യതയ്ക്ക് കാരണമാകില്ലെന്നും പഠനത്തില്‍ പറയുന്നു. അതായത് ചായ കാരണമല്ല അര്‍ബുദമുണ്ടാകുന്നത്.

‘ധാരാളമായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവര്‍ ചൂടു ചായ കുടിക്കുന്നതിലൂടെ അന്നനാളത്തിലുളള അര്‍ബുദത്തിനുളള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്’,ബീജിംഗിലെ പെക്കിംഗ് സര്‍വ്വകലാശാലയിലെ ഗവേശകന്‍ ജൂന്‍ എല്‍വി പറയുന്നു. ലോക ആരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സറിന്റെ കണക്ക് പ്രകാരം അന്നനാളത്തിലുളള അര്‍ബുദം കാരണം പ്രതിവര്‍ഷം 4 ലക്ഷത്തിലധികം പേരാണ് മരിക്കുന്നത്.

പഠനത്തിനായി 30 വയസ് മുതല്‍ 79 വയസ് വരെയുളള 4,45,155 പേരെയാണ് റിസര്‍ച്ച് ഏജന്‍സി പങ്കെടുപ്പിച്ചത്. ചൈനയില്‍ നടത്തിയ പഠനം 10 വര്‍ഷമാണ് എടുത്തത്. ചൂടുളള ചായയും, സ്ഥിരമായുളള മദ്യപാനവും, പുകവലിക്കുകയും ചെയ്തവര്‍ക്ക് ഈ മൂന്ന് ശീലവും ഇല്ലാത്തവരെ അപേക്ഷിച്ച് അഞ്ച് മടങ്ങാണ് അര്‍ബുദം ഉണ്ടാകുവാനുളള സാധ്യതയെന്ന് പഠനത്തില്‍ കണ്ടെത്തി.

പുകവലിയും മദ്യപാനവും അന്നനാളത്തിലുളള അര്‍ബുദത്തിന് ഇടയാക്കുമെന്ന് നേരത്തേ പഠനങ്ങള്‍ തെളിയിച്ചതാണ്. എന്നാല്‍ അതിന് കൂടുതല്‍ വളമാകുന്നതാണ് ഈ രണ്ട് ശീലത്തിനുമൊപ്പം ചൂടു ചായ കൂടി കുടിക്കുന്നതെന്നാണ് പുതിയ പഠനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook