scorecardresearch

Latest News

ഹോസ്റ്റല്‍ വാര്‍ഡന്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച 100 കി.ഗ്രാം കഞ്ചാവ് വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി

ചോദ്യപ്പേപ്പര്‍ ചോര്‍ത്താമെന്ന് കരുതി വിദ്യാര്‍ത്ഥികള്‍ തുറന്നു നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: തെലങ്കാനയില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും 100 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാര്‍ത്ഥികള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്രയും കഞ്ചാവ് പിടിച്ചെടുത്തത്. കട്ടിലിന് അടിയില്‍ ഹോസ്റ്റല്‍ വാര്‍ഡനാണ് ഇത് ഒളിപ്പിച്ച് വെച്ചതെന്ന് കുട്ടികള്‍ പൊലീസില്‍ പരാതിപ്പെട്ടു.

ഗായത്രി ജൂനിയര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് പരാതിപ്പെട്ടത്. ചോദ്യപ്പേപ്പറുകള്‍ ആണെന്ന് പറഞ്ഞാണ് വാര്‍ഡന്‍ കഞ്ചാവ് കെട്ടുകള്‍ കട്ടിലിന് താഴെ ഒളിപ്പിച്ചത്. ചോദ്യപ്പേപ്പര്‍ ചോര്‍ത്താമെന്ന് കരുതി തങ്ങള്‍ തുറന്നു നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

കെട്ടുകെട്ടുകളായി അടുക്കിവച്ചിരുന്ന 100 കി.ഗ്രാമോളം കഞ്ചാവാണ് ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നപ്പോഴാണ് കഞ്ചാവ് കട്ടിലിന് അടിയില്‍ വച്ചത്. പൊലീസ് സ്ഥലത്തെത്തി സാധനം പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പ് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഹോസ്റ്റല്‍ വാര്‍ഡന്‍ കോളേജില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നതായാണ് പൊലീസ് സംശയിക്കുന്നത്.

സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഹോസ്റ്റല്‍ വാര്‍ഡനായ നാഗയ്യയ്ക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Hostel students discover 100kg ganja under bed allege warden kept it