ലഖ്‌നൗ: അവഗണനയുടെ മറ്റൊരു ദാരരുണ ചിത്രവുമായി വീണ്ടും ഉത്തർപ്രദേശ് വാർത്തകളിൽ ഇടം പിടിക്കുന്നു. ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് അമ്മാവൻ ഒൻപതുകാരിയുടെ മൃതദേഹം സൈക്കിൽ കൊണ്ടുപോയി.

ഉത്തർപ്രദേശിലെ കൗസാംമ്പി ജില്ലയിൽ നിന്നാണ് മജൻപൂർ ടെഹ്സിലെ വീട്ടിലേക്ക് ബ്രിജ്മോഹൻ സൈക്കിളിൽ കൊണ്ടുപോയത്. രണ്ട് ദിവസം മുൻപ് വയറിളക്കവും ഛർദ്ദിയുമായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പെൺകുട്ടി ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി പിതാവ് അലഹബാദിലേക്ക് പോയ സമയത്താണ് പെൺകുട്ടി മരിച്ചത്.

“ഇന്നലെ രാത്രിയാണ് എന്റെ മരുമകൾ മരിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ ആംബുലൻസ് നൽകിയില്ല. ഇതേ തുടർന്ന് ഒരു സൈക്കിൾ വാടകയ്ക്കെടുത്താണ് ഞാൻ പത്ത് കിലോമീറ്റർ ദൂരെയുള്ള വീട്ടിലേക്ക് മൃതദേഹവുമായി വന്നത്” എന്ന് ബ്രിജ്മോഹൻ പിടിഐയോട് പറഞ്ഞു.

കുട്ടിയെ പരിശോധിച്ച ഡോക്ടർക്കും ആംബുലൻസ് ഡ്രൈവർക്കുമെതിരായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് ആശുപത്രിയും അന്വേഷണം ആരംഭിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ എസ്.കെ.ഉപാദ്ധ്യായ പറഞ്ഞു. അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഒഡിഷയിലെ ഫുൽബാനയിലും സമാനമായ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. കൗമാരക്കാരിയായ പെൺകുട്ടിയുടെ മൃതദേഹമാണ് സൈക്കിളിൽ കൊണ്ടുപോകേണ്ടി വന്നത്. ജനങ്ങൾ നോക്കിനിൽക്കേയാണ് നഗരത്തിലൂടെ മൃതദേഹം കൊണ്ടുപോയത്. ഈ സംഭവത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള വാർത്തകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് അടിക്കടി വാർത്തകളിൽ നിറയുന്നുണ്ട്. മെയ് 20 ന് മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചുവെന്ന കാരണത്താൽ ചക് അഹമ്മദിപൂർ വില്ലേജിൽ നിന്നുള്ള സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകുന്നതിന് ആംബുലൻസ് അനുവദിച്ചിരുന്നില്ല. ഇതേ തുടർന്ന് ഭർത്താവ് മൃതദേഹം ചുമന്ന് നടക്കാനൊരുങ്ങിയപ്പോഴാണ് ഇതേ ആശുപത്രി അധികൃതർ ആംബുലൻസ് അനുവദിച്ചത്.

ഒഡിഷയിലെ ധാന മജി വില്ലേജിലെ ആദിവാസി സ്ത്രീയുടെ മൃതദേഹം ഭർത്താവ് പത്ത് കിലോമീറ്ററോളം ദൂരം ചുമന്നുകൊണ്ടുപോയതും, ഇവരുടെ മകൾ അനുഗമിച്ചതുമാണ് ആദ്യം വാർത്തകളിൽ ഇടം പിടിച്ചത്. ഇട്ടാവയിലെ ജില്ല ആശുപത്രിയിൽ 15 വയസുള്ള മകന്റെ മൃതദേഹം കൊണ്ടുപോകാനുള്ള അച്ഛന്റെ ആവശ്യവും ആശുപത്രി അധികൃതർ നിരസിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ