ബെയ്ജിംഗ്: ചൈനയിൽ അതിവേഗ ദേശീയ പാതയിൽ വൻ അപകടം. 30 വാഹങ്ങൾ കൂട്ടിയിടിച്ചു. കിഴക്കൻ ചൈനയിലെ അൻഹുയ് പ്രവിശ്യയിലെ അതിവേഗ പാതയിലാണ് കൂട്ടിയിടിയുണ്ടായത്. അപകടത്തിൽ 18 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. 21 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
അപകടത്തിന്റെ കാരണം അറിവായിട്ടില്ല. പെട്ടെന്നുണ്ടായ പുകമഞ്ഞാണ് അപകടകാരണമെന്നു പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടക്കത്തിൽ വാഹനങ്ങൾ തമ്മിലുണ്ടായ ചെറിയ ഇടി പിന്നീട് കൂട്ട ഇടിയിലേക്കു നയിക്കുകയായിരുന്നെന്നാണ് വിവരം. അപകടത്തിൽ ട്രക്കുകളും ബസുകളും ഉൾപ്പെടുന്നു.
വാഹനങ്ങളുടെ കൂട്ട ഇടിയുടെ ദൃശ്യങ്ങൾ ചൈനീസ് സമൂഹമാധ്യമമായ വെയ്വോയിൽ പ്രചരിക്കുന്നുണ്ട്. അപകടമുണ്ടായ സ്ഥലത്തുനിന്നു വൻതോതിൽ പുക ഉയരുന്നത് വീഡിയോയിൽ ദൃശ്യമാണ്.