സുമി: റഷ്യയുടെ യുക്രൈൻ അധിനിവേശം പതിനൊന്നാം ദിവസവും പിന്നിടുമ്പോൾ, ഇന്ത്യയുടെ ഒഴിപ്പിക്കാൻ ശ്രമങ്ങളും നിർണായക ഘട്ടത്തിലാണ്. റഷ്യൻ അതിർത്തിയോട് ചേർന്നുള്ള വടക്ക്-കിഴക്കൻ യുക്രേനിയൻ നഗരമായ സുമിയിലേക്കാണ് എല്ലാ കണ്ണുകളും. അവിടെ വിദ്യാർത്ഥികൾ ഉൾപ്പെടെ 700 ഓളം ഇന്ത്യക്കാർ, രക്ഷാപ്രവർത്തനത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യയിലേക്ക് മടങ്ങാനുള്ള അവസാന സംഘം ഇപ്പോഴും അവിടെ കുടുങ്ങി കിടക്കുകയാണ്.
ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഒരു സംഘം മധ്യ യുക്രൈനിലെ പോൾട്ടാവയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും അതുവഴി സുമിയിലെ വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് സുരക്ഷിതമായി കടത്തിവിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. ചെറിയ സമയത്തിനുള്ളിൽ പോകാൻ തയ്യാറാകാൻ വിദ്യാർത്ഥികളോട് പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.
സംഘർഷ സാധ്യതയ്ക്ക് അനുസരിച്ച് ‘ഏത് നിമിഷവും’ ഒഴിപ്പിക്കാൻ ഉണ്ടായേക്കുമെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചതായി സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ് കോർഡിനേറ്റർ റെനീഷ് ജോസഫ് ഇന്ത്യൻ എക്പ്രസിനോട് പറഞ്ഞു.
യാത്രാവിമാനങ്ങൾക്ക് യുക്രൈൻ വ്യോമാതിർത്തിയിൽ വിലക്ക് വന്നതോടെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കരെ റോഡ് മാർഗം മൊൾഡോവ. സ്ലൊവാക്യ, റൊമാനിയ, പോളണ്ട്, ഹംഗറി എന്നിവിടങ്ങൾ എത്തിച്ചാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്.
ഞായറാഴ്ച, ഇന്ത്യയുടെ ഒഴിപ്പിക്കൽ ദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ അവസാനഘട്ടം ഹംഗറിയിൽ നിന്ന് ആരംഭിച്ചിരുന്നു. സർക്കാർ ഒരുക്കിയ താമസസ്ഥലങ്ങൾക്ക് പുറമെ മറ്റിടങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികളോട് പ്രാദേശിക സമയം രാവിലെ 10 മണിക്കും 12 മണിക്കുമിടയിൽ ബുഡാപെസ്റ്റിൽ എത്തിച്ചേരാൻ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.
തീവ്രമായ ഷെല്ലാക്രമണം നടക്കുന്ന സുമിയിൽ നിന്ന് സുരക്ഷിത യാത്ര ഒരുക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും അവിടെ എത്ര ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എംബസി. യുക്രൈനിലെ സംഘർഷ മേഖലകളിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്ന എല്ലാവരോടും വ്യക്തിവിവരങ്ങളും സ്ഥലവും അടക്കം ഉള്ളവ ഗൂഗിൾ ഫോമിൽ പൂരിപ്പിച്ച് “അടിയന്തിരമായി” നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സുമിയിൽ 600 ൽ താഴെ ഇന്ത്യൻ വിദ്യാർത്ഥികളാണുള്ളത് എന്നാണ് റെനീഷ് ജോസഫ് പറയുന്നത്., നേരത്തെ കണക്കാക്കിയതുപോലെ 800 അല്ല, അവരിൽ പലരും ഒന്നിലധികം തവണ രജിസ്റ്റർ ചെയ്തിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. “ഒരാഴ്ച കൂടി ഇവിടെ കഴിയാൻ വിദ്യാർത്ഥികളെ മാനസികമായി സജ്ജമാക്കുക എന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഒഴിപ്പിക്കൽ എപ്പോൾ വേണമെങ്കിലും ആരംഭിക്കാം, എന്നാൽ വിദ്യാർത്ഥികളുടെ മാനസിക നില മോശമായതിനാൽ അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
സുമി യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥികളോടൊപ്പം താമസിക്കുന്ന റെനീഷ് ജോസഫ് എംബസിയിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പറഞ്ഞു. “അവർ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. അവരെ സംബന്ധിച്ചിടത്തോളം, എല്ലാവരുടെയും സുരക്ഷിതമായ ഒഴിപ്പിക്കലിനാണ് പ്രധാന മുൻഗണന. എനിക്ക് കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ല, കൂടുതൽ വ്യക്തതയില്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ്, ഒഴിപ്പിക്കൽ വളരെ വേഗം നടക്കും,സർക്കാരിന് അതിനായി കൃത്യമായ പദ്ധതിയുണ്ട്, അത് വിദ്യാർത്ഥികളെ അറിയിച്ചിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ, 76 വിമാനങ്ങളിലായി ഇതുവരെ 15,920 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,500 പേരെയാണ് തിരികെയെത്തിച്ചത്. പോളണ്ടിലെ റസെസോവിൽ നിന്ന് ഒരു ഐഎഎഫ് സി-17, ബുഡാപെസ്റ്റിൽ നിന്ന് അഞ്ച്, സുസെവയിൽ (റൊമാനിയ) നിന്ന് ഒന്ന് എന്നിങ്ങനെ അടുത്ത 24 മണിക്കൂറിനുള്ളിൽ ഏഴ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഞായറാഴ്ച പോളണ്ട് വഴി യുക്രൈനിലേക്ക് കൂടുതൽ സഹായവും ഇന്ത്യ അയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) കൺട്രോൾ റൂമും ഇന്ത്യൻ എംബസികൾ നടത്തുന്ന കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. എംഇഎ കൺട്രോൾ റൂമിൽ ഞായറാഴ്ച ഉച്ചവരെ 12,435 കോളുകളും 9,026 ഇമെയിലുകളും ലഭിച്ചിട്ടുണ്ട്.
കാത്തിരുന്നു മടുത്ത വിദ്യാര്‍ഥികള്‍ റഷ്യൻ അതിര്‍ത്തിയിലേക്കു നടന്നുപോകാന്‍ തീരുമാനിച്ചതായി വ്യക്തമാക്കുന്ന വിഡിയോ ശനിയാഴ്ച രാവിലെ പോസ്റ്റ് ചെയ്തിരുന്നു. തങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സർക്കാരും ഇന്ത്യൻ എംബസിയുമാണെന്നായിരുന്നു വിഡിയോയിൽ വിദ്യാർഥികൾ പറഞ്ഞിരുന്നത്.
ഇതിനുപിന്നാലെ, അതിര്‍ത്തിയിലേക്കു നടക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളെ ഉപദേശിച്ചിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് എംബസിയുടെ ഫോണ്‍കോള്‍ റെനീഷ് ജോസഫിനാണു ലഭിച്ചത്.
“കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു. എന്നാൽ ഇവിടം വിട്ടുപോകുന്നത് വളരെ അപകടകരമാണെന്ന് ഞാൻ അവരോട് പറഞ്ഞു. ഇവിടെ തന്നെ തുടരാൻ ഞാൻ അവരോട് കർശനമായി പറഞ്ഞു, ”ജോസഫ് പറഞ്ഞു.
“ഞാൻ വിദ്യാർത്ഥികളെ ചെറിയ ഗ്രൂപ്പുകളായി തിരിക്കുകയും ഓരോന്നിനും ടീം ലീഡർമാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ ശാന്തരാക്കാനും ഒഴിപ്പിക്കലിന് തയ്യാറെടുക്കാനും ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനെയോ ആരെയും കുറ്റപ്പെടുത്തരുതെന്നും മാനസികമായി തയ്യാറാകാൻ പരസ്പരം സഹായിക്കണമെന്നും ലഭ്യമായ ചെറിയ തുക കൊണ്ട് കൂട്ടമായി ഭക്ഷണം തയ്യാറാക്കണമെന്നും വിദ്യാർത്ഥികളോട് പറഞ്ഞു.
Also Read: Ukraine Russia War News: 364 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി യുഎൻ
അവിടേക്ക് ദിവസവും രണ്ട് മണിക്കൂർ ജലവിതരണം നടത്തുന്നുണ്ടെന്ന് ജോസഫ് പറഞ്ഞു. “ഭക്ഷണ വിതരണം കുറവാണെങ്കിലും, അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് ഇത് മതിയാകും. പകൽ സമയത്ത് വൈദ്യുതി നൽകാറുണ്ടെങ്കിലും സുരക്ഷ കാരണങ്ങളാൽ പലപ്പോഴും അത് ഇല്ലാതാവറുണ്ട്, മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
“റെയിൽവേ ലൈൻ തകരാറിലാണ്, റോഡുകൾ പട്ടാളക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്, അതിനാൽ യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തികളിൽ നിന്ന് യാത്ര ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. റഷ്യൻ അതിർത്തി സമീപത്താണ്, എന്നാൽ യുക്രൈനികൾ വിദ്യാർത്ഥികളെ ആ ഭാഗത്തേക്ക് പോകാൻ അനുവദിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്, ”അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, “സ്ഥലം സൈനിക ഭരണത്തിൻ കീഴിലാണ്. മേയർക്ക് പോലും ഇപ്പോൾ ഇവിടെ കാര്യമായ റോളില്ല, പരിമിതികളുണ്ട്. സഹായങ്ങൾക്കായി മേയറുമായി ആശയവിനിമയം നടത്തുന്ന യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുമായി ഞങ്ങളും ബന്ധപ്പെടുന്നുണ്ട്. എന്നാൽ മനുഷ്യത്വപരമായി, യുക്രൈനികൾ ഇതുവരെ സഹായിച്ചിട്ടുണ്ട്.
ആദ്യം ഏകദേശം 18,000 മുതൽ 20,000 വരെ ഇന്ത്യക്കാർ യുക്രൈനിലുണ്ടെന്നായിരുന്നു കണക്ക്. എന്നാൽ പലായനം ചെയ്യൽ ആരംഭിച്ചതോടെ കൂടുതൽ പേർ രജിസ്റ്റർ ചെയ്തു അതോടെ ആ എണ്ണം വർദ്ധിച്ചു, ജനുവരി അവസാന വാരം മുതൽ ഇന്ത്യയിലെത്തിയ 19,920 പേർ ഉൾപ്പെടെ 21,000-ത്തിലധികം ഇന്ത്യക്കാർ യുക്രൈൻ വിട്ടു.