ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ നിര്‍ണായക ഭരണസമിതിയോഗം ഇന്ന് ചേരാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനും സംഘത്തിനും ‘നട്ടെല്ല്’ ഉണ്ടെന്നാണ് തന്റെ പ്രതീക്ഷയെന്നും അത് മോദിക്ക് കാണിച്ച് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘മോദിയും ചങ്ങാതിമാരും രാജ്യത്തെ ഓരോ സ്വതന്ത്രസ്ഥാപനങ്ങളിലും കൈകടത്തി തകര്‍ക്കുകയാണ്. ആര്‍ബിഐയുടെ യോഗത്തില്‍ കളിപ്പാവകളെ വച്ച് ഈ സ്ഥാപനത്തേയും മോദി നശിപ്പിക്കാന്‍ ശ്രമിക്കും. പട്ടേലിനും സംഘത്തിനും നട്ടെല്ല് ഉണ്ടെന്നാണ് എന്റെ വിശ്വാസം, മോദിയുടെ സ്ഥാനം മോദിക്ക് കാണിച്ച് കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ രാഹുല്‍ ട്വീറ്റ് ചെയ്തു.

ഊര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഭരണസമിതിയിലെ 18 അംഗങ്ങളാണ് പങ്കെടുക്കുക. സ്വയംഭരണാവകാശത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് ആര്‍ബിഐയുടെ യോഗം. യോഗത്തില്‍ ഗവര്‍ണര്‍ രാജി പ്രഖ്യാപിക്കുമെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നെങ്കിലും അതുണ്ടാവില്ലെന്നാണ് അറിയുന്നത്. പകരം അദ്ദേഹവും നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരും ആര്‍ബിഐയുടെ സ്വയംഭരണാവകാശത്തിനുവേണ്ടി യോഗത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കും.

ആര്‍ബിഐ ഗവര്‍ണറും നാല് ഡെപ്യൂട്ടിമാരുമാണ് ബോര്‍ഡിലെ മുഴുവന്‍ സമയ ഔദ്യോഗിക അംഗങ്ങള്‍. ധനമന്ത്രാലയത്തിലെ രണ്ട് സെക്രട്ടറിമാരുള്‍പ്പെടെ ബാക്കി 13 പേര്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തതവരാണ്. ഇതില്‍ സര്‍ക്കാര്‍ പ്രതിനിധികളും ഏതാനും സ്വതന്ത്രാംഗങ്ങളും സര്‍ക്കാരിന്റെ നിലപാട് അവതരിപ്പിക്കും.

എന്നാല്‍, ചില സ്വതന്ത്രാംഗങ്ങള്‍ ഗവര്‍ണറെ പിന്തുണയ്ക്കുമെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ചട്ടങ്ങള്‍ ഇളവുചെയ്ത് ബാങ്കിതര ധനകാര്യസ്ഥാപനങ്ങളെ സഹായിക്കണമെന്ന കേന്ദ്രനിർദേശം ആര്‍ബിഐ തള്ളിയതോടെയാണ് ഭിന്നതയുടെ തുടക്കം.

കിട്ടാക്കടങ്ങള്‍ കാരണം അടിത്തറ തകര്‍ന്ന പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനമൂലധനം നല്‍കുക, ചെറുകിടവ്യവസായങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ നിയമങ്ങളില്‍ ഇളവുവരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും ആര്‍ബിഐ അംഗീകരിച്ചില്ല. കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ആര്‍ബിഐ തള്ളിയതോടെയാണ് തര്‍ക്കം രൂക്ഷമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook