ന്യൂഡല്‍ഹി: രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തിന്റെ 49-ാം ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുകയാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്. 74 ദിവസം മാത്രമായിരിക്കും ജസ്റ്റിസ് ലളിതിന് ചുമതലയുണ്ടാകുക. എന്നാല്‍ സമയപരിധി ഒരു പരിമിതിയല്ല അവസരമാണെന്നാണ് അദ്ദേഹം പറയുന്നത്. ആരോഗ്യകരമായ ഇടപെടലുകളിലൂടെ വലിയ സ്വീകാര്യത നേടാനാകുമെന്നും തന്റെ പിന്‍ഗാമി ഉള്‍പ്പെടെയുള്ള ഭാവി തലമുറ പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസുകൾ ലിസ്റ്റ് ചെയ്യുന്നതിലെ കാലതാമസം മുതൽ ജഡ്ജിമാർ പൊതുവിമർശനം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത വരെയുള്ള നിരവധി വിഷയങ്ങളെക്കുറിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസുമായി സംസാരിക്കാവെ അദ്ദേഹം വ്യക്തമാക്കി.
“ഇത് എനിക്ക് ലഭിച്ച അവസരമാണ്. ആരോഗ്യകരമായ സമ്പ്രദായങ്ങളായി ഞാൻ കരുതുന്ന ചില കാര്യങ്ങൾ പ്രാവര്‍ത്തികമാക്കുന്നതിനായി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തും. തീർച്ചയായും, അവ എന്റെ വ്യക്തിഗത വീക്ഷണങ്ങളാൽ രൂപപ്പെടുന്ന ഒന്നല്ല. ഭാവി തലമുറയ്ക്ക് പിന്തുടരാൻ വേണ്ടിക്കൂടിയാണ്, ഞങ്ങൾ എല്ലാവരെയും വിശ്വാസത്തിലെടുക്കും. 74 ദിവസം ഒരു പരിമിതിയല്ല,” തന്റെ മുന്‍ഗണനകളെക്കുറിച്ച് സംസാരിക്കവെ ജസ്റ്റിസ് ലളിത് പറഞ്ഞു.
ആരോഗ്യകരമായ സമ്പ്രദായങ്ങള്‍ എന്ന് പറഞ്ഞെങ്കിലും അതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല. സുപ്രീം കോടതി എന്ന നിലയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
ജാമ്യം സംബന്ധിച്ച വിഷയത്തിൽ, എൻഡിപിഎസ് ആക്ട്, എസ്സി/എസ്ടി ആക്ട് തുടങ്ങിയ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കരുതെന്ന് പറയുന്ന നിയമങ്ങളുണ്ടെന്നും ഇത് നിയമപരമായ നിർബന്ധങ്ങളും സാമൂഹിക താൽപ്പര്യങ്ങളും പരിഗണിക്കേണ്ട വിചാരണ കോടതിയെ സമ്മര്‍ദ്ദത്തിലാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. നിയമം എന്നാൽ വ്യക്തമായിരിക്കണം, നിയമം സ്ഥിരതയുള്ളതായിരിക്കണം. അത് സുപ്രീം കോടതി എന്ന നിലയിൽ നമ്മൾ പ്രാവര്‍ത്തികമാക്കേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി എക്സിക്യൂട്ടീവിന് സംശയത്തിന്റെ ആനുകൂല്യം നൽകുന്നുവെന്നും പല പ്രധാന കേസുകളും കേൾക്കുന്നില്ലെന്നുമുള്ള വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ബഞ്ചിന്റെ തലത്തിൽ, ഓരോ ജഡ്ജിയും വ്യക്തിഗതമായാണ് കേസില്‍ തീരുമാനമെടുക്കുന്നതെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു. ചില കാര്യങ്ങൾ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല, വിമർശനത്തിന് ഇടമില്ലാത്ത ഒരു പരിഹാരം കണ്ടെത്തേണ്ട കാര്യമാണിതെന്നായിരുന്നു മറുപടി.
നിർണായകമായ കാര്യങ്ങൾ കാലതാമസമില്ലാതെ ഏറ്റെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ വർഷം മുഴുവനും ഒരു ഭരണഘടനാ ബെഞ്ച് പ്രവര്‍ത്തിക്കുക എന്ന ആശയം അദ്ദേഹം നിർദ്ദേശിച്ചു. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അനുഭവ സമ്പത്ത് ഇതിനായി നന്നായി ഉപയോഗിക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് ലളിത് പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ വര്‍ധിച്ചുവരുന്ന “വ്യക്തി കേന്ദ്രീകൃത ആക്രമണങ്ങൾ” സംബന്ധിച്ച് ജുഡീഷ്യറിയിലെ വിഭാഗങ്ങൾ പ്രകടിപ്പിക്കുന്ന ആശങ്കകളെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു ഉദാരമായ മറുപടിയായിരുന്നു ജസ്റ്റിസ് ലളിതിന്റെ ഭാഗത്തു നിന്നുണ്ടായത്.
“മനപൂര്‍വമോ നല്ല ചിന്തയുടെ ഭാഗമായതോ അല്ലാത്തവയെ കാര്യമായി എടുക്കേണ്ടതില്ല. മറിച്ചാണെങ്കില്‍ അത് നമ്മുടെ മുന്നേറ്റത്തിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതിയാകും,” അദ്ദേഹം പറഞ്ഞു.
ജഡ്ജിമാർ വിരമിക്കലിനു ശേഷം മറ്റ് ജോലികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ചുയരുന്ന വിമര്‍ശനത്തിലും ജസ്റ്റില് ലളിത് പ്രതികരിച്ചു. താന്‍ അക്കാര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും അതില്‍ തെറ്റുള്ളതായി കാണുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോക്പാൽ, എൻഎച്ച്ആർസി പോലുള്ള ചില നിയമാനുസൃതമായവയ്ക്ക് വിരമിച്ച ജഡ്ജിമാരെ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.