ജനീവ: കത്തുവ കൂട്ടബലാത്സംഗ കൊല ഭയാനകമെന്ന് ഐക്യരാഷ്ട്ര സഭ. സംഭവത്തില്‍ നീതി നടപ്പിലാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭയാനകമായ സംഭവമാണ് കത്തുവയിലുണ്ടായതെന്ന് മാധ്യമവാര്‍ത്തകളിലുടെ വ്യക്തമായെന്നും എട്ടുവയസുകാരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജറാക്ക് പറഞ്ഞു.
അതേസമയം, കശ്മീരിലെ കത്തുവയില്‍ ഏഴുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ പരസ്യമായി ന്യായീകരിച്ച ബിജെപി മന്ത്രിമാര്‍ രാജിവെച്ചു.
വനം ,വാണിജ്യ വകുപ്പ് മന്ത്രിമാരായ ചൗധരി ലാല്‍ സിങ്ങും , ചധര്‍ പ്രകശും രാജിക്കത്ത് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് നല്‍കി. നേരത്തെ ഇരുവരുടെയും രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കുഞ്ഞിനെ ക്രൂര പീഡനങ്ങള്‍ക്കൊടുവില്‍ കൊന്നു തള്ളിയ പ്രതികളെ ന്യായീകരിച്ചതോടെ ഇരുവര്‍ക്കുമെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
കഴിഞ്ഞ ജനുവരി 10 ന് ആണ് കത്തുവയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കിയ ഉറക്കിയ ശേഷം ക്ഷേത്രത്തിനകത്ത് വച്ച് ഒരാഴ്ച്ചയോളം എട്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.