ബംഗലൂരു: തമിഴ്നാട്ടില്‍ നിന്നുളള ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കര്‍ണാടകയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ പിതാവ് അടക്കമുളളവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശിവനസമുദ്രയില്‍ കാവേരി നദിയില്‍ നിന്നും ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. ദുരഭിമാന കൊലപാതകം ആണ് നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

25കാരനായ എന്‍. നന്ദിഷ്, 19കാരിയായ ഭാര്യ എസ്. സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണ് നദിയില്‍ നിന്നും കണ്ടെത്തിയത്. നന്ദിഷിന്റെ മൃതദേഹം വികൃതമാക്കപ്പെട്ട രീതിയിലായിരുന്നു. ആര്‍. അംബേദ്കറിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന നന്ദിഷ് അദ്ദേഹത്തിന്റെ ചിത്രമുളള വസ്ത്രങ്ങള്‍ ധരിക്കാറുണ്ടായിരുന്നു. ഈ വസ്ത്രം കണ്ടാണ് ബന്ധുക്കള്‍ അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.

ആദി ദ്രാവിഡ ജാതിയില്‍ പെട്ടയാളാണ് നന്ദിഷ്. സ്വാതി വണ്ണിയാര്‍ ജാതിയില്‍ പെട്ട പെണ്‍കുട്ടിയാണ്. ഇരുവരുടേയും പ്രണയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തേ എതിര്‍ത്തിരുന്നു. എന്നാല്‍ ഓഗസ്റ്റ് 15ന് ഒളിച്ചോടിയാണ് ഇരുവരും വിവാഹം ചെയ്തത്. സെപ്തംബറില്‍ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു. സ്വദേശമായ ശൂലാകണ്ടപ്പളളി ഗ്രാമത്തില്‍ നിന്നും ഇരുവരും പിന്നീട് കര്‍ണാടകയിലെ ഹൊസൂറിലേക്കേ മാറി താമസിച്ചു. ഇവിടെ മരപ്പണിയാണ് നന്ദിഷ് ചെയ്തിരുന്നത്.

നവംബര്‍ 10ന് ഹൊസൂറില്‍ ഒരു ബന്ധു വീട്ടില്‍ പോകുന്ന വഴിയാണ് ഇരുവരേയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയത്. ‘അണ്ണാ, ഞങ്ങള്‍ കിഡ്നാപ് ചെയ്യപ്പെട്ടിരിക്കുന്നു’, എന്ന സന്ദേശം നന്ദിഷ് അന്ന് ബന്ധുവിന്റെ ഫോണിലേക്ക് അയച്ചുവെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ നവംബര്‍ 13ന് നന്ദിഷിന്റെ മൃതദേഹവും രണ്ട് ദിവസത്തിന് ശേഷം സ്വാതിയുടെ മൃതദേഹവും കാവേരി നദിയില്‍ കണ്ടെത്തുകയായിരുന്നു. ഹൊസൂറില്‍ നിന്നും ഇരുവരേയും തട്ടിക്കൊണ്ടു പോയി മാണ്ഡ്യയില്‍ വെച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെടുന്നതിന് മുമ്പ് ഇരുവരും ക്രൂരമായ പീഡനത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബമായിരിക്കും കാരണക്കാരെന്ന് പറഞ്ഞ് സ്വാതി കൊല്ലപ്പെടും മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സ്വാതിയുടെ പിതാവ് ശ്രീനിവാസന്‍, അമ്മാവന്മാരായ വെങ്കടേഷ്, അശ്വതപ്പ, ബന്ധു കൃഷ്ണന്‍, അര്‍ദ്ധ സഹോദരനായ വെങ്കട്ട്രാജ്, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook