പ്രകാശം (ആന്ധ്രപ്രദേശ്): അന്യജാതിക്കാരനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് മകളെ കഴുത്ത് ഞെരിച്ചു കൊന്നു. ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയില്‍ വൈഷ്ണവി എന്ന ഇരുപതുകാരിയാണു തിങ്കളാഴ്ച കൊല്ലപ്പെട്ടത്.
വൈഷ്ണവിയും പിതാവ് വെങ്കറെഡ്ഡിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തില്‍ അവസാനിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അയല്‍വാസികളാണ് വീട്ടില്‍ വൈഷ്ണവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വൈഷ്ണവിയുടെ പിതാവ് വെങ്ക റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റെഡ്ഡിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊലക്കേസ് റജിസ്റ്റര്‍ ചെയ്തതായും ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന വൈഷ്ണവി താഴ്ന്ന ജാതിയില്‍ പെട്ട തന്റെ സഹപാഠിയുമായി പ്രണയത്തിലായിരുന്നു. ഇയാളുമായി കൂടിക്കാഴ്ച നടത്തരുതെന്ന് പിതാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പെണ്‍കുട്ടി ഇത് നിരസിച്ചിരുന്നു. യുവാവിനൊപ്പം ഒളിച്ചോടാന്‍ പെണ്‍കുട്ടി പദ്ധതിയിട്ടിരുന്നതായും പിതാവ് സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.