ഹൈദരാബാദ്: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. തെലങ്കാനയില്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത പട്ടികജാതി സമുദായത്തില്‍ പെട്ട യുവാവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയ് പെരുമല്ലയെ ആണ് ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വച്ച് അക്രമി കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ നിന്ന് പുറത്ത് വരുമ്പോഴാണ് അക്രമി പിന്നിലൂടെ വന്ന് പ്രണയിനെ വെട്ടിയത്. നാല്‍ഗോണ്ടയിലെ ജ്യോതി ആശുപത്രിക്ക് പുറത്താണ് അക്രമം നടന്നത്.

ഭാര്യ അമൃതയും മറ്റൊരു സ്ത്രീയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആശുപത്രി ഗേറ്റ് കടന്ന് പുറത്തെത്തിയപ്പോഴാണ് പിന്നിലൂടെ വന്ന അക്രമി പ്രണയിന്റെ തലയ്ക്ക് വാള്‍ കൊണ്ട് ആഞ്ഞുവെട്ടിയത്. ആദ്യത്തെ വെട്ടിന് തന്നെ താഴെ വീണ പ്രണയിന്റെ തലയ്ക്ക് ഇയാള്‍ ഒന്നുകൂടി വെട്ടി ഓടി രക്ഷപ്പെട്ടു. അമൃതയും കൂടെ ഉണ്ടായിരുന്ന സ്ത്രീയും പ്രണയിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രണയ് വെട്ടേറ്റ് നിലത്ത് വീണയുടനെ ഗര്‍ഭിണിയായ അമൃത നിലവിളിച്ച് കൊണ്ട് സഹായം അഭ്യര്‍ത്ഥിച്ച് ആശുപത്രിയിലേക്ക് ഓടിക്കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പ്രണയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആറ് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. മൂന്ന് മാസം ഗര്‍ഭിണിയായ അമൃതയെ ഡോക്ടറെ കാണിക്കാനാണ് ആശുപത്രിയിലെത്തിയത്. അമൃതയുടെ പിതാവായ മാരുതി റാവുവിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രണോയിയുടെ കുടുംബം ആവശ്യപ്പെട്ടു.

അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം അറിയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ അമൃത തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് കാണാന്‍ കഴിയും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. എന്നാല്‍ അറസ്റ്റുകളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ