ഷാങ്ഹായ്: ചൈനീസ് നഗരമായ വുഹാനിൽ നിന്നും പടർന്നു പിടിച്ച മാരകമായ കൊറോണ വൈറസ് ബാധയിൽ മരണ സംഖ്യ 56 ആയി. മരണസംഖ്യ ഉയർന്നതിന് പിന്നാലെ ഹോങ്കോങ്ങിലെ പ്രശസ്ത അമ്യൂസ്‌മെന്റ് പാർക്കായ ഡിസ്‌നിലാൻഡ് ജനുവരി 26 മുതൽ അടച്ചിട്ടതായി രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഡിസ്‌നിലാൻഡിനുള്ളിലെ ഹോട്ടലുകളിൽ പതിവുപോലെ കച്ചവടം നടക്കും.
ചൈനയിൽ ഇതുവരെ 1,975 പേരിൽ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. ഇതിൽ 324 പേരുടെ നില അതീവ ഗുരുതരമാണ്. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഭൂരിഭാഗവും ഇതുവരെ സ്ഥിരീകരിച്ച മരണങ്ങളും ചൈനയിലാണ്. മധ്യ ചൈനീസ് നഗരമായ ഹുബെയിലെ വുഹാനിൽ നിന്നാണ് വൈറസ് പടർന്നത്. ഇത് ചൈനീസ് നഗരങ്ങളായ ബീജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കും അമേരിക്ക, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, കാനഡ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.
Read More: കൊറോണ വൈറസ്: ചൈനയിൽ 41 മരണം, ലോകത്താകമാനം 1,300ൽ അധികം രോഗബാധിതർ
വന്യമൃഗങ്ങളെ അനധികൃതമായി കച്ചവടം നടത്തിയ വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് പടർന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ വിശ്വസിക്കുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെങ്കിലും രാജ്യാന്തരതലത്തിൽ പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യം നിലവിൽ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. വൈറസ് ആഗോളതലത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് യൂറോപ്പിലെ ആദ്യ കേസ് ഫ്രഞ്ച് അധികൃതർ റിപ്പോർട്ട് ചെയ്തത്.
വുഹാൻ ഒറ്റപ്പെടലിലേക്ക് നീങ്ങുമ്പോൾ, ഫാർമസികളിൽ മരുന്നുകൾ തീർന്നുതുടങ്ങുകയും ആശുപത്രികൾ പരിഭ്രാന്തരായ ജനങ്ങളെക്കൊണ്ട് നിറയുകയും ചെയ്തിരിക്കുന്നു. തിങ്കളാഴ്ചയോടെ 1,000 കിടക്കകളുള്ള ആശുപത്രി പണിയാൻ നഗരം ഒരുങ്ങുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെഡിക്കൽ പരിചരണത്തിൽ 658 രോഗികളാണ് വൈറസ് ബാധിച്ചതെന്ന് ഹുബെയുടെ ആരോഗ്യ അതോറിറ്റി അറിയിച്ചു. ഇതിൽ 57 പേർ ഗുരുതരാവസ്ഥയിലാണ്.
Read More: Explained: എന്താണ് കൊറോണ വൈറസ്? പ്രതിരോധം എങ്ങനെ? അറിയേണ്ടതെല്ലാം
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.
എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് പ്രാഥമികമായി കൊറോണ വൈറസുള്ളവരെ കണ്ടെത്തുന്നത്. എയര്‍പോര്‍ട്ട്/സീ പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇവരെ സ്‌ക്രീന്‍ ചെയ്യുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്കരണം നല്‍കി വീടുകളില്‍ തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇവരെ 28 ദിവസം വരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്.