ഹോങ്കോങ്: ചരിത്രത്തില്‍ ഇന്നുവരെ ഹോങ്കോങ് കണ്ടിട്ടില്ലാത്ത അത്ര വലിയ പ്രതിഷേധമായിരുന്നു കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ കഴിഞ്ഞ കുറച്ച് മാസങ്ങളായി അരങ്ങേറിയത്. ഒടുവില്‍ പ്രതിഷേധങ്ങള്‍ വിജയം കാണുകയാണ്. പ്രതിഷേധത്തിനിടയായ ബില്ല് പിന്‍വലിക്കുന്നതായി ഹോങ്കോങ് ഭരണാധികാരി കാരി ലിം അറിയിച്ചു.

ചൈനയുമായി കുറ്റവാളികളെ കൈമാറുന്നതിനായാണ് ബില്ല് കൊണ്ടു വന്നത്. ഈ ബില്ലാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. അഞ്ച് മിനുറ്റ് ദൈര്‍ഘ്യമുള്ള ടിവി അഭിസംബോധനയിലൂടെയാണ് കാരി ലിം പ്രഖ്യാപനം നടത്തിത്. പൊതുജനങ്ങളുടെ താല്‍പര്യം മാനിച്ച് ബില്ല് പിന്‍വലിക്കാന്‍ ഭരണകൂടം തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

”ഈ മാസം മുതല്‍ ഞാനും എന്റെ പ്രിന്‍സിപ്പല്‍ ഓഫീസര്‍മാരും ജനങ്ങളുമായി നേരിട്ട് സംവദിക്കും. ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള, വ്യത്യസ്ത അഭിപ്രായങ്ങളുളളവരെ അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനായി ക്ഷണിക്കുകയാണ്” കാരി ലിം പറഞ്ഞു.

അപകടകാരികളായ കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുക എന്നതായിരുന്നു കുറ്റവാളി കൈമാറ്റ ബില്ല്. എന്നാല്‍ ഇത് ഹോങ്കോങ്ങിനെ കൂടുതല്‍ അധീനപ്പെടുത്താനുള്ള നീക്കമായാണ് ബില്ലിനെതിരെ രംഗത്തെത്തിയവര്‍ ആരോപിച്ചത്. ഇതേ തുടര്‍ന്ന് ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യവുമായി ലക്ഷക്കണക്കിന് ആളുകളാണ് മാസങ്ങളായി തെരുവില്‍ പ്രക്ഷോഭം നയിച്ചത്.

ബില്ലിനെതിരായ പ്രക്ഷോഭങ്ങള്‍ കഴിഞ്ഞ ഒരു മാസമായി വന്‍ അക്രമങ്ങളിലേക്ക് വഴിമാറിയിരുന്നു. ആയിരത്തിലധികം പ്രതിഷേധക്കാരെ ഹോങ്‌കോങ് ഭരണകൂടം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുവാക്കള്‍ പാര്‍ലമെന്റ് വളപ്പില്‍ വരെ അതിക്രമിച്ച് കയറി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകളുപേക്ഷിച്ച് പ്രതിഷേധത്തിനിറങ്ങി. സമരം ഹോങ്‌കോങിനെ രണ്ടായി പിരിച്ചു. നിരവധിപ്പേര്‍ക്ക് ക്രൂരമായ പൊലീസ് മര്‍ദ്ദനമേറ്റു.

ചൈനയെ എതിര്‍ക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും അവരെ ചൈനയില്‍ കൊണ്ടുപോയി പീഡിപ്പിക്കാനും ഇടയാക്കുന്ന ഒന്നാണ് ഈ ഭേദഗതി ബില്ലെന്ന് പ്രക്ഷോഭകര്‍ പറയുന്നതു. നഗരത്തിന്റെ നീതിന്യായപരമായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ചൈനയുടെ പദ്ധതിയെന്നാണ് ആരോപണം. ജൂലൈ മാസത്തിനു മുമ്പ് ഭേദഗതി ബില്‍ പാസ്സാക്കിയെടുക്കാനുള്ള നീക്കമാണ് കാരീ ലാം നടത്തിയത്. എന്നാല്‍ പ്രതിഷേധം കനത്തതോടെ നീക്കം പാളി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook