ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് ഹോങ്കോങ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക്. ധാരാളം കോവിഡ്-19 രോഗികളുമായി എത്തുന്നുവെന്ന് പറഞ്ഞാണ് രണ്ടാഴ്ചത്തേക്ക് ഹോങ്കോങ് അധികൃതര്‍ എയര്‍ ഇന്ത്യയെ വിലക്കിയത്. ഓഗസ്റ്റ് 18 മുതല്‍ 31 വരെയാണ് വിലക്ക്.
വന്ദേഭാരത് മിഷന് പ്രകാരമാണ് ഹോങ്കോങ് എയര്‍ഇന്ത്യയിലേക്ക് വിമാനം പറത്തുന്നത്. ഡല്‍ഹിയില്‍ നിന്നും ഓഗസ്റ്റ് 18, 21, 25, 28 തിയതികളില്‍ പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.
ഹോങ്കോങ് അധികൃതര്‍ വിലക്കിയ കാര്യം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചുവെങ്കിലും വിലക്കിനുള്ള കാരണം വ്യക്തമാക്കിയില്ല. വിലക്ക് നീക്കുന്നതിന് ഹോങ്കോങ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
ഓഗസ്റ്റ് 14-ന് ഡല്‍ഹിയില്‍ നിന്നും ഹോങ്കോങില്‍ എത്തിയ വിമാനത്തിലെ 11 യാത്രക്കാര്‍ക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിലക്കെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: കോവിഡ്; അഞ്ച് മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് രണ്ടുകോടിയോളം പേർക്ക്
ഈ യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കാണിക്കുന്നത് ഇന്ത്യയിലെ പരിശോധനകള്‍ വിശ്വാസ്യയോഗ്യമല്ലെന്നാണെന്ന് ഈ വാര്‍ത്ത പറഞ്ഞു. പേര് വെളിപ്പെടുത്താത്ത ഹോങ്കോങ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാര്‍ത്ത.
ഹോങ്കോങിലെ രോഗ നിയന്ത്രണ നിയമങ്ങള്‍ പ്രകാരമാണ് എയര്‍ ഇന്ത്യയുടെ സര്‍വീസ് രണ്ടാഴ്ചത്തേക്ക് വിലക്കിയത്.
ഹോങ്കോങ് അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ഓഗസ്റ്റ് 18-നുള്ള സര്‍വീസ് മാറ്റിവച്ചതായി എയര്‍ഇന്ത്യ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം ഹോങ്കോങുമായി എയര്‍ബബിള്‍ കരാര്‍ ഉണ്ടാക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. അവിടേക്കുള്ള വിമാനങ്ങള്‍ പറത്താന്‍ അനുമതി തേടിയിരുന്നുവെന്നും എന്നാല്‍ ഹോങ്കോങ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെ തടയുകയാണെന്നും മന്ത്രാലയം പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യയ്ക്ക് എയര്‍ ബബിള്‍ സംവിധാനം ഉള്ളത് യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, യുഎഇ, മാലി ദ്വീപുകള്‍ എന്നീ രാജ്യങ്ങളുമായിട്ടാണ്.
ഇന്ത്യയില്‍ 27 ലക്ഷം പേര്‍ക്കാണ് കോവിഡ്-19 രോഗം ബാധിച്ചത്. 51,797 പേര് മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 55,079 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 876 പേര് മരിക്കുകയും ചെയ്തു.
Read in English: Hong Kong bars Air India flights for rest of August