ന്യൂഡൽഹി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തളളി മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട വിവാദ ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിന്റെ വളർത്തുമകൾ ഹണിപ്രീത് രംഗത്ത്. റാം റഹിം എനിക്ക് അച്ഛനെപ്പോലെയാണ്. ഞങ്ങൾ തമ്മിൽ അച്ഛൻ-മകൾ ബന്ധമല്ലെന്നുളള വാർത്തകൾ അസത്യമാണ്. ഇത്തരം ആരോപണങ്ങൾ തളളിക്കളയുന്നു. നേപ്പാളിലേക്ക് കടന്നിട്ടില്ല. ഹരിയാനയിൽ തന്നെയാണ് ഉണ്ടായിരുന്നത്. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹിയിലെ വക്കീലിന്റെ വസതിയിലെത്തിയാണ് ഒപ്പിട്ടതെന്നും ഹണിപ്രീത് സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിൽ അഭിനയിക്കാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. രാജ്യത്തിനുവേണ്ടി ഗുർമീത് സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ താൻ അതിനോടൊപ്പം നിന്നു. മികച്ച അഭിനേത്രിയെ കിട്ടാതെ വന്നപ്പോൾ താൻ സിനിമയിൽ അഭിനയിച്ചുവെന്നും ഹണിപ്രീത് പറഞ്ഞു. ഹണിപ്രീതിനുവേണ്ടിയുളള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുന്ന ഘട്ടത്തിലാണ് സ്വകാര്യ ചാനലിന് അഭിമുഖം നൽകിയത്. ഇത് പൊലീസിന് തലവേദനയായിട്ടുണ്ട്.

ഹണിപ്രീതിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്റെ മുൻഭർത്താവ് വിശ്വാസ് ഗുപ്ത നേരത്തെ രംഗത്തെത്തിയിരുന്നു. ഹണിപ്രീതിനെ ഗുർമീത് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഇരുവരും തമ്മിൽ അച്ഛൻ–മകൾ ബന്ധമായിരുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹണിപ്രീതും ഗുർമീതും തമ്മിലുള്ള രഹസ്യബന്ധം കണ്ടുപിടിച്ചതിനെ തുടർന്നു തന്നെ കൊലപ്പെടുത്താൻ ഗുർമീത് പദ്ധതിയിട്ടിരുന്നതായി വിശ്വാസ് ഗുപ്ത വെളിപ്പെടുത്തിയിരുന്നു.

ഗുർമീത് റാം റഹിം സിങ് ജയിലിലായതിനുപിന്നാലെയാണ് ഹണിപ്രീത് ഒളിവിൽ പോയത്. ഹണിപ്രീത് നേപ്പാളിലേക്ക് കടന്നുവെന്നാണ് പൊലീസ് കരുതിയത്. നേപ്പാളിലെ കേന്ദ്ര ഏജൻസിയുടെ സഹായത്തോടെ അവിടെ തിരച്ചിൽ നടത്തിയെങ്കിലും ഹണിപ്രതിനെ കണ്ടെത്താൻ സാധിച്ചില്ല.

ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമെല്ലാം പപ്പയുടെ മാലാഖക്കുട്ടി, എന്നാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. പ്രിയങ്ക എന്നായിരുന്നു ആദ്യ പേര്. വിശ്വാസ് ഗുപ്തയെ വിവാഹം കഴിച്ച ശേഷമാണ് ഹണിപ്രീത് എന്ന പേരില്‍ ഇവര്‍ അറിയപ്പെടുന്നത്. അതുവരെ അവര്‍ പ്രിയങ്കയായിരുന്നു. 1999ലാണ് വിശ്വാസ് ഗുപ്തയെ ഹണിപ്രീത് വിവാഹം ചെയ്യുന്നത്. സ്ത്രീധനത്തിന്റെ പേരിലുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു. ഗുർമീത് റാം റഹിം സിങ്ങിനെ കുറിച്ചുള്ള നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് ചിത്രങ്ങളില്‍ ഹണിപ്രീത് അഭിനയിച്ചിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ