ന്യൂഡൽഹി: മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട വിവാദ ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിന്റെ വളർത്തുമകൾ ഹണിപ്രീതിന് തന്റെ കേസ് വാദിക്കാനായി വക്കിലീനു നൽകാൻ പണില്ല. അംബാല സെൻട്രൽ ജയിലിൽ കഴിയുന്ന ഹണിപ്രീത് ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിൽ അധികൃതർക്ക് കത്ത് നൽകി. തന്റെ 3 ബാങ്ക് അക്കൗണ്ടുകളും അന്വേഷണ സംഘം മരവിപ്പിച്ചിരിക്കുകയാണ്. അതിനാൽ അക്കൗണ്ടിൽനിന്നും പണം പിൻവലിക്കാനാവില്ല. തന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കണമെന്നും എങ്കിൽ മാത്രമേ തന്റെ കേസ് വാദിക്കാനായി വക്കീലിനെ വയ്ക്കാൻ സാധിക്കുകയുളളൂവെന്നും ഹണിപ്രീത് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുര്‍മീതിന്റെ ശിക്ഷാവിധി വന്നതിനു തൊട്ടുപിറകേ പഞ്ച്കുളയിലുണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്. കലാപങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 43 പേരെയാണ് ഹരിയാന പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ഒന്നാം പ്രതിയാണ് ഹണിപ്രീത്. പഞ്ചാബിലെ സിർകാപൂരിനു സമീപത്തുനിന്നാണ് ഹരിയാന പൊലീസ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്.
ഗുർമീത് റാം റഹിം സിങ് ജയിലിലായതിനുപിന്നാലെ ഹണിപ്രീത് ഒളിവിൽ പോയിരുന്നു. ഹരിയാന പൊലീസിന്റെ പ്രത്യേക സംഘമാണ് 38 ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഹണിപ്രീതിനെ അറസ്റ്റു ചെയ്തത്. ഒളിവിൽ പോയ ഹണിപ്രീത് ഇതിനിടയിൽ ഒരു മാധ്യമത്തിന് അഭിമുഖം നൽകിയത് പൊലീസ് തലവേദനയായിരുന്നു. തന്റെ പപ്പ നിരപരാധിയാണെന്നും താനും ഗുർമീതും തമ്മിൽ അച്ഛൻ-മകൾ ബന്ധമാണെന്നും ഹണിപ്രീത് അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമെല്ലാം പപ്പയുടെ മാലാഖക്കുട്ടി, എന്നാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. പ്രിയങ്ക എന്നായിരുന്നു ആദ്യ പേര്. വിശ്വാസ് ഗുപ്തയെ വിവാഹം കഴിച്ച ശേഷമാണ് ഹണിപ്രീത് എന്ന പേരില്‍ ഇവര്‍ അറിയപ്പെടുന്നത്. അതുവരെ അവര്‍ പ്രിയങ്കയായിരുന്നു. 1999ലാണ് വിശ്വാസ് ഗുപ്തയെ ഹണിപ്രീത് വിവാഹം ചെയ്യുന്നത്. സ്ത്രീധനത്തിന്റെ പേരിലുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു. ഗുർമീത് റാം റഹിം സിങ്ങിനെ കുറിച്ചുള്ള നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് ചിത്രങ്ങളില്‍ ഹണിപ്രീത് അഭിനയിച്ചിട്ടുമുണ്ട്.