ന്യൂഡൽഹി: ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് വ്യോമസേനാ ഉദ്യോഗസ്ഥനെ (ഐഎഎഫ്) ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദേവേന്ദ്ര ശർമ്മ എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഒരു യുവതി ‘ഹണി-ട്രാപ്പി’ലൂടെ ഇയാളിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിച്ചുവെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസി പാകിസ്ഥാൻ ഇന്റർ – സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹി സുബ്റോട്ടോ പാർക്കിലെ വ്യോമസേനാ റെക്കോർഡ്സ് ഓഫീസിലെ ജീവനക്കാരനാണ് ദേവേന്ദ്ര ശർമ്മ .
വ്യോമസേനയിൽ നിന്നുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകി അതിനായി പണം വാങ്ങി എന്ന പേരിൽ വ്യോമസേന നൽകിയ പരാതിയിന്മേലാണ് ദേവേന്ദ്ര ശർമ്മയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പത്രക്കുറിപ്പിൽ പറഞ്ഞു.
ഒഫിഷ്യൽ സീക്രട്ട് ആക്ട് പ്രകാരമാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, ഫെയ്സ്ബൂക്കിലൂടെ പരിചയപ്പെട്ട സ്ത്രീ ഇയാളുമായി ബന്ധം സ്ഥാപിക്കുകയും വ്യോമസേനാ റഡാറുകൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ സ്ഥലങ്ങൾ അവരുടെ വിവരങ്ങൾ ചോർത്തിയെടുക്കുകയായിരുന്നു.
ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ തരത്തിലുള്ള ചില ഇടപാടുകൾ കണ്ടെത്തിയെന്നും ഹണി ട്രാപ് ചെയ്ത യുവതി ഉപയോഗിച്ച നമ്പർ അവരെ ട്രേസ് ചെയ്യാൻ ശ്രമിച്ചതായും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കാൺപൂർ സ്വദേശിയായ ശർമ്മയെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെയ് ആറിന് അറസ്റ്റ് ചെയ്തതെന്നും സംഭവത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ച വിവരങ്ങളെക്കുറിച്ചും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
Also Read: ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമോ? ഡൽഹി ഹൈക്കോടതിയിൽ ഭിന്നവിധി