scorecardresearch
Latest News

സ്വവര്‍ഗാനുരാഗം കുറ്റകരമല്ല, എല്‍ജിബിടിക്യു വിഭാഗത്തെ സഭയിലേക്ക് സ്വാഗതം ചെയ്യണം: ഫ്രാന്‍സിസ് മാര്‍പാപ്പ

മാര്‍പാപ്പയുടെ വാക്കുകള്‍ ഒരു നാഴികക്കല്ലാണെന്നാണ് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന പറയുന്നത്

Pope Francis, LGBTQ

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗാനുരാകത്തെ കുറ്റകരമായി കാണുന്നത് അനീതിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവം തന്റെ മക്കളെ അവരെങ്ങനെയാണൊ അങ്ങനെ തന്നെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം അസോസിയേറ്റഡ് പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ലോകത്തിന്റെ ചില ഭാഗങ്ങളിൽ കത്തോലിക്കാ ബിഷപ്പുമാർ സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കുന്ന അല്ലെങ്കിൽ എൽജിബിടിക്യു വിഭാഗത്തോട് വിവേചനം കാണിക്കുന്ന നിയമങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മാറ്റത്തിന് ബിഷപ്പുമാര്‍ വിധേയരാകേണ്ടതുണ്ടെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

മാര്‍പാപ്പയുടെ വാക്കുകള്‍ ഒരു നാഴികക്കല്ലാണെന്നാണ് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന പറയുന്നത്. എൽജിബിടിക്യു വിഭാഗത്തോടുള്ള അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള സമീപനവും കത്തോലിക്കാ സഭ എല്ലാവരെയും സ്വാഗതം ചെയ്യണമെന്നും വിവേചനം കാണിക്കരുതെന്നുമുള്ള അഭിപ്രായത്തേയും അവര്‍ സ്വാഗതം ചെയ്തു.

67 രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗം കുറ്റകരമാണ്. 11 ഇടങ്ങളില്‍ വധശിക്ഷ വരെ ലഭിക്കാനുള്ള സാധ്യതകളുണ്ടെന്നാണ് ദി ഹ്യൂമന്‍ ഡിഗ്നിറ്റി ട്രസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍. നിയമം എതിരല്ലാത്ത ഇടങ്ങളില്‍ പോലും എല്‍ജിബിടിക്യു വിഭാഗം വലിയ തോതിലുള്ള പീഡനം നേരിടുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

സ്വവർഗരതിയുമായി ബന്ധപ്പെട്ട് കുറ്റകൃത്യവും പാപവും തമ്മിൽ വേർതിരിവ് ആവശ്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു. സ്വവർഗാനുരാഗം പാപകരമാണെന്നാണ് സഭ പഠിപ്പിക്കുന്നത് എന്നാൽ സ്വവർഗാനുരാഗികളോട് മാന്യമായും ബഹുമാനത്തോടും കൂടി പെരുമാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“സ്വവര്‍ഗാനുരാഗം കുറ്റമല്ല. പക്ഷേ അത് പാപമാണ്. ആദ്യം നമുക്ക് ഒരു പാപവും കുറ്റകൃത്യവും തമ്മിൽ വേർതിരിക്കാം. പരസ്‌പരം സ്നേഹം ഇല്ലാത്തതും പാപമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

“മാര്‍പാപ്പയുടെ ചരിത്രപരമായ പ്രസ്താവന ലോക നേതാക്കൾക്കും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കത്തോലിക്കർക്കും ഒരു സന്ദേശം നൽകുന്നു. അക്രമവും അപലപനവും കൂടാതെ കൂടുതൽ ദയയും ധാരണയുമുള്ള ഒരു ലോകത്ത് ജീവിക്കാൻ എല്‍ജിബിടിക്യു വിഭാഗം അർഹരാണ്,” അമേരിക്ക ആസ്ഥാനമായ ഗെ ആന്‍ഡ് ലെസ്ബിയന്‍ അലയന്‍സ് എഗൈന്‍സ്റ്റ് ഡിഫമേഷന്‍ (ജിഎല്‍എഎഡി) സിഇഒയും പ്രസിഡന്റുമായ സാറാ കേറ്റ് എല്ലിസ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Homosexuality not a crime bishops should welcome lgbtq people into the church pope francis