ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികള്‍ക്കും ഹോംസയന്‍സ് നിര്‍ബന്ധിത പഠനവിഷയമാക്കാന്‍ വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നടപടി. മന്ത്രാലയം തയ്യാറാക്കിയ ശുപാര്‍ശകള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ രാജ്യത്തെ ആണ്‍കുട്ടികള്‍ നിര്‍ബന്ധമായും ഹോം സയന്‍സ് പഠിക്കേണ്ടി വരും.
മന്ത്രിമാര്‍ ഒപ്പിട്ട, ദേശീയ വനിതാ നയത്തിന്റെ കരട് കാബിനറ്റിന്റെ അനുമതിക്കായി അയച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.
ലിംഗസമത്വം ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് നയത്തിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കല്‍പ്പിച്ചിരിക്കുന്ന, ജോലികളും, ഉത്തരവാദിത്തങ്ങളുമെല്ലാം ഉടച്ചുവാര്‍ക്കാനുള്ള ശുപാര്‍ശങ്ങള്‍ അടങ്ങിയതാണ് കരട്.
കുട്ടികളില്‍ ലിംഗാവബോധം വളര്‍ത്താനും കൂടുതല്‍ സമത്വമുള്ള ഒരു സമൂഹം സൃഷ്ടിക്കാനുമായി, സ്‌കൂള്‍ കരിക്കുലത്തില്‍ മാറ്റങ്ങള്‍ വരുത്താനും മാനവ വിഭവശേഷി മന്ത്രാലയത്തോട് നിര്‍ദ്ദേശിക്കുന്നുണ്ട് കരടില്‍. ഹോംസയന്‍സ് കൂടാതെ, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഫിസിക്കല്‍ എഡ്യൂക്കേഷനും സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശമുണ്ട്.
സ്‌കൂള്‍ ബസ്സുകളില്‍ വനിതാ ഡ്രൈവര്‍മാരെ നിയോഗിക്കാനുമുള്ള നിര്‍ദേശത്തിലൂടെ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്‌കൂള്‍ കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് ചെറുക്കാനും കരട് ലക്ഷ്യമിടുന്നു.
2001ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തു പുറത്തിറക്കിയ വനിതാ നയം, 15 വര്‍ഷത്തിന് ശേഷമാണ് പുനഃപരിശോധിക്കുന്നത്. 2016 മെയ് മാസത്തിലാണ് കരട് തയ്യാറാക്കിയത്.