scorecardresearch
Latest News

രഹസ്യാന്വേഷണ വിഭാഗം പരാജയം; ഡൽഹി സംഘർഷത്തിൽ കേന്ദ്രത്തെ വിമർശിച്ച് രജനികാന്ത്

ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടെന്ന് നടൻ രജനികാന്ത്

രഹസ്യാന്വേഷണ വിഭാഗം പരാജയം; ഡൽഹി സംഘർഷത്തിൽ കേന്ദ്രത്തെ വിമർശിച്ച് രജനികാന്ത്

ചെന്നെെ: വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് നടൻ രജനികാന്ത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്‌ചയാണ് അക്രമങ്ങൾക്കു കാരണമെന്ന് രജനി പറഞ്ഞു. താൻ ബിജെപിയുടെ വക്‌താവല്ലെന്നും രജനികാന്ത് ചെന്നെെയിൽ മാധ്യമങ്ങളോട് പറഞ്ഞു. പൂർണമായും ഡൽഹിയിലെ അക്രമ സംഭവങ്ങളുടെ കാരണം രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

“സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കണം. അക്രമങ്ങൾ നടത്തുന്നവരെ ഇരുമ്പ് മുഷ്‌ടി ഉപയോഗിച്ച് അടിച്ചമർത്തണം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്‌ചയാണ് പ്രശ്‌നങ്ങൾക്ക് കാരണം. രഹസ്യാന്വേഷണ വിഭാഗം അവരുടെ ജാേലി കൃത്യമായി ചെയ്‌തില്ല. രഹസ്യാന്വേഷണ വിഭാഗത്തിനു വീഴ്‌ച പറ്റിയെന്ന് പറയുമ്പോൾ അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി പരാജയമാണ്.” രജനികാന്ത് പറഞ്ഞു. നേരത്തെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രജനി രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം മുസ്‌ലിങ്ങൾക്കെതിരല്ലെന്നും രജനി പറഞ്ഞിരുന്നു.

സംഭവിച്ചതെല്ലാം സംഭവിച്ചു, ഇൻശാ അള്ളാ, ഇവിടെ സമാധാനം വരും: അജിത് ഡോവൽ

അതേസമയം, വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങളെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. പതിനെട്ട് കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ റജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇന്ന് പുതിയ കേസുകളൊന്നും റജിസ്റ്റർ ചെയ്‌തിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഘർഷങ്ങലുമായി ബന്ധപ്പെട്ട് 106 പേരെ അറസ്റ്റ് ചെയ്‌തതായാണ് ഡൽഹി പൊലീസ് പറയുന്നത്.

ഡൽഹിയിലെ അക്രമങ്ങൾക്ക് കാരണം പുറത്തുനിന്നുള്ളവരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കലാപം അടിച്ചമർത്താൻ സെെന്യത്തെ വിന്യസിക്കണമെന്ന് കേജ്‌രിവാൾ ആവശ്യപ്പെട്ടു. “ഡൽഹിയിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. കലാപം ആരും ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കുട്ടികൾക്കു വേണ്ടി വളരെ നല്ലൊരു ഡൽഹി സൃഷ്‌ടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഡൽഹിയിലെ സാധാരണ ജനങ്ങൾ കലാപത്തിൽ ഇടപെട്ടിട്ടില്ല. അവർ ഇതിന്റെ ഭാഗമല്ല. പുറത്തുനിന്നുള്ളവരാണ് ഇവിടുത്തെ കലാപങ്ങൾക്ക് പ്രധാന കാരണം. അടിയന്തരമായി സെെന്യത്തെ വിളിക്കണം. സമാധാനം പുനസ്ഥാപിക്കണം.” കേജ്‌രിവാൾ പറഞ്ഞു. സെെന്യത്തെ വിളിക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Home ministrys failure rajanikanth on delhi issue