ലൊസാഞ്ചൽസ്: കളി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ഹോളിവുഡ് നടിയെ പൊലീസ് വെടിവച്ചു കൊന്നു. ‘ഇആർ’ എന്ന ഹിറ്റ് ടിവി സീരീസിലൂടെ പ്രശസ്തയായ വനേസ മാർക്വസ് (49) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ലൊസാഞ്ചൽസിലെ തന്റെ വീട്ടിലെത്തിയ പൊലീസുകാർക്കുനേരെ നടി കളിതോക്ക് ചൂണ്ടുകയായിരുന്നു. എന്നാലിത് ഒർജിനൽ തോക്കാണെന്ന് തെറ്റിദ്ധരിച്ച് പൊലീസുകാർ നടിക്കുനേരെ നിറയൊഴിക്കുകയായിരുന്നു.

നടിയുടെ വീട്ടുടമയുടെ നിർദ്ദേശപ്രകാരമാണ് ക്ഷേമ വിവരം തിരക്കുന്നതിനായി പൊലീസുകാർ വീട്ടിലെത്തിയത്. നടിയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തെത്തുടർന്നാണ് വീട്ടുടമ പൊലീസുകാരെ വിളിച്ചു വരുത്തിയത്. പൊലീസിനൊപ്പം ഒരു മാനസികാരോഗ്യ ചികിത്സകനും ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും മാനസികാരോഗ്യ ചികിത്സകനും ഒരു മണിക്കൂറോളം നടിയുമായി സംസാരിച്ചു. അവർക്ക് ആവശ്യമായ മെഡിക്കൽ സഹായവും വാഗ്‌ദാനം ചെയ്തു. ഇതിനിടയിലാണ് നടി കളി തോക്ക് ചൂണ്ടി പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്.

നടി തോക്ക് ചൂണ്ടിയതോടെ പൊലീസുകാരിൽ ഒരാൾ വെടിവയ്ക്കുകയായിരുന്നു. അതിനുശേഷം പരിശോധിച്ചപ്പോഴാണ് അത് ബിബി ടൈപ്പ് സെമി ഓട്ടോമാറ്റിക് തോക്കാണെന്ന് മനസ്സിലായത്. നടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1994 മുതൽ 97 വരെ ‘ഇആർ’ എന്ന ഹിറ്റ് ടിവി സീരീസിലെ വെന്റി ഗോൾഡ്മാൻ എന്ന നഴ്സ് കഥാപാത്രത്തെ അവതരിപ്പിച്ചത് വനേസ മാർക്വസ് ആയിരുന്നു. സെയിൻഫെൽഡ്, മെൽറോസ് പ്ലെയ്സ് തുടങ്ങി നിരവധി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ‘സ്റ്റാൻഡ് ആന്റ് ഡെലിവർ’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ