മുംബൈ: പെൺകുട്ടിയുടെ കൈകൾ പിടിക്കുന്നതും പാന്റ്സിന്റെ സിപ്പ് അഴിക്കുന്നതും ലൈംഗികാതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചിന്റെ വിവാദ വിധി. വസ്ത്രത്തിന് മുകളിലൂടെ പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചാൽ പോക്സോ നിയമപ്രകാരമുള്ള കുറ്റമാവില്ലെന്ന് നിരീക്ഷിച്ച കോടതി തന്നെയാണ് മറ്റൊരു വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് പുഷ്പ ഗണേധിവാലയുടേതാണ് ഉത്തരവ്.
അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനു ശിക്ഷ വിധിച്ച സെഷൻസ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതിയായ അമ്പതുകാരൻ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് പുഷ്പ ഗണേധിവാലയുടെ ബഞ്ചിന്റെ നിരീക്ഷണം. പെൺകുട്ടിയുടെ കൈകളിൽ പിടിച്ചാലും പ്രതി പാന്റ്സിന്റെ സിപ് തുറന്നാലും പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു വിധി. ജനുവരി 15 നാണ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം. കേസിൽ പോക്സോ നിയമത്തിലെ എട്ട്, പത്ത് സെക്ഷൻ പ്രകാരമുള്ള കുറ്റങ്ങൾ കോടതി റദ്ദാക്കി.
Read Also: ‘ചർമത്തിൽ തൊട്ടില്ലെങ്കിൽ ലൈംഗികാതിക്രമമല്ല’; വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ
ലെെംഗികമായി പീഡിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതായി പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചു. എന്നാൽ, ലെെംഗികാതിക്രമം നടന്നതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു. പോക്സോ നിയമത്തിന്റെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം നടന്നുവെന്ന് പറയണമെങ്കിൽ ശാരീരികമായ ബന്ധം വേണമെന്ന് കോടതി നിരീക്ഷിച്ചു.
പ്രതി പെൺകുട്ടിയുടെ കൈകൾ പിടിക്കുന്നതും പാന്റ്സിന്റെ സിപ്പ് അഴിക്കാൻ പ്രേരിപ്പിക്കുന്നതിനും പെൺകുട്ടിയുടെ അമ്മ തന്നെയാണ് സാക്ഷി. എന്നാൽ, ഈ സാക്ഷിമൊഴി ലെെംഗികാതിക്രമം നടന്നെന്ന് തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.
അമ്പത് വയസ്സുള്ള ലിബ്നസ് കുജൂർ അഞ്ച് വയസ്സുകാരിക്കെതിരെ ലെെംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2018 ഫെബ്രുവരി 12-നായിരുന്നു സംഭവം. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയുടെ കൈകൾ പിടിക്കുന്നതും പാന്റ്സിന്റെ സിപ്പ് അഴിക്കാൻ കുട്ടിയോട് പ്രതി പറയുന്നതും കണ്ടെന്നാണ് അമ്മയുടെ സാക്ഷിമൊഴി. കേസിൽ അറസ്റ്റ് ചെയ്ത കുജൂരിനെ 2020 ഒക്ടോബറിലാണ് സെഷൻസ് കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്.