/indian-express-malayalam/media/media_files/uploads/2018/06/tajmahal.jpg)
ആഗ്ര: ബോംബ് ഭീഷണിയെ തുടർന്ന് താജ്‌മഹൽ അടച്ചു. സഞ്ചാരികളെയെല്ലാം പൊലീസ് ഒഴിപ്പിച്ചു. താജ്‌മഹലിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഉത്തർപ്രദേശ് പൊലീസിന്റെ നടപടി. മേഖലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ഇന്നു രാവിലെയാണ് താജ്‌മഹലിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. താജ്‌മഹലിലെ സുരക്ഷാ വിഭാഗത്തിനാണ് ഫോൺ സന്ദേശം കിട്ടിയത്. ഉടൻ തന്നെ പൊലീസ് നടപടി സ്വീകരിച്ചു. സിഐഎസ്എഫും ആഗ്ര പൊലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഫോൺ സന്ദേശത്തെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
Read Also: പെട്രോൾ പമ്പുകളിൽ നിന്ന് മോദിയുടെ ചിത്രം നീക്കാനുള്ള നിർദേശം എന്തുകൊണ്ട്?
112 എന്ന എമർജൻസി നമ്പറിലേക്കാണ് ഫോൺകോൾ വന്നത്. താജ്‌മഹലിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമാണ് രാവിലെ ഒൻപതോടെ ലഭിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് എത്തി താജ്‌മഹലിൽ പരിശോധന നടത്തി. സംശയകരമായി ഒന്നും പരിശോധനയിൽ കണ്ടെത്തിയില്ല. ഉത്തർപ്രദേശിലെ ഫിറോസ്‌ബാദിൽ നിന്നാണ് അജ്ഞാത സന്ദേശം ലഭിച്ചതെന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറയുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാർച്ച് 17 ന് അടച്ചിട്ട താജ്‌മഹൽ വീണ്ടും സഞ്ചാരികൾക്കായി തുറന്നു നൽകിയത് സെപ്റ്റംബറിലാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇപ്പോൾ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്. വർഷത്തിൽ 70 മുതൽ 80 ലക്ഷം വരെ സഞ്ചാരികളാണ് താജ്‌മഹലിലെത്തുന്നതെന്നാണ് കണക്കുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.