scorecardresearch
Latest News

സിഎഎ പ്രക്ഷോഭകരുടെ ചിത്രങ്ങളുമായി പോസ്റ്റര്‍: യുപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ നിയമങ്ങളില്ലെന്നു സുപ്രീം കോടതി

വിഷയം പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ മൂന്ന് ജഡ്ജിമാരുള്‍പ്പെടുന്ന ബഞ്ചിനെ അടുത്തയാഴ്ച നിയോഗിക്കുമെന്നു കോടതി വ്യക്തമാക്കി

CAA protest,സിഎഎ പ്രക്ഷോഭം, Anti CAA protest, സിഎഎ വിരുദ്ധ പ്രക്ഷോഭം, Citizenship Amendment Act, പൗരത്വ ഭേദഗതി നിയമം, Yogi Adityanath, യോഗി ആദിത്യനാഥ്, Supreme court, സുപ്രീം കോടതി, Anti CAA protest in UP, ഉത്തർപ്രദേശിലെ സിഎഎ വിരുദ്ധ പ്രക്ഷോഭം, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സംബന്ധിച്ച കേസുകളിൽ പ്രതിചേർക്കപ്പെട്ടവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍  ഉത്തർപ്രദേശ് സർക്കാർ പോസ്റ്ററിലൂടെ പ്രസിദ്ധപ്പെടുത്തിയ സംഭവത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. പോസ്റ്റുകള്‍ പതിച്ചതു നിയമവിരുദ്ധമാണെന്നും നീക്കം ചെയ്യണമെന്നു മാര്‍ച്ച് ഒന്‍പതിന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടാണു യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

വിഷയം പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ മൂന്ന് ജഡ്ജിമാരുള്‍പ്പെടുന്ന ബഞ്ചിനെ അടുത്തയാഴ്ച നിയോഗിക്കുമെന്നു കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ രജിസ്ട്രി ഉടന്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു ജസ്റ്റിസുമാരായ അനിരുദ്ധ ബോസും യുയു ലളിത് ഉള്‍പ്പെട്ട അവധിക്കാല ബഞ്ച് നിര്‍ദേശം നല്‍കി.

Read Also: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 73 ആയി

വിഷയം വലിയ പ്രാധാന്യമുള്ളതാണെന്നും കലാപകാരികളെ ശിക്ഷിക്കണമെന്നതില്‍ സംശയമില്ലെങ്കിലും പോസ്റ്ററുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ നടപടിയെ പിന്തുണയ്ക്കാന്‍ നിയമങ്ങളില്ലെന്നും ബഞ്ച് വ്യക്തമാക്കി.

കലാപകാരികളെന്നു കണ്ടെത്തിയവരുടെ ചിത്രങ്ങളാണു പ്രസിദ്ധപ്പെടുത്തിയതെന്നായിരുന്നു യുപി സര്‍ക്കാരിന്റെ വാദം. കലാപത്തിനുള്ള പരസ്യമായ പ്രവൃത്തിമൂലം അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഇല്ലാതായെന്നും സര്‍ക്കാര്‍ വാദിച്ചു. ”പരസ്യമായി തോക്ക് പ്രയോഗിക്കുന്ന രണ്ടുപേരെ മാധ്യമങ്ങള്‍ കാണിക്കുന്നുവെന്നു കരുതുക, അവര്‍ക്ക് അവരുടെ അവകാശം ലംഘിക്കപ്പെട്ടുവെന്നു അവകാശപ്പെടാന്‍ കഴിയില്ല. അവര്‍ അവരുടെ സ്വകാര്യത നഷ്‌പ്പെടുത്തിയിട്ടുണ്ട്, ” യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

എന്നാല്‍ ഒരാളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭരണകൂടം റദ്ദാക്കുന്നതു വ്യത്യസ്തമാണെന്നു ജസ്റ്റിസ് ലളിത് നിരീക്ഷിച്ചു. ” വ്യക്തികളെ അധിക്ഷേപിക്കാനും അവരുടെ ചിത്രങ്ങള്‍ സഹിതം പോസ്റ്ററുകള്‍ പതിക്കാനും സംസ്ഥാനത്തിന് അവകാശമുണ്ടോ എന്നതാണ് ഇവിടുത്തെ ചോദ്യം,” അദ്ദേഹം പറഞ്ഞു.

അതേസമയം, ”നിയമപ്രകാരമുള്ളതെല്ലാം സര്‍ക്കാരിനു ചെയ്യാന്‍ കഴിയും. ആ അവകാശം എവിടെയാണ്?” ജസ്റ്റിസ് ബോസ് പറഞ്ഞു.

യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്റെ അനുച്ഛേദം എട്ടിലെ ‘സ്വകാര്യത അവകാശങ്ങളിലെ ഇടപെടല്‍’ സംബന്ധിച്ച യുകെ സുപ്രീംകോടതിയുടെ വിധിന്യായം തുഷാര്‍ മേത്ത ഉദ്ധരിച്ചു.

Read Also: കൊറോണയില്‍ വിറച്ച് ടൂറിസം മേഖലയും; ബുക്കിങ്ങുകള്‍ റദ്ദായി തുടങ്ങി

അതേസമയം, വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന്റേതില്‍നിന്നു വ്യത്യസ്തമാണെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിങ്‌വി കോടതിയെ അറിയിച്ചു. ”കുറ്റാരോപിതനാണെന്നും അദ്ദേഹം രാജ്യത്തിനെതിരെ ചിലത് ചെയ്തുവെന്നും ഭരണകൂടം വ്യക്തമായ പ്രഖ്യാപനം നടത്തുകയാണ്. ഇത് ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു,”സിങ്‌വി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ നടപടി, ആളുകളുടെ സ്വകാര്യതയിലെ അനാവശ്യമായ ഇടപെടലാണെന്നും നാണംകെട്ട ചിത്രീകരമാണെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. നിശ്ചിത വ്യക്തികളുടെ വ്യക്തിപരമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു ഭരണകൂടം നിറം ചേര്‍ത്ത് അധികാരങ്ങള്‍ വിനിയോഗിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് സദാഫ് ജാഫര്‍, റിഹായ് മഞ്ച് സ്ഥാപകന്‍ മുഹമ്മദ് ഷോയിബ്, ദീപക് കബീര്‍, പ്രമുഖ ഷിയാ പുരോഹിതന്‍ കല്‍ബെ സാദിഖിന്റെ മകന്‍ കല്‍ബെ സിബ്‌തെയ്ന്‍ നൂരി, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും സാമൂഹ്യപ്രവര്‍ത്തകനുമായ എസ് ആര്‍ ദാരപുരി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പോസ്റ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Hoardings of caa protesters sc says no law to support up govt action