/indian-express-malayalam/media/media_files/uploads/2019/12/Army.jpg)
ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ ഓപ്പറേഷണൽ കമാൻഡർ റിയാസ് നൈകൂ സൈന്യവുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെക്കൻ കശ്മീരിലെ അവന്തിപൂരിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകര നേതാവിനെ സൈന്യം വധിച്ചതെന്ന് ഐജിപി കശ്മീർ വിജയ് കുമാർ പറഞ്ഞു.
ബേഗ്പോരയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി മുതൽ സൈന്യം തിരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടയിൽ നൈകൂവിനെ സൈന്യം വളയുകയും ചെയ്തു. പിന്നീടുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചത്.
2017 ൽ ഷോപ്പിയാനിലെ അവ്നീരയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മഹമൂദ് ഗസ്നാവി കൊല്ലപ്പെട്ടതോടെയാണ് ഹിസ്ബുളിന്റെ നേതൃസ്ഥാനത്തേക്ക് നൈകൂ എത്തിയത്. ഗസ്നാവിക്കു മുൻപ് ബുർഹാൻ വാനിയായിരുന്നു നേതാവ്. 2016 ജൂലൈയിലാണ് വാനിയെ സൈന്യം വധിച്ചത്.
കശ്മീരിൽ പൊലീസ് തിരഞ്ഞിരുന്ന ഭീകരരിൽ പ്രധാനിയായിരുന്നു നൈകൂ. സ്വകാര്യ സ്കൂളിലെ കണക്ക് അധ്യാപകനായിരുന്ന നൈകൂ 2012 ലാണ് ഭീകര സംഘടനയിൽ ചേരുന്നത്. കഴിഞ്ഞ 8 വർഷമായി പൊലീസ് ഇയാൾക്കായി തിരയുകയായിരുന്നു. 12 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
അവന്തിപൂരിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. പുലർച്ചെ ഒരു മണിക്ക് തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നുവെന്നാണ് കശ്മീർ സോൺ പൊലീസ് പറഞ്ഞത്.
Read in English: J&K: Hizbul commander Riyaz Naikoo killed in Awantipora encounter
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.