ചെന്നൈ: ഗര്‍ഭിണിയായ യുവതിയുടെ ശരീരത്തിലേക്ക് എച്ച്ഐവി ബാധിതനായ യുവാവിന്റെ രക്തം കയറ്റിയ സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ് നാട് സര്‍ക്കാരിന്റെ ഉറപ്പ്. വിരുധനഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് 2018 ഡിസംബര്‍ മൂന്നിന് സംഭവം നടന്നത്. അന്വേഷണം നടക്കുകയാണ്.
സംഭവത്തില്‍ മൂന്ന് ലാബ് ടെക്നീഷ്യന്മാരെ നേരത്തേ തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. 19കാരനായ യുവാവിന്റെ രക്തമാണ് ഗര്‍ഭിണിയായ യുവതിക്ക് നല്‍കിയത്.
തന്റെ രക്തം നല്കി യുവതിയ്ക്ക് എച്ച്ഐവി ബാധിച്ചതറിഞ്ഞ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും, തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയും മരണം സംഭവിക്കുകയും ചെയ്തു.
യുവതിക്കും ഭര്‍ത്താവിനും ജോലിയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിട്ടുണ്ട്. കുഞ്ഞിന് എച്ച്ഐവി ബാധിച്ചിട്ടുണ്ടോ എന്ന് ജനിച്ചതിനു ശേഷം മാത്രമേ കണ്ടെത്താനാകൂ.
സംഭവം കടുത്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് ഇടയാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയെ സ്ഥാനത്തു നിന്നും നീക്കണമെന്നും ആരോഗ്യ സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം നല്‍കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.