/indian-express-malayalam/media/media_files/uploads/2019/11/sanjay-raut.jpg)
മുംബൈ: ബിജെപിയെ പരിഹസിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. കാവല്‍ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസ് ഭയത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്നും റാവത്ത് പറഞ്ഞു.
ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ കോളത്തില്‍ ''ഹിറ്റ്‌ലര്‍ മരിച്ചു, അടിമത്വം അപ്രതക്ഷ്യമായി'' എന്നെഴുതിയിരുന്നു. ഹിറ്റ്‌ലര്‍ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റാവത്ത് നല്‍കിയ മറുപടി ഇന്ന് ആര്‍ക്കും ഞങ്ങളുടെ എംഎല്‍എമാര വാങ്ങാനോ തകര്‍ക്കാനോ കഴിയില്ല. അത്തരം ഡീലുകള്‍ ഇനി മഹാരാഷ്ട്രയില്‍ നടക്കില്ലെന്നായിരുന്നു.
അതേസമയം, കോണ്‍ഗ്രസിനെ റാവത്ത് പ്രശംസിച്ചു. ''ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി ചിലകാര്യങ്ങളില്‍ വിയോജിപ്പുണ്ട്. ചിലതില്‍ ഞങ്ങള്‍ യോജിക്കുന്നു. കോണ്‍ഗ്രസ് ഞങ്ങളുടെ ശത്രുക്കളല്ല. കോണ്‍ഗ്രസ് നേതാക്കാള്‍ ശിവസേനയ്ക്കു പിന്തുണ നല്‍കുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ അതിനെ ഹൃദയപൂര്‍വം സ്വീകരിക്കും,'' അദ്ദേഹം പറഞ്ഞു.
ആരാണ് ധാര്‍മികതയെക്കുറിച്ച് പറയുന്നത്? എല്ലാദിവസവും വഞ്ചിക്കുന്നവര്‍ ധാര്‍മകതയെക്കുറിച്ച് പഠിപ്പിക്കുകയായണെന്നും ജനങ്ങളുടെ ബുദ്ധി മരവിച്ചെന്നാണ് അവര്‍ കരുതുന്നതെന്നും ബിജെപിയെ കടന്നാക്രമിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ രാഷ്ട്രീയം മഹാരാഷ്ട്രയില്‍ തന്നെ നിലനില്‍ക്കണമെന്നും മഹാരാഷ്ട്ര ഡല്‍ഹിയുടെ അടിമയല്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശിവസേന തങ്ങളുടെ 56 എംഎല്‍എമാരെ മലാഡിലെ ഒരു ഹോട്ടലിലേക്ക് മാറ്റി. കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാർ ജയ്പൂരിലെ റിസോര്‍ട്ടിലാണ്. പിന്നാലെ എംഎല്‍എമാരുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. മറ്റുള്ളവര്‍ക്കായി നിയമസഭയെ കാത്തത് മതിയെന്നും ഇനി ശിവസേന അകത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.