ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഭരണകക്ഷിക്കെതിരെ തുറന്ന പോര് തുടരുന്നതിനിടെ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സോണിയ ഗാന്ധിയെ ലക്ഷ്യമാക്കി ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ പ്രസ്താവന. സോണിയ ഇടപെട്ട് സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കണം എന്ന് കങ്കണ ആവശ്യപ്പെട്ടു. സോണിയയുടെ നിശബ്ദതയേയും നിസ്സംഗതയേയും ചരിത്രം വിലയിരുത്തുമെന്ന് കങ്കണ പറഞ്ഞു

“പ്രിയപ്പെട്ട ബഹുമാന്യ സോണിയാജി, എന്റെ നേര്‍ക്കുള്ള നിങ്ങളുടെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പെരുമാറ്റത്തില്‍ സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് അൽപ്പം പോലും മനോവിഷമം തോന്നുന്നില്ലേ? ഡോക്ടര്‍ ബി.ആര്‍. അംബേദ്കര്‍ നമുക്ക് നല്‍കിയ ഭരണഘടനയിലെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് നിങ്ങള്‍ ആവശ്യപ്പെടില്ലേ” കങ്കണ ട്വീറ്റ് ചെയ്തു.


“നിങ്ങൾ പാശ്ചാത്യ രാജ്യത്ത് വളര്‍ന്ന് ഇന്ത്യയില്‍ ജീവിക്കുന്ന സ്ത്രീയാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് ബോധവതിയാകണം. നിങ്ങളുടെ സ്വന്തം സര്‍ക്കാര്‍ തന്നെ സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും നീതിന്യായവ്യവസ്ഥയെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ പാലിക്കുന്ന മൗനവും അനാസ്ഥയും ചരിത്രം തീര്‍ച്ചയായും വിലയിരുത്തും. നിങ്ങള്‍ വിഷയത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷ,” കങ്കണ കുറിച്ചു.

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയെയും കങ്കണ തന്റെ ട്വീറ്റിൽ പരാമർശിച്ചു.

“എന്റെ പ്രിയപ്പെട്ട നേതാക്കളിലൊരാളാണ് താക്കറെ. തന്റെ പാര്‍ട്ടി ഒരു നാള്‍ കോണ്‍ഗ്രസ് ആയി മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഭീതി. പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയില്‍ അദ്ദേഹത്തിന്റെ ആത്മാവിന് എന്താണ് തോന്നുന്നതെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.” കങ്കണ പറഞ്ഞു. ശിവസേന ‘സോണിയ സേന’യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കങ്കണ വ്യാഴാഴ്ച ആരോപിച്ചിരുന്നു.

Read in English: History would judge your ‘silence’: Kangana Ranaut hits out at Sonia Gandhi

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook