ന്യൂഡൽഹി: രാജ്യം ഇന്ന് 69-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച് 69-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. മൂന്ന് സേനാ തലവന്‍മാരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ശേഷം സെറിമോണിയല്‍ പുസ്തകത്തില്‍ ഒപ്പുവച്ച് രാജ്പഥിലേക്ക് തിരിച്ചു. ആസിയാന്‍ രാജ്യങ്ങളിലെ തലവന്‍മാരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥികള്‍.

രാഷ്ട്രപതി ഭവനില്‍ നിന്നും അശ്വാരുഢ സേനയുടെ സല്യൂട്ട് ഏറ്റുവാങ്ങി രാഷ്ട്രപതിയും മുഖ്യാതിഥികളും രാജ്പഥിലെത്തി. രാഷ്ട്രപതിയെയും മുഖ്യാതിഥികളെയും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ചേര്‍ന്നാണ് സ്വീകരിച്ചത്. അശ്വാരൂഢസേനയുടെ സല്യൂട്ട് സ്വീകരിച്ച രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തി.

സേന ബഹുമതികളുടെ വിതരണ ശേഷം സൈനിക വിഭാഗങ്ങളുടെ പ്രകടനമുണ്ടാകും. ബിഎസ്എഫ് വനിതാ സൈനികരുടെ ബുള്ളറ്റ് അഭ്യാസം ഇത്തവണത്തെ പ്രത്യേകതയാണ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഐടിബിപി റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ വൈവിധ്യം വിളിച്ചോടുന്ന ടാബ്ലോകളും അണിനിരക്കും.

സാഹിത്യം, കല, കായികം, സാമൂഹ്യ പ്രവര്‍ത്തനം, ആരോഗ്യം, ശാസ്ത്രം, എൻജിനീയറിങ്, സിവില്‍ സര്‍വ്വീസ്, പൊതുപ്രവര്‍ത്തനം, വ്യവസായം, വ്യാപാരം, വ്യവസായം എന്നീ വിഭാഗങ്ങളിലുളള പത്മാ പുരസ്കാരങ്ങള്‍ ഇന്ന് നല്‍കും.

പത്മ വിഭൂഷണ്‍, പത്മ ഭൂഷണ്‍, പത്മ ശ്രീ എന്നീ മൂന്ന് വിഭാഗങ്ങളായാണ് പത്മാ പുരസ്കാരങ്ങള്‍. 85 പേര്‍ക്കാണ് ഈ വര്‍ഷം പത്മാ പുരസ്കാരം ലഭിക്കുക. മൂന്ന് പത്മ വിഭൂഷനും ഒമ്പത് പത്മ ഭൂഷനുമാണ് ഈ വര്‍ഷം നല്‍കുക. ഇതില്‍ പതിനാറുപേര്‍ എന്‍ആര്‍ഐകളാണ്.

തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ ഇളയരാജയെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും. സൂഫി സംഗീതജ്ഞന്‍ ഗുലാം മുസ്തഫാ ഖാനും മലയാളിയായ പി.പരമേശ്വരനും പത്മവിഭൂഷനുണ്ട്. മലയാളിയായ മാര്‍ ക്രിസോസോ വലിയ മെത്രോ പോളിത്താന് പത്മഭൂഷണ്‍ ലഭിച്ചു. എം.ആര്‍.രാജഗോപാലന്‍, ലക്ഷ്മികുട്ടി എന്നിവര്‍ക്ക് പത്മശ്രീയും നല്‍കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണിക്കും ഇക്കുറി പത്മാ പുരസ്കാരം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ