മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപിക്കെതിരെ ആക്രമണം കടുപ്പിച്ച് സഖ്യകക്ഷിയായ ശിവസേന. മോദിയും അമിത് ഷായും കാണിച്ച അഹങ്കാരം ഇതിന് മുമ്പ് കണ്ടത് മഹാഭാരതത്തിലാണെന്ന് ശിവസേന വിമര്‍ശിച്ചു.

‘എളിമയോടെയാണ് രാഹുല്‍ ഗാന്ധി തങ്ങളുടെ വിജയം സ്വീകരിച്ചത്. ബിജെപി ഭരിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് അദ്ദേഹം നന്ദി പറഞ്ഞു. എന്നാല്‍ പണ്ഡിറ്റ് നെഹ്റുവും, ഇന്ദിര ഗാന്ധിയും, രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി നല്‍കിയ സംഭാവനകളെ അംഗീകരിക്കാന്‍ മോദി തയ്യാറല്ല. ബിജെപിയെ വളര്‍ത്തുന്നതില്‍ എല്‍കെ അദ്വാനിയും മറ്റ് നേതാക്കളും വഹിച്ച പങ്ക് പോലും മോദി അംഗീകരിക്കുന്നില്ല. ഇത് പോലത്തെ അഹങ്കാരം മുമ്പ് മഹാഭാരതത്തില്‍ മാത്രമാണ് കണ്ടിട്ടുളളത്. അന്നും ഈ അഹങ്കാരത്തിന് തിരിച്ചടി കിട്ടിയിരുന്നു,’ ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ ഇന്നത്തെ എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ വിനയത്തേയും ശിവസേന പുകഴ്ത്തി. ‘2019ലും ബിജെപിയെ പരാജയപ്പെടുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ബിജെപി മുക്ത ഭാരതമെന്ന ആഹ്വാനം അല്ല അദ്ദേഹം നടത്തിയത്. ഗാന്ധിമാര്‍ എങ്ങനെയാണ് കൊടുങ്കാറ്റുകളെ തരണം ചെയ്തതെന്നും ജനാധിപത്യം എങ്ങനെയാണ് ആക്രമണങ്ങളെ അതിജീവിച്ചതെന്നും രാഹുലിന്റെ വിനയം ഉത്തരം നല്‍കും,’ ശിവസേന എഡിറ്റോറിയലില്‍ പറയുന്നു.

‘അഹങ്കാരത്തിന് അവസാനം പതനം സംഭവിച്ചിരിക്കുന്നു. ജനവിധി താഴ്മയോടെ അംഗീകരിക്കുന്നു എന്നാണ് മോദി പറഞ്ഞത്. ഈ താഴ്മയാണ് 2014ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മോദിക്ക് നഷ്ടമായത്. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ക്രൂരമായാണ് മോദി ആക്രമിച്ചത്. രാജ്യത്തിന്റെ എല്ലാമാണ് താന്‍ എന്ന ഭാവത്തോടെയാണ് മോദി പെരുമാറിയത്. ആരാണ് ഗാന്ധി? ആരാണ് താക്കറെ? ആരാണ് ജനങ്ങള്‍ എന്നായിരുന്നു ഭാവം. എന്നാല്‍ രാജ്യത്തെ ശക്തരായ ജനങ്ങള്‍ ആ ഈഗോ തകര്‍ത്ത് കളഞ്ഞു,’ ശിവസേന എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook