ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനെ തിരികെ കൊണ്ടു വരാനുള്ള വഴി മൃദുഹിന്ദുത്വമല്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജനങ്ങള്‍ക്ക് കോക്ക് ലൈറ്റ് എന്നത് പോലെ ഹിന്ദുത്വ ലൈറ്റ് നല്‍കിയാല്‍ അത് കോണ്‍ഗ്രിസിനെ വട്ടപൂജ്യമാക്കുമെന്നും തരൂര്‍ പറഞ്ഞു.

നിലവിലെ അക്രമണോത്സുകമായ ദേശീയതാ പ്രവണതകള്‍ ഇല്ലാതാകുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും തരൂര്‍ പറഞ്ഞു. ഇത്തരം പ്രവണതകളെ ചെറുക്കുന്ന യുവാക്കളടക്കമുള്ള ശുഭാപ്തിവിശ്വാസികളുടെ കൂട്ടത്തിലാണ് താനെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. പിടിഐയ്ക്ക് ന്ല്‍കിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ പ്രസ്താവന.

അധികാരത്തിലിരിക്കുന്നവര്‍ നടപ്പിലാക്കുന്നത് യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള ഹിന്ദുത്വമല്ലെന്നും വിശ്വാസത്തെ കോമാളിത്തരമാക്കി മാറ്റുകയാണെന്നും തരൂര്‍ പറഞ്ഞു.

Read More: മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയം തകര്‍ക്കാതെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാം: ശശി തരൂര്‍

‘വളരെ ഇടുങ്ങിയ ഒരു രാഷ്ട്രീയ ആയുധമാക്കി അവര്‍ വിശ്വാസത്തെ മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ മാത്രമാണ് അവരുടെ ഉദ്ദേശ്യം.’

കോണ്‍ഗ്രസിലെ ഒരംഗമെന്ന നിലയില്‍ ഈ പാര്‍ട്ടിയ്ക്ക് ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്ന ബി.ജെ.പിയുടെ അതേ നിലപാടാണ് കോണ്‍ഗ്രസിന്റേതുമെങ്കില്‍ അതൊരു വലിയ തെറ്റായിരിക്കുമെന്നും തരൂര്‍ പറഞ്ഞു.

”ഹിന്ദി ഹൃദയഭൂമിയില്‍ പാര്‍ട്ടി നേരിടുന്ന തകര്‍ച്ചകള്‍ക്കുള്ള ഉത്തരമായി ബിജെപിയെ പോലെയാവാന്‍ ആരെങ്കിലും നിര്‍ദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് കൊടിയ പാപമാണ്. ഒറിജിനലും അനുകരണവും തമ്മില്‍ വോട്ടര്‍ തിരഞ്ഞെടുക്കുക ഒറിജിനലായിരിക്കും” തരൂര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook