ചെന്നൈ: ഹനുമാന്‍ സേനാ നേതാവിന്റെ വാഹനത്തിന് നേരെയുണ്ടായ അക്രമം നേതാവ് തന്നെ നിര്‍മിച്ച നാടകമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. വെള്ളിയാഴ്ച ചെന്നൈയില്‍ നിന്ന് ഇരുപത്തിമൂന്ന് കിലോമീറ്റര്‍ മാറിയുള്ള ശോലാവരം ഹൈവേയില്‍ വച്ച് നേതാവിന്റെ വണ്ടി ആക്രമിക്കപ്പെട്ടു എന്നായിരുന്നു പരാതി. നാല് മാസം മുന്‍പ് പിന്‍വലിച്ച പൊലീസ് സംരക്ഷണം വീണ്ടും ലഭിക്കാനാണ് അക്രമ നാടകം എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ശോലാവരത്തിനടുത്തുള്ള മിഞ്ചൂര്‍- വണ്ടലൂര്‍ ഔട്ടര്‍ റിങ് റോഡില്‍ സഞ്ചരിക്കുമ്പോള്‍ തനിക്ക് നേരെ ക്രൂഡ് ബോംബ്‌ അക്രമം നടന്നു എന്നായിരുന്നു നാല്‍പതുകാരനായ കാളീകുമാര്‍ പരാതിപ്പെട്ടത്. എന്നാല്‍ നേതാവിന്റെ സഹായികളെ ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുകയായിരുന്നു.

“അവരുടെ കഥയില്‍ ആശയക്കുഴപ്പം അനുഭവപ്പെട്ടപ്പോഴാണ് ഞങ്ങള്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഫൊറന്‍സിക് പരിശോധന നടത്തിയപ്പോള്‍ അവരുടെ മൊഴികള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്ന് തെളിഞ്ഞു.. ഒടുവില്‍ നേതാവിന് സുരക്ഷ ഏര്‍പ്പെടുത്താനായിരുന്നു എല്ലാം എന്ന് അവര്‍ തുറന്നുപറഞ്ഞു.” ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തന്റെ സുഹൃത്തായ ജ്ഞാനശേഖരന്റെയും മൂത്ത സഹോദരന്റെ മകന്‍ രഞ്ജിത്തിന്റെയും സഹായത്തില്‍ കാളീകുമാര്‍ കാര്‍ കത്തിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന.

” 2016 മുതല്‍ അദ്ദേഹത്തിന് പൊലീസ് സംരക്ഷണമുണ്ട്. ആയുധധാരിയായ ഒരു പൊലീസുകാരന്‍ എപ്പോഴും അയാള്‍ക്ക് അകമ്പടിയുണ്ടായിരുന്നു. ഒരു തവണ മദ്യപിച്ച് ബഹളം വച്ച അയാളെ രക്ഷിക്കേണ്ടി വന്നതോടെയാണ് പൊലീസ് സംരക്ഷണം പിന്‍വലിക്കാന്‍ തീരുമാനമായത്. 2016ല്‍ സമാനമായ നാടകത്തിലൂടെയാണ് കാളീകുമാര്‍ പൊലീസ് സംരക്ഷണം നേടിയത് എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. അതില്‍ ഞങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.” പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട്‌ പറഞ്ഞു.

തമിഴ്നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങള്‍ക്ക് പുറമേ കേരളത്തിലെ രണ്ട് ജില്ലകളിലും സാന്നിധ്യമുള്ള ഹനുമാന്‍ സേനയുടെ നേതാവാണ്‌ കാളീകുമാര്‍. കേരളത്തില്‍ നടന്ന കിസ് ഓഫ് ലവ് പരിപാടിക്ക് നേരെ അക്രമം അഴിച്ചുവിട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ച സംഘടനയാണ് ഹനുമാന്‍ സേന. നേരത്തേ പ്രമോദ് മുത്താലിക്കിന്റെ ശ്രീ രാമാ സേന, ഹിന്ദു ജനജാഗൃതി സമിതി, ശിവസേന എന്നീ സംഘടനകളുമായി ബന്ധമുള്ള ഹിന്ദു മക്കള്‍ കച്ചിയുടെ നേതാവായിരുന്നു കാളീകുമാര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook